മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ
സനാ: യെമനിൽ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനനഗരമായ സനായിൽ സൗദി പിന്തുണയുള്ള ഔദ്യോഗികസേന വ്യോമാക്രമണം നടത്തി. നഗരത്തിൽ ഉഗ്രസ്ഫോടനശബ്ദങ്ങൾ കേട്ടു. പടിഞ്ഞാറൻ സനായിലെ എണ്ണവ്യവസായ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് രണ്ടുതവണ വ്യോമാക്രമണം ഉണ്ടായെന്ന് ഹൂതികൾ അറിയിച്ചു.
സനായിലിലെ ‘യെമൻ പെട്രോളിയം’ കന്പനി കേന്ദ്രങ്ങൾ ആക്രമിക്കുമെന്നും ഇതിനോടു ചേർന്നുള്ള സിവിലിയന്മാർ ഒഴിഞ്ഞുപോകണമെന്നും സൗദി സഖ്യസേന നേരത്തേ മുന്നറിയിപ്പു നല്കിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യോമാക്രമണമുണ്ടായത്. ഹൂതി നിയന്ത്രണത്തിലുള്ള ഹൊദെയ്ദയിലെ റാസ് ഈസ മേഖലയിലും ഇന്നലെ വ്യോമാക്രമണം ഉണ്ടായി.
സൗദിയെ ആവർത്തിച്ച് ആക്രമിച്ച ഹൂതികൾ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് സൗദി ഭരണനിയന്താവായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്നലെ പറഞ്ഞു.യെമനി ഔദ്യോഗിക ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള തെയ്സിൽ ഹൂതികൾ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുട്ടി അടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു.
സനായിൽ ആക്രമണം നടത്തിയാൽ സൗദി എണ്ണ ഭീമനായ അരാംകോ കന്പനിയെ ലക്ഷ്യമിടുമെന്ന് ഹൂതി വിമതർ നേരത്തേ ഭീഷണി മുഴക്കിയിരുന്നു. അരാംകോയിലെ ജീവനക്കാരും സ്ഥാപനത്തിനു സമീപമുള്ള സിവിലിയന്മാരും ഒഴിഞ്ഞുപോകണമെന്ന് ഹൂതി വക്താവ് യഹ്യ സാരീ പ്രസ്താവനയിൽ നിർദേശിച്ചു.
ഇതിനിടെ, മിസൈൽ-ഡ്രോൺ ആക്രമണസാധ്യത ഉള്ളതിനാൽ സൗദിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക പൗരന്മാർക്ക് നിർദേശം നല്കി. യെമനിലേക്കുള്ള യാത്ര ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാന്റെ പിന്തുണയുള്ള ഹൂതികളും സൗദിയുടെ പിന്തുണയുള്ള യെമനിലെ ഔദ്യോഗിക ഭരണകൂട സേനയും തമ്മിലുള്ള സംഘർഷത്തിന് ഉടൻ അയവുണ്ടാകില്ലെന്നാണ് സൂചന.
അമേരിക്കയുടെയും ഇസ്രയേലിന്റെ ആക്രമണം നേരിട്ട ഇറാനു പിന്തുണ പ്രഖ്യാപിച്ച് യുദ്ധത്തിൽ ചേർന്ന ഹൂതികൾ സൗദിയിലേക്ക് നിരന്തരം ഡ്രോണുകളും മിസൈലുകളും തൊടുക്കുന്നുണ്ട്. ഏതാനും ദിവസം മുന്പ് സൗദി തലസ്ഥാനമായ റിയാദിലെ കിം ഖാലിദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു.
Tags : Deepika DeepikaNewspaper BreakingNews Mohammed bin Salman issues