രാമകൃഷ്ണ മിഷൻ
ന്യൂഡൽഹി: വിദേശ സംഭാവനാ നിയന്ത്രണ നിയമ ഭേദഗതി ബില്ലിലെ ഭരണഘടനാ വിരുദ്ധമായ ചില വ്യവസ്ഥകളിൽ ആശങ്ക രേഖപ്പെടുത്തി രാമകൃഷ്ണ മിഷനും. ഇതുസംബന്ധിച്ച സംയുക്ത പാർലമെന്ററി സമിതി (ജെപിസി)ക്കു മുന്നിലാണ് ആശങ്ക അറിയിച്ചത്.
രണ്ട് വര്ഷം തുടര്ച്ചയായി വിദേശസംഭാവന പ്രകാരമുള്ള ഫണ്ട് വിനിയോഗം പത്ത് ലക്ഷത്തില് താഴെയായാല് എഫ്സിആര്എ ലൈസന്സ് പുതുക്കാൻ അനുവദിക്കില്ലെന്ന വ്യവസ്ഥ വെല്ലുവിളി ഉയർത്തുന്നതാണെന്ന് രാമകൃഷ്ണ മിഷന് ചൂണ്ടിക്കാട്ടി. കൂടാതെ വിദേശ സംഭാവന ഉപയോഗിച്ചു നിർമിച്ച ആസ്തികൾ ഏറ്റെടുക്കാൻ പ്രത്യേക അഥോറിറ്റിക്ക് അധികാരം നൽകുന്ന വ്യസ്ഥയിലും ഇവർ ആശങ്ക പ്രകടിപ്പിച്ചു.
സമിതി തിങ്കളാഴ്ച സിബിസിഐ, ചാര്ട്ടേഡ് അക്കൗണ്ടന്റ്സ് അസോസിയേഷന് പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊലപാതകക്കേസുകളില് പോലും സുപ്രീംകോടതി വരെ അപ്പീല് നല്കാന് വ്യവസ്ഥയുള്ള നാട്ടില് ഒരു അപ്പീലിനും വ്യവസ്ഥയില്ലാതെ വിദേശ ഫണ്ട് ഉപയോഗിച്ച് ആർജിച്ചെടുത്ത ആസ്തികള് സ്വമേധയാ പിടിച്ചെടുക്കുന്നത് തീര്ത്തും ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് സിബിസിഐ നേരത്തേ വ്യക്തമാക്കിയിരുന്നു.
സംയുക്ത പാര്ലമെന്ററി സമിതി 24 മുതല് 29 വരെ വിവിധ സ്ഥലങ്ങളിൽ സിറ്റിംഗ് നടത്തും. 24ന് മേഘാലയയിലെ ഷില്ലോങ്ങിലാണ് ആദ്യയോഗം. പിന്നീട് ചെന്നൈ, കൊച്ചി, ഗോവ എന്നിവിടങ്ങളിലും സമിതി പര്യടനം നടത്തും. എന്നാൽ, ഇവയുടെ തീയതി നിശ്ചയിച്ചിട്ടില്ല. മേഘാലയയിലെ ഷില്ലോംഗില് മാത്രം സിറ്റിംഗ് നടത്തി പര്യടനം അവസാനിപ്പിച്ച് ശീതകാല സമ്മേളനത്തില് റിപ്പോര്ട്ട് അവതരിപ്പിക്കാനായിരുന്നു സമിതിയിലെ ഭരണകക്ഷിയംഗങ്ങളുടെ നീക്കമെങ്കിലും പ്രതിപക്ഷാംഗങ്ങള് ശക്തിയായി എതിര്ത്തതോടെ നാലിടത്ത് സിറ്റിംഗ് നടത്താൻ അംഗീകരിക്കുകയായിരുന്നു.
കൊച്ചിയിലെ സിറ്റിംഗിൽ കെസിബിസി ഉൾപ്പടെ വിവിധ ക്രൈസ്തവ സഭയുമായി ജെപിസി കൂടിക്കാഴ്ച നടത്തിയേക്കും.
Tags : Deepika DeepikaNewspaper BreakingNews Ramakrishna Mission expresses concern