അഭിഷേക് പി. നായര്ക്കു സെഞ്ചുറി
ജംഷഡ്പുര്: രഞ്ജി ട്രോഫി ക്രിക്കറ്റില് ജാര്ഖണ്ഡിനെതിരേ കേരളത്തിന്റെ ഓപ്പണര് അഭിഷേക് പി. നായര്ക്കു സെഞ്ചുറി. 204 പന്തില് അഞ്ചു സിക്സും 10 ഫോറും അടക്കം അഭിഷേക് 126 റണ്സ് സ്വന്തമാക്കി.
ജാര്ഖണ്ഡിന്റെ ഒന്നാം ഇന്നിംഗ്സ് 587വരെ നീണ്ടിരുന്നു. മൂന്നാംദിനം മത്സരം നിര്ത്തുമ്പോള് കേരളം ഒന്നാം ഇന്നിംഗ്സില് ആറു വിക്കറ്റ് നഷ്ടത്തില് 269 റണ്സ് എടുത്തു. 17 റണ്സുമായി സല്മാന് നിസാറും 13 റണ്സുമായി ആദിത്യ സര്വതെയുമാണ് ക്രീസില്. നാലു വിക്കറ്റ് കൈയിലിരിക്കേ 318 റണ്സ് പിന്നിലാണു കേരളം.
ഒരു ഘട്ടത്തില് രണ്ട് വിക്കറ്റിന് 224 റണ്സെന്ന ശക്തമായ നിലയിലായിരുന്ന കേരളത്തിന്, അവസാന സെഷനില് വീണ നാല് വിക്കറ്റുകളാണ് തിരിച്ചടിയായത്. ഇന്നിംഗ്സ് തുറന്ന രോഹന് കുന്നുമ്മലും അഭിഷേക് പി. നായരും ചേര്ന്നു മികച്ച തുടക്കം നല്കി. രോഹന് പതിവ് ശൈലിയില് മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞപ്പോള് കരുതലോടെയുള്ള തുടക്കമായിരുന്നു അഭിഷേകന്റേത്.
സ്കോര് 83ല് നില്ക്കെ 47 പന്തില് 44 റണ്സുമായി രോഹന് മടങ്ങി. ഉത്കര്ഷ് സിംഗിന്റെ പന്തില് സുഷാന്ത് മിശ്ര ക്യാച്ചെടുത്താണ് രോഹന് പുറത്തായത്. തുടര്ന്നെത്തിയ സച്ചിന് ബേബിയും (106 പന്തില് 35) അഭിഷേകും ചേര്ന്ന് 121 റണ്സ് കൂട്ടിച്ചേര്ത്തു. ഇതിനിടയില് അഭിഷേക് രഞ്ജി ട്രോഫിയിലെ ആദ്യസെഞ്ചുറി സ്വന്തമാക്കി. ആദിത്യ സിംഗിനെ സിക്സര് പറത്തിയായിരുന്നു അഭിഷേക് ശതകത്തിലെത്തിയത്.
അവസാന സെഷനില് നാലു വിക്കറ്റുകൂടി വീണത് കേരളത്തിനു തിരിച്ചടിയായി. 126 റണ്സെടുത്ത അഭിഷേക് പി. നായരെ മനോഹരമായൊരു റിട്ടേണ് ക്യാച്ചിലൂടെ മനീഷി പുറത്താക്കി. ക്യാപ്റ്റന് വിഷ്ണു വിനോദും (43 പന്തില് 15) മുഹമ്മദ് അസറുദ്ദീനും (0) അടുത്തടുത്ത പന്തുകളില് പുറത്തായി. പിന്നാലെ ജലജ് സക്സേനയും (7) ഗാലറിയിലെത്തി. ജാര്ഖണ്ഡിന് വേണ്ടി ഉത്കര്ഷ് സിംഗ് മൂന്നും മുഹമ്മദ് കുനൈന് ഖുറേഷി രണ്ടും വിക്കറ്റ് സ്വന്തമാക്കി.
Tags : Deepika DeepikaNewspaper BreakingNews Cheers for Abhishek