എന്.എം. സലീം
കോഴിക്കോട്: ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും ശ്രദ്ധേയനായ ആര്ക്കിടെക്ട് എന്.എം. സലീം വിടവാങ്ങിയെങ്കിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില് തലയുയര്ത്തി നില്ക്കുന്ന കോണ്ക്രീറ്റ് സൗധങ്ങള് അദ്ദേഹത്തിന്റെ കരവിരുതിനെ എന്നും വിളംബരം ചെയ്യും. കെട്ടിടങ്ങള്ക്ക് അദ്ദേഹം പകര്ന്ന സൗന്ദര്യശാസ്ത്രപരമായ ആത്മാംശം വേറിട്ടതായിരുന്നു.
കോഴിക്കോട് മിനി ബൈപാസിലെ നികരത്തില് വീട്ടില് എന്.എം. സലീം (76) കേരളത്തിലെയും മറ്റ് ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലെയും ആധുനിക നഗരങ്ങളുടെ മുഖച്ഛായ മാറ്റുന്നതില് നിര്ണായക പങ്ക് വഹിച്ചിട്ടുണ്ട്. കൊച്ചിയിലെ ലേ മെറിഡിയന്, തൃശൂര് ലുലു കണ്വെന്ഷന് സെന്റര്, കോഴിക്കോട് സെന്ട്രല് ലൈബ്രറി, ധനലക്ഷ്മി ബാങ്ക് ഹെഡ്ക്വാര്ട്ടേഴ്സ്, പോര്ട്ട് ബ്ലെയര് എയര്പോര്ട്ട്, സൈബര് പാര്ക്ക് കോഴിക്കോട്, സൈബര്പാര്ക്ക് കണ്ണൂര്, ബംഗളൂരുവിലെ ബെയറിസ് ഗ്ലോബല് റിസര്ച്ച് ട്രയാംഗിള്, കൊച്ചിയിലെ രാജീവ് ഗാന്ധി ഇന്ഡോര് സ്റ്റേഡിയം, പാലാ മാര് സ്ലീവാ മെഡിസിറ്റി, തിരുവല്ല പുഷ്പഗിരി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസ്, കൊച്ചി ലേക് ഷോര് ഹോസ്പിറ്റല് തുടങ്ങിയ കെട്ടിടങ്ങള് രൂപകല്പന ചെയ്തത് എന്.എം. സലീമായിരുന്നു.
ആലപ്പുഴ പട്ടണക്കാട് സ്വദേശിയായ അദ്ദേഹം, 1967-1972 കാലഘട്ടത്തിലാണ് തിരുവനന്തപുരം എന്ജിനിയറിംഗ് കോളജില്നിന്ന് ആര്ക്കിടെക്ചര് ബിരുദം നേടിയത്. പഠനശേഷം കോഴിക്കോട് കേന്ദ്രമാക്കി എന്എം സലീം അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിനു തുടക്കമിട്ടു. കഠിനാധ്വാനവും പുതുമകളോടുള്ള അടങ്ങാത്ത അഭിനിവേശവുംകൊണ്ട് പിന്നീട് ബംഗളൂരുവിലേക്കും ഖത്തര്, യുഎഇ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്കും അദ്ദേഹം തന്റെ സാമ്രാജ്യം വ്യാപിപ്പിച്ചു.
വാസ്തുവിദ്യാ രംഗത്തെ ലോകത്തിലെ ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്നായ അന്താരാഷ്ട്ര ആഗാ ഖാന് അവാര്ഡിനായുള്ള നാമനിര്ദേശ പട്ടികയില് ഒന്നിലധികം തവണ എന്.എം. സലീമിന്റെ പേര് ഉള്പ്പെട്ടിരുന്നു. കൊച്ചി ഗള്ഫാര് കണ്വെന്ഷന് സെന്ററിന്റെ നിര്മാണത്തിന് 2000ത്തിൽ മികച്ച പൊതുകെട്ടിടത്തിനുള്ള ഐഐഎ സ്നോസെം അവാര്ഡും 2009ല് കര്ണാടക ടൗണ് പ്ലാനിംഗ് ബോര്ഡിന്റെ ഗ്രേറ്റ് ആര്ക്കിടെക്ട് അവാര്ഡും അദ്ദേഹത്തെ തേടിയെത്തി.
അഞ്ചര പതിറ്റാണ്ടിലധികം നീണ്ട കരിയറില് നൂറിലധികം പ്രഫഷണലുകളെ നയിച്ച അദ്ദേഹം കോണ്ക്രീറ്റ് തൂണുകളിലും ഗ്ലാസ് വാളുകളിലും തന്റെ പേര് അനശ്വരമാക്കിയാണു വിടവാങ്ങിയത്.
Tags : Deepika DeepikaNewspaper BreakingNews The architect of concrete edifices