കിം ജോംഗ് ഉന്ന് ഭാര്യ റി സോൾ ജു, മകൾ ജു എയി എന്നിവർക്കൊപ്പം മ്യൂസിയത്തിൽ.
പ്യോഗ്യാംഗ്: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ച നടത്താൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ആഗ്രഹം പ്രകടിപ്പിച്ചതിനിടെ അമേരിക്ക വരെ എത്താവുന്ന മിസൈൽ പ്രദർശിപ്പിച്ചിരിക്കുന്ന മ്യൂസിയം കിം ജോംഗ് ഉൻ ഉദ്ഘാടനം ചെയ്ത വാർത്ത പുറത്തുവിട്ട് ഉത്തരകൊറിയ.
കിമ്മിന്റെ ഭരണകാലത്ത് വികസിപ്പിച്ച മിസൈലുകളാണു പ്യോഗ്യാംഗിലെ ഡിഫൻസ് റെവല്യൂഷൻ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. അമേരിക്കവരെ എത്താവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഹ്വാംസോഗ്-20ഉം ഇവിടെയുണ്ട്. ഞായറാഴ്ച ഭാര്യ റി സോൾ ജു, മകൾ ജു എയി എന്നിവർക്കൊപ്പമാണ് കിം മ്യൂസിയത്തിലെത്തി ഉദ്ഘാടനം ചെയ്തത്. തുടർന്ന് ആയുധങ്ങൾ നോക്കിക്കണ്ടു.
അടുത്തമാസം കിമ്മുമായി കൂടിക്കാഴ്ചയ്ക്കു സാധ്യതയുണ്ടെന്നാണു ട്രംപ് കഴിഞ്ഞദിവസം അറിയിച്ചത്. ചൈനയിൽ നടക്കുന്ന ഏഷ്യ-പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്താനാണു ട്രംപ് ആഗ്രഹിക്കുന്നത്.
ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് കിം ജോംഗ് ഉൻ മ്യൂസിയം സന്ദർശിച്ച വാർച്ച ഉത്തരകൊറിയ പുറത്തുവിടുന്നത്.
Tags : Deepika DeepikaNewspaper BreakingNews Trump keen on a meeting