സിഎജി കണ്ടെത്തൽ
തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര പദ്ധതികളിൽ കോടികളുടെ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ട്. 2023-24 കാലഘട്ടത്തിൽ നടപ്പാക്കിയ 642 വിനോദസഞ്ചാര പദ്ധതികളിൽ 1319.59 കോടി രൂപ പദ്ധതിച്ചെലവുള്ള 181 പദ്ധതികളെ സാന്പിളിംഗിനായി വിശദ ഓഡിറ്റിന് തെരഞ്ഞെടുത്തപ്പോഴാണ് ക്രമക്കേട് ബോധ്യമായത്.
സാധ്യതാ പഠനങ്ങളുടെ അഭാവം, നിയമപരമായ അംഗീകാരങ്ങൾ ഇല്ലാതെയുള്ള നടപടി, ഭൂമി ലഭ്യത ഉറപ്പാക്കാതെ പ്രവൃത്തി ആരംഭിക്കൽ തുടങ്ങിയ പോരായ്മകളും കണ്ടെത്തി.
* സാധ്യതാപഠനം നടത്താതെ തുടങ്ങിയ കണ്ണൂർ പയ്യാന്പലം അഡ്വഞ്ചർ പാർക്ക് പദ്ധതിയിൽ 51 ലക്ഷം രൂപ ചെലവഴിച്ചിട്ടും ഇപ്പോഴും അപൂർണമായി തുടരുന്നു.
* ആമയിഴഞ്ചാൻ തോട് പുനരുദ്ധാരണ പദ്ധതിയിൽ നെല്ലിക്കുഴി കാർട്ടബിൾ പാലം പദ്ധതിയിൽ 2.10 കോടി ചെലവിൽ പൂർത്തിയാക്കിയിട്ടും അപ്രോച്ച് റോഡ് നിർമിക്കാത്തതിനാൽ തുറക്കാനാകുന്നില്ല.
* മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ ബൈപാസിന്റെ സൗന്ദര്യവത്കരണം പദ്ധതിക്കായി 1.16 കോടി രൂപ ചെലവഴിച്ച് വൈദ്യുതോപകരണങ്ങൾ വാങ്ങിയത് ഉപേക്ഷിക്കേണ്ടി വന്നു.
* ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലിന്റെ നേതൃത്വത്തിലുള്ള പള്ളിപ്പുറം കോട്ട, വലിയപള്ളി, അഴീക്കോട്, തിരുവഞ്ചിക്കുളം, കുറ്റിച്ചിറ എന്നിവിടങ്ങളിൽ ബോട്ട് ജെട്ടികളുടെ നിർമാണത്തിന് 2.25 കോടി രൂപ ചെലവഴിച്ചിട്ടും ബോട്ട് സർവീസ് ആരംഭിച്ചിട്ടില്ല.
* കുന്നംകുളം കാക്കത്തുരുത്ത്, കിളിപ്പാടം പക്ഷിനിരീക്ഷണ സങ്കേത ഇക്കോ ടൂറിസം വികസനം തൃശൂർ പദ്ധതി നടപ്പാക്കാൻ വെള്ളക്കെട്ടുള്ള വയൽ തെരഞ്ഞെടുത്തതിനാൽ പദ്ധതി ഭാഗികമായി ഉപേക്ഷിക്കേണ്ടിവന്നു.
* മലനാട്- മലബാർ റിവർ ക്രൂയിസ് പദ്ധതിയിൽ 3.74 കോടി രൂപ ചെലവിൽ വാങ്ങിയ നാലു ബോട്ടുകൾ ഉപയോഗശൂന്യം.
കെഎസ്ടിപി റോഡ് പണിയിലും...
തിരുവനന്തപുരം: മഹാപ്രളയങ്ങൾക്കു ശേഷം പുനർനിർമാണത്തിനായി തുടങ്ങിയ റീബിൽഡ് കേരള ഇൻഷ്യേറ്റീവിനു കീഴിൽ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (കെഎസ്ടിപി) മുഖേന നടപ്പാക്കിയ റോഡ് നിർമാണ പ്രവൃത്തികളിൽ ക്രമക്കേടെന്ന് സിഎജിയുടെ കണ്ടെത്തൽ. മുൻ സർക്കാരിന്റെ കാലത്തെ നിർമാണപ്രൃത്തികളിലാണ് ക്രമക്കേട് കണ്ടെത്തിയത്.
* 2020ൽ 100.43 കോടി രൂപയ്ക്ക് കരാറുകാരന് കെഎസ്ടിപി അനുവദിച്ച ഉരവച്ചാൽ- മരുതായ് റോഡ് നിർമാണപ്രവൃത്തി 93.67 കോടി രൂപയ്ക്ക് ഉപകരാർ നൽകി.
* ആലപ്പുഴ-ചങ്ങനാശേരി റോഡ് (എസി റോഡ്) നിലവാരമുയർത്തൽ പ്രവൃത്തിയിലും വൻ ക്രമക്കേട്. 28.22 കോടി രൂപയുടെ അധിക സാന്പത്തിക ആനുകൂല്യം കരാറുകാരനു ലഭിച്ചു.
* കൊയിലാണ്ടി- എരഞ്ഞിമാവ് റോഡ് പ്രവൃത്തിയിൽ നിശ്ചിത കാലയളവിൽ മഴവെള്ള സംഭരണം പൂർത്തിയാകാതെ പ്രവൃത്തി പൂർത്തീകരണ സർട്ടിഫിക്കറ്റുകൾ നൽകിയതു വഴി 4.91 കോടി രൂപയുടെ ബോണസ് നൽകേണ്ടിവന്നു.
അനുബന്ധ റോഡില്ലാതെ 2.59 കോടി രൂപ ചെലവിൽ തൃശൂർ കേച്ചേരിയിൽ ആളൂർ നദിക്കു പാലം നിർമിച്ചത് ഉപയോഗശൂന്യമാകാൻ ഇടയാക്കി.
* ബിറ്റുമിനസ് മക്കാഡം ലെയറിൽ രേഖപ്പെടുത്തിയ അളവുകളിൽ കൃത്രിമം കാട്ടുകയും തെറ്റായി അവതരിപ്പിക്കുകയും ചെയ്തതിന്റെ ഭാഗമായി കരാറുകാർക്ക് 1.35 കോടി രൂപ പൊതുമരാമത്ത് വകുപ്പ് അധികമായി നൽകി.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Irregularities worth crores