കൊച്ചി: എറണാകുളം മാര്‍ക്കറ്റിലെ കടവുഭാഗം സിനഗോഗിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ അറസ്റ്റിലായ പ്രതിക്കു തീവ്രവാദ ഗ്രൂപ്പുമായി ബന്ധം സംശയിച്ച് പൊലിസ്. സംഭവത്തില്‍ കഴിഞ്ഞ ദിവസം പുത്തന്‍കുരിശ് ഐക്കരനാട് സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പൊലിസ് പുറത്തുവിട്ടിട്ടില്ല.
അതിനിടെ ഇയാള്‍ക്കു തീവ്രവാദ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണു വിവരം. ഇയാളുടെ വീട്ടില്‍നിന്നു രാസലഹരിയും പൊലിസ് കണ്ടെത്തി. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളും പ്രതിയെ ചോദ്യംചെയ്തു. എബിൻ പോൾ എന്നയാളെ പിടികൂടിയെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പോലീസ് പിന്നീടത് സ്ഥിരീകരിച്ചില്ല.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളം മാര്‍ക്കറ്റിനുള്ളിലെ സിനഗോഗിനു മുന്‍വശത്ത് തീവയ്ക്കുകയായിരുന്നു. സിനഗോഗിന്റെ മാനേജിംഗ് ട്രസ്റ്റി പരിപാലിക്കുന്ന ഹോര്‍ട്ടികള്‍ച്ചര്‍ നഴ്സറിയുടെ ബാനറുകകളും ഫ്ലക്സുകളുമാണ് പെട്രോളൊഴിച്ച് കത്തിച്ചത്. കാറില്‍ വന്ന പ്രതി വാഹനം മാറ്റിയിട്ടാണ് സിനഗോഗിനടുത്തേക്ക് എത്തിയത്.
തുടർന്ന് കൈയിലിരുന്ന കാനിലെ പെട്രോള്‍ നഴ്സറിയിലേക്ക് മുഴുവനായി ഒഴിച്ചു. തുടര്‍ന്ന് മാറിനിന്ന് തീ എറിഞ്ഞു. ഇതെല്ലാം സ്വയം വീഡിയോയില്‍ പകര്‍ത്തിയശേഷം അവിടെനിന്നും കടക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ വാഹനമേതെന്നു മനസിലാക്കി അതുവഴി പ്രതിയുടെ വീട് കണ്ടെത്തി അവിടെനിന്നു പിടികൂടുകയായിരുന്നു.
Tags : Synagogue Attack Police Suspect Terror Links Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash