സിപിഎമ്മും കോക്രോച്ച് ജനതാ പാർട്ടിയും
ന്യൂഡൽഹി: ജന്തർ മന്തറിനെ ഡൽഹിയിലെ ഔദ്യോഗിക പ്രതിഷേധവേദികളിൽനിന്ന് ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടിയെ അപലപിച്ച് സിപിഎമ്മും കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി).
വിയോജിപ്പുകളോടുള്ള കേന്ദ്രസർക്കാരിന്റെ വർധിച്ചുവരുന്ന അസഹിഷ്ണുതയും സമാധാനപരമായ പ്രതിഷേധമെന്ന ഭരണഘടനാപരമായ അവകാശത്തോടുള്ള അവജ്ഞയും പ്രതിഫലിപ്പിക്കുന്ന, തികച്ചും ജനാധിപത്യവിരുദ്ധവും ഏകാധിപത്യപരവുമായ നടപടിയാണിതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പറഞ്ഞു.
ജന്തർ മന്തറിൽ പ്രതിഷേധത്തിനായി അനുമതി തേടി സിജെപി നേതാക്കൾ പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷൻ സന്ദർശിച്ച ദിവസംതന്നെയാണ് ജന്തർ മന്തറിനെ പ്രതിഷേധവേദിയിൽനിന്ന് ഒഴിവാക്കിയതെന്നു സിജെപി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. നിരവധി പൊതുസമരങ്ങളുടെ പ്രധാന വേദിയായി പതിറ്റാണ്ടുകളായി ജന്തർ മന്തർ പ്രവർത്തിച്ചുവരികയാണ്. കേന്ദ്രത്തിന്റെ നീക്കം തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുനിന്ന് സമരങ്ങളെ അകറ്റും. ഇത് പൊതുജനങ്ങളുടെ വിയോജിപ്പിനെ കാണാമറയത്താക്കുമെന്നും സിജെപി പറഞ്ഞു.
രാംലീല മൈതാൻ, ബുരാരി ഗ്രൗണ്ട്, സിബിഡി ഗ്രൗണ്ട് എന്നീ വേദികൾ ജന്തർ മന്തറിനു പകരം സമരം ചെയ്യാനുള്ള സ്ഥലങ്ങളായി അനുവദിച്ചത് രാഷ്ട്രീയ അധികാര കേന്ദ്രങ്ങളിൽനിന്ന് ജനകീയ പ്രതിഷേധങ്ങളെ അകറ്റിനിർത്താനും അതുവഴി അവയുടെ ദൃശ്യതയും പ്രാപ്യതയും സാമീപ്യവും ഇല്ലാതാക്കാനുമാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ പ്രതികരിച്ചു.
Tags : Deepika DeepikaNewspaper BreakingNews CPM and CJP oppose protest ban