സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
തിരുവനന്തപുരം: ആരോഗ്യ കാരണങ്ങളാൽ അല്ലാതെ വാക്കിംഗ് സ്റ്റിക്ക് പോലും സഭയിൽ കൊണ്ടുവരാൻ പാടില്ലെന്നിരിക്കെ ഫൈബർ ലാത്തി പോലുള്ള വസ്തുക്കൾ സഭയിൽ കൊണ്ടുവന്നു പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ റൂളിംഗ്.
അംഗങ്ങളുടെ പെരുമാറ്റച്ചട്ടം 3 (XI) പ്രകാരം സഭയിൽ ആയുധങ്ങൾ കൊണ്ടുവരാനോ പ്രദർശിപ്പിക്കാനോ പാടില്ല. കഴിഞ്ഞ ദിവസം വി. ജോയി കറുത്ത നിറത്തിലുള്ള പിടി ഭാഗം ഒടിഞ്ഞ ഒരു ഫൈബർ ലാത്തി സഭയിൽ പ്രദർശിപ്പിച്ച നടപടിയുമായി ബന്ധപ്പെട്ടാണ് റൂളിംഗ്.വി. ജോയി കൊണ്ടുവന്ന ഫൈബർ ലാത്തി സ്പീക്കർ വാച്ച് ആൻഡ് വാർഡിനെ ഏൽപിച്ചിരുന്നു.
നിരോധിതവസ്തു സഭയിൽ കൊണ്ടുവന്നതിൽ ഖേദം പ്രകടിപ്പിച്ച് സ്പീക്കർ
ഫൈബർ ലാത്തി സഭയിൽ കൊണ്ടുവന്നതിൽ റൂളിംഗ് നടത്തുന്നതിനിടെ താൻ പ്രതിപക്ഷത്തായിരിക്കേ നിരോധിത വസ്തു സഭയിൽ കൊണ്ടുവന്നതിൽ ഖേദപ്രകടനം നടത്തി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. 1997ലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ രണ്ടു കുപ്പി ബിയർ സഭയിൽ കൊണ്ടുവന്നത്. ബിയറിലെ ആൽക്കഹോളിന്റെ അളവ് നിശ്ചയിച്ച പരിധിയിലും കൂടുതലാണെന്നു കാണിക്കാനായിരുന്നു ബിയർ സഭയിൽ കൊണ്ടുവന്നത്.
ഇപ്പോൾ എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾക്കു നേർക്കുള്ള പൊലിസ് അതിക്രമം ചൂണ്ടിക്കാട്ടാനാണ് വി. ജോയി ഒടിഞ്ഞ ഫൈബർ ലാത്തിയുമായി കഴിഞ്ഞ ദിവസം സഭയിലെത്തിയത്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate