പ്രതീകാത്മക ചിത്രം
റിയാദ്: സൗദി നേതൃത്വത്തിലുള്ള സഖ്യസേന യെമൻ തലസ്ഥാനമായ സനായിൽ വ്യോമാക്രമണം നടത്തി. സനായുടെ പ്രാന്തപ്രദേശത്തുള്ള യെമൻ പെട്രോളിയം കമ്പനിയുടെ ഇന്ധന ഡിപ്പോയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സൗദി അറേബ്യയ്ക്കും അന്താരാഷ്ട്ര ജലപാതകൾക്കും ഭീഷണിയാകുന്ന ഹൂതികളുടെ സൈനിക നീക്കം തടയുന്നതിന്റെ ഭാഗമായാണ് ആക്രമിച്ചതെന്ന് സഖ്യസേന വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചകളിലായി സൗദിയിലെ വിവിധ വിമാനത്താവളങ്ങൾക്ക് നേരെ ഹൂതികൾ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. റിയാദ് വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ബാലസ്റ്റിക് മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് സൗദി സായുധ സേന യെമനിൽ തിരിച്ചടി ശക്തമാക്കിയിരിക്കുന്നത്. മിസൈലുകളും ഡ്രോണുകളും സൂക്ഷിക്കാനും വിതരണം ചെയ്യാനുമാണ് ഹൂതികൾ ഈ കേന്ദ്രങ്ങൾ ഉപയോഗിക്കുന്നതെന്ന് സഖ്യസേന കുറ്റപ്പെടുത്തി.
എന്നാൽ, സനായിലെ ആക്രമണത്തിന് കനത്തതും വേദനാജനകവുമായ തിരിച്ചടി നൽകുമെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരി മുന്നറിയിപ്പ് നൽകി. സൗദി അരാംകോയുടെ ആസ്ഥാനവും റിയാദിലെ റിഫൈനറിയും അടക്കമുള്ളവ ലക്ഷ്യമിടുമെന്നും സൗദിയിലെ എണ്ണക്കമ്പനി ജീവനക്കാർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിനിൽക്കണമെന്നും ഹൂതികൾ വീണ്ടും ആവശ്യപ്പെട്ടു.
Tags : Saudi Coalition Airstrikes Yemen Fuel Depot Houthis Retaliation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash