മന്ത്രി മോൻസ് ജോസഫ്.
തിരുവനന്തപുരം: കൊച്ചിയിലെ കുടിവെള്ള വിതരണം അട്ടിമറിക്കാൻ ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായും അനാസ്ഥ കാട്ടുന്ന ഇത്തരം ഉദ്യോഗസ്ഥർക്കെതിരേ കടുത്ത നടപടി ഉടനുണ്ടാകുമെന്നും മന്ത്രി മോൻസ് ജോസഫ്. ഇവരോടു വിശദീകരണം ചോദിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറയിൽ മലിനജലം കലർന്ന കുടിവെള്ളം വിതരണം ചെയ്ത സംഭവത്തിലും കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പരമാവധി വേഗത്തിൽ കൊച്ചിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ എംഎൽഎമാരെയും ഉദ്യോഗസ്ഥരെയും ഒരുമിപ്പിച്ച് യോഗം വിളിക്കും.
190 എംഎൽഡി ശേഷിയുള്ള ആലുവ ശുദ്ധീകരണ പ്ലാന്റ് നിർമിച്ചാൽ മാത്രമേ കൊച്ചിയിലെ ശുദ്ധജല വിതരണം പൂർണമായി പരിഹരിക്കാനാകൂവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ജലവിഭവ മന്ത്രിക്കെതിരേ സബ്മിഷനിൽ നിയമസഭയിൽ ആഞ്ഞടിച്ച് രണ്ടു കോണ്ഗ്രസ് എംഎൽഎമാർ രംഗത്തെത്തി. ടി.ജെ. വിനോദും മുഹമ്മദ് ഷിയാസുമാണ് മന്ത്രി മോൻസ് ജോസഫിനെതിരേ വിമർശനമുന്നയിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന്റെ രൂക്ഷത വർധിച്ചതെന്നും യുഡിഎഫിനെ അധികാരത്തിലേറ്റി വെള്ളവും കിട്ടാതായെന്നാണ് ജനങ്ങൾ പറയുന്നതെന്നും ടി.ജെ. വിനോദ് കുറ്റപ്പെടുത്തി.
വെള്ളത്തിനു പകരം കാറ്റാണ് വരുന്നത്. ജനം തൃപ്തരല്ല. എഡിബി പദ്ധതിയുടെ ടെൻഡർ നടപടി പൂർത്തിയാക്കാൻ രണ്ടുവർഷം വരെയെടുക്കും.നഗരത്തിലെ ജനങ്ങളോടു രണ്ടു വർഷം കാത്തിരിക്കാൻ പറയാനാകുമോയെന്നും വിനോദ് പറഞ്ഞു.
Tags : Deepika DeepikaNewspaper BreakingNews Minister alleges attempt to sabotage drinking water