ഇന്ത്യന് താരങ്ങളായ അര്ഷദീപ് സിംഗ്, രവി ബിഷ്ണോയ്, നമാന് ധിര് എന്നിവര് ഇന്നലെ ഹൈദരാബാദ് വിമാനത്താവളത്തില് ടീമിനൊപ്പം ഇറങ്ങിയപ്പോള്.
ഹൈദരാബാദ്: ഇന്ത്യ x വെസ്റ്റ് ഇന്ഡീസ് അഞ്ചു മത്സര ട്വന്റി-20 ക്രിക്കറ്റിലെ മൂന്നു പോരാട്ടങ്ങള് അവസാനിച്ചു. വടക്ക് (ലക്നോ) ആരംഭിച്ച് കിഴക്കിനെ (റാഞ്ചി) പുണര്ന്നശേഷം മധ്യത്തിലെത്തി (ഇന്ഡോര്). ഇനി പോരാട്ടം തെക്കോട്ടു തിരിഞ്ഞു (ഹൈദരാബാദ്, ബംഗളൂരു). ലക്നോവില് എട്ടു വിക്കറ്റ് ജയം നേടിയ ഇന്ത്യക്കു റാഞ്ചിയില് ആറു വിക്കറ്റിനു കാലിടറി.
എന്നാല്, ഇന്ഡോറില് 14 റണ്സിനു തിരിച്ചടിച്ച് പരമ്പരയില് 2-1ന്റെ ലീഡ് സ്വന്തമാക്കിയാണ് ടീം ഇന്ത്യ ഹൈദരാബാദില് ഇറങ്ങിയിരിക്കുന്നത്. ഇന്നു ജയിച്ചാല് ഇന്ത്യക്കു പരമ്പര സ്വന്തമാക്കാം. ഫലം മറിച്ചായാല് പരമ്പര 2-2ലേക്ക് കരുത്തുറ്റതാകും. അങ്ങനെയെങ്കില് ബംഗളൂരുവില് 17നു നടക്കുന്ന അഞ്ചാം ട്വന്റി-20 ആകും പരമ്പര ആര്ക്കെന്നു നിശ്ചയിക്കുക.
ഹൈദാരാബാദിൽ രാത്രി ഏഴിനാണ് മത്സരം. സ്റ്റാർസ്പോർട്സ് നെറ്റ്വർക്കിലും ജിയൊഹോട്ട്സ്റ്റാറിലും തത്സമയം കാണാം.
ബാറ്റിംഗ് പറുദീസ
പരമ്പരയിലെ മറ്റൊരു ബാറ്റിംഗ് പറുദീസയാണ് ഹൈദരാബാദിലെ സ്റ്റേഡിയം. ലക്നോവിലെ ആദ്യമത്സരത്തില് (172) ഒഴിച്ച്, തുടര്ന്നുള്ള രണ്ടു മത്സരങ്ങളിലും (249, 223) ഇന്ത്യ 200നു മുകളില് സ്കോര് ചെയ്തിരുന്നു. ഹൈദരാബാദില് 200നു മുകളില് സ്കോര് പിന്തുടര്ന്നു ജയിക്കുന്നത് സാധാരണമാണ്. 2024ല് ബംഗ്ലാദേശിനെതിരേ ഇന്ത്യ ഇവിടെ 297 റണ്സ് അടിച്ചെടുത്തിരുന്നു. ഐസിസി ഫുള് മെംബര് ടീമുകള് ഏറ്റുമുട്ടിയതിലെ ഏറ്റവും ഉയര്ന്ന രണ്ടാമതു സ്കോറാണിതെന്നതും ചരിത്രം.
അഭിഷേകിന്റെ ഇടം
ഐപിഎല് ട്വന്റി-20 ക്രിക്കറ്റില് ഏറ്റവും വലിയ ആക്രമണകാരികളായ സണ്റൈസേഴ്സ് ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടാണ് ഇന്നത്തെ വേദി. സണ്റൈസേഴ്സിന്റെ ഹിറ്റര്മാരില് പ്രധാനിയായ അഭിഷേക് ശര്മ ഇന്ത്യയുടെ വിശ്വസ്ത ഓപ്പണറായി ടീമിലുണ്ട്. മൂന്നാം ട്വന്റി-20യില് അഭിഷേക് ശര്മയായിരുന്നു (30 പന്തില് 69) ഇന്ത്യയുടെ ടോപ് സ്കോറര്.
റാഞ്ചിയില് ഇന്ത്യക്കു 249 റണ്സ് പ്രതിരോധിക്കാന് സാധിച്ചില്ലെന്നതു സംശയങ്ങള് ഉയര്ത്തിയിരുന്നു. എന്നാല്, ഇന്ഡോറില് 223 പ്രതിരോധിച്ച് ഇന്ത്യ ജയം നേടി. ആ ആത്മവിശ്വാസമാണ് ഹൈദരാബാദില് എത്തുമ്പോള് ശ്രേയസ് അയ്യറിനും സംഘത്തിനുമുള്ളത്. റാഞ്ചിയില് സെഞ്ചുറി നേടിയ റോസ്റ്റണ് ചേസാണ് വെസ്റ്റ് ഇന്ഡീസിന്റെ ബാറ്റിംഗ് നെടുംതൂണ്. ഒപ്പം ഷെര്ഫെയ്ന് റൂഥര്ഫോഡും ഉണ്ട്. കാമില് പുരാന് ഇതുവരെ വിശ്വാസം ആര്ജിക്കാന് സാധിച്ചിട്ടില്ല. ഇന്ഡോറില് കളിക്കാതിരുന്ന റൊമാരിയൊ ഷെപ്പേര്ഡ് ഇന്നു വിന്ഡീസിനൊപ്പം ഉണ്ടായേക്കും.
റാഞ്ചിയിലെ മിന്നും ബാറ്റിംഗിനുശേഷം മലയാളി വിക്കറ്റ് കീപ്പര് സഞ്ജു സാംസണ് മൗനത്തിലായി. ഇന്ഡോറില് ആറു പന്തില് മൂന്നു റണ്സ് മാത്രമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. 9, 7, 2, 11 എന്നിങ്ങനെയുള്ള പ്രകടനത്തിനുശേഷമായിരുന്നു സഞ്ജു റാഞ്ചിയില് 41 പന്തില് 82 റണ്സ് നേടിയത്.
Tags : Deepika DeepikaNewspaper BreakingNews India vs. West Indies 4th T20 Match