District News
നെടുമങ്ങാട്: ക്ഷീരവികസന യൂണിറ്റ് അരുവിക്കര ക്ഷീരോത്പാതക സഹകരണ സംഘം അരുവിക്കര ക്ഷീരോത്പാദക സംഘത്തിൽ കർഷക സമ്പർക്ക പരിപാടി അരുവിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. വിജയൻ നായർ ഉദ്ഘാടനം ചെയ്തു. അരുവിക്കര ക്ഷീരസംഘം പ്രസിഡന്റ് ഡോ. ഇ.കെ. ഈശ്വരൻ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് ക്ഷീരവികസന ഓഫീസർ എം.എസ്. സാബു ക്ലാസെടുത്തു. ക്ഷീര സംഘം വൈസ് പ്രസിഡന്റ് സുധ ക്ഷീരസംഘം സെക്രട്ടറി പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.
District News
പെരിന്തൽമണ്ണ : പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച ജില്ലയിലെ വില്ലേജുകളിലെ കർഷകരുടെ ആശങ്കകൾ അടിയന്തരമായി പരിഹരിക്കണമെന്നും കൃഷി ചെയ്ത് ജീവിക്കാനുള്ള കർഷകരുടെ അവകാശം സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കേരള കോണ്ഗ്രസ് പെരിന്തൽമണ്ണ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗം യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എം.വി. വർഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം രാജുചാക്കോ, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി തേജസ് കറുകയിൽ, സംസ്ഥാന കമ്മിറ്റി അംഗം പി.ടി. തോമസ് പാറത്തറ, ജില്ലാ സെക്രട്ടറി വി.കെ. ഗോവിന്ദൻ ഉണ്ണി, ജില്ലാ ട്രഷറർ തോമസ് കൊക്കപ്പുഴ, വനിത കോണ്ഗ്രസ് ജില്ലാ ട്രഷറർ ലിസമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.
District News
കോഴിക്കോട്: മികച്ച വിദ്യാര്ഥി കര്ഷകനുള്ള കൃഷിഭവന്റെ അവാര്ഡ് സിയോണ് സ്മിജുവിന്. ചെറുവണ്ണൂര് നല്ലളം കൃഷിഭവനാണ് ഏറ്റവും നല്ല മികച്ച വിദ്യാര്ഥി കര്ഷകനായി സിയോണിനെ തെരഞ്ഞെടുത്തത്.
കൃഷിഭവന്റെ ആദരവ് സിമോണ് ഏറ്റുവാങ്ങി. കൃഷിയാണ് മനുഷ്യജീവന്റെ അടിസ്ഥാന ഘടകമെന്ന് സിയോണ് മറുപടി പ്രസംഗത്തില് പറഞ്ഞു. കുണ്ടായിത്തോട് ആന്സിറ്റ്-സ്മജു ദമ്പതികളുടെ രണ്ടാമത്തെ മകനായ സിയോണ് കുണ്ടായിത്തോട് സെന്റ് ഫ്രാന്സിസ് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്ഥിയാണ്.
District News
ചെറുതോണി: കർഷക സമ്പത്ത് ഭക്ഷ്യ സുരക്ഷയ്ക്ക് അനിവാര്യമെന്നും കർഷകരാണ് നാടിന്റെ നട്ടെല്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി സംഘടിപ്പിച്ച കർഷക ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കർഷകരുടെ ഉന്നമനത്തിനായി ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി പോലുള്ള സന്നദ്ധ സംഘടനകളുടെ കാർഷിക വികസന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം അതിരൂപത വികാരി ജനറാളും ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റുമായ ഫാ. തോമസ് ആനിമൂട്ടിൽ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ റോയ് കെ. പൗലോസ് എംഎൽഎ, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിപ്സി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി സജി, ജില്ലാപഞ്ചായത് പൊതുമരാമത്തു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ് അറക്കപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്തംഗം ടെസി ജോസഫ്, പഞ്ചായത്തംഗങ്ങളായ മിനി ജോണി, പി.എസ്. ജയ, സൂസമ്മ ഫ്രാൻസിസ്, ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ, പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ -ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, അനിമേറ്റർ ജിബി ബേബി എന്നിവർ പ്രസംഗിച്ചു.
കർഷക ദിനത്തോടനുബന്ധിച്ച് പ്രായോഗിക കൃഷി രീതികൾ നാളെയുടെ സമ്പത്ത് എന്ന വിഷയത്തെ ആസ്പദമാക്കി കൃഷി പരിസ്ഥിതി വിദഗ്ദ്ധനായ കെ.ഐ. ഹുസൈൻ ക്ലാസ് നയിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി നടപ്പിലാക്കുന്ന വിവിധ കർമപദ്ധതികൾക്കും തുടക്കം കുറിച്ചു.
Editorial
വിലയിടിവിനോടും കാലാവസ്ഥയോടും പ്രാകൃത, കർഷകവിരുദ്ധ നിയമങ്ങളോടും വന്യജീവികളോടും വനംവകുപ്പിനോടും സർക്കാരുകളോടും പൊരുതി തോറ്റിട്ടും ഞങ്ങളുടെ തീൻമേശയിൽ അന്നമെത്തിക്കുന്ന കർഷകരേ...
വിജയിക്കുകയും ഇത്തിരിയെങ്കിലും ലാഭമുണ്ടാക്കുകയും ചെയ്യുന്ന കർഷകർ എന്നും സവിശേഷവാർത്തയാണ്. പക്ഷേ, എല്ലാ കർഷകരും വിജയിക്കുകയും അത് എടുത്തുപറയേണ്ട സംഭവമല്ലാതാകുകയും ചെയ്യുന്ന കാലത്തെക്കുറിച്ചുള്ള കർമപദ്ധതി ഇല്ലെങ്കിൽ ചിങ്ങപ്പുലരിയെ കർഷകദിനം എന്നു വിളിക്കുന്നതിൽ ഒരർഥവുമില്ല. സമൃദ്ധിയുടെ വിധാതാക്കളായ കർഷകരും തൊഴിലാളികളുമാണ് നാടിന്റെ പത്തായപ്പുരകൾ നിറയ്ക്കുന്നത്. പക്ഷേ, അവരുടെ കീശയാണോ കണ്ണുകളാണോ നിറയുന്നതെന്ന് ഒരന്വേഷണവുമില്ല. എല്ലാ സംരംഭങ്ങളിലേക്കും യുവാക്കൾ ആത്മവിശ്വാസത്തോടെ എത്തുന്നുണ്ട്. പക്ഷേ, കാർഷികമേഖലയിലേക്ക് എത്ര പേർ? പ്രസംഗമല്ലാതെ, അടിസ്ഥാനപരമായ ഒരു മാറ്റത്തിന്റെ പ്രതീക്ഷ നൽകാൻ സർക്കാരിനു കഴിയുമെങ്കിൽ കർഷകദിനം കർഷകരുടേതാകും.
റബറിന്റെ താങ്ങുവില 200ൽനിന്ന് 250 ആക്കിയത് സംസ്ഥാനത്തെ പുതിയ സർക്കാരിന്റെ നീതിയായിരുന്നു. 250 എന്നത്, വർഷങ്ങൾക്കു മുന്പത്തെ ആവശ്യമായിരുന്നു. ചെലവ് വീണ്ടും വർധിച്ചു. എങ്കിലും റബർ കർഷകരുടെ ആത്മവിശ്വാസം തെല്ലെങ്കിലും ഉയർത്തി. ഇത്തരം തീരുമാനങ്ങൾ മറ്റു മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കേണ്ടതുണ്ട്. പാലക്കാട്, തൃശൂർ, ആലപ്പുഴ, കോട്ടയം... എവിടെയുമാകട്ടെ കേരളത്തിലെ നെൽപ്പാടങ്ങളിൽ നെല്ലു വിതച്ച് കണ്ണീരു കൊയ്യാൻ തുടങ്ങിയിട്ടു വർഷങ്ങളായി.
പാടം ഒരുക്കുന്നതു മുതൽ കൊയ്ത്തുവരെയുള്ള ക്ലേശങ്ങൾ അവിടെ നിൽക്കട്ടെ. ഏതാനും വർഷങ്ങളായി ഒരു തവണപോലും യഥാസമയം നെല്ലു സംഭരിക്കാനോ വില കൊടുക്കാനോ സർക്കാരിനു കഴിഞ്ഞിട്ടില്ല. ഇത്തവണ ശരിയാക്കുമെന്നു പറയാതെ ഒരു കൊയ്ത്തുകാലവും കടന്നുപോയിട്ടില്ല. നെല്ല് കൊയ്ത് പാടത്ത് കൂട്ടിയ കർഷകർ പ്രതിഷേധിക്കുന്നത് കൊയ്ത്തനുബന്ധ ജോലിയായി സ്ഥിരപ്പെട്ടു. ഒരു വർഷംപോലും കൃഷിവകുപ്പോ സപ്ലൈകോയോ യഥാസമയം നെല്ലു സംഭരണവുമായി ബന്ധപ്പെട്ട് മില്ലുടമകളുമായി ധാരണയിലെത്തുകയോ തർക്കമില്ലാതെ നടപ്പാക്കുകയോ ചെയ്തിട്ടില്ല.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നെൽകൃഷിക്ക് ഇനി ബോണസ് നൽകേണ്ടതില്ലെന്നു കേന്ദ്രം ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ പറഞ്ഞത്. രാജ്യത്ത് ധാന്യോത്പാദനം ആവശ്യത്തിലധികമായതിനാൽ നെല്ലുസംഭരണത്തിനായി കേരളം നൽകുന്ന പ്രോത്സാഹന ബോണസ് നിർത്തലാക്കണമത്രേ. പകരം പയറുവർഗങ്ങൾ, എണ്ണക്കുരു, ചെറുധാന്യം എന്നിവയ്ക്കു പ്രാധാന്യം നൽകാനാണ് സംസ്ഥാനത്തിനു നൽകിയ നിർദേശം.
പട്ടിണികൊണ്ടു പൊറുതിമുട്ടുന്ന കോടിക്കണക്കിനു മനുഷ്യരുള്ള രാജ്യത്ത് ധാന്യങ്ങൾ എങ്ങനെയാണ് ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നതെന്ന് വിശദീകരിച്ചിട്ടില്ല. അതുപോലെ നെൽപ്പാടങ്ങൾ, എണ്ണക്കുരു ഉൾപ്പെടെയുള്ള കൃഷികൾക്കു വേണ്ടി നികത്താമോ എന്നും മിച്ചധാന്യക്കാലം ഇനിയെന്നും ഉണ്ടാകുമോ എന്നൊന്നും കേന്ദ്രത്തിനു നിശ്ചയമുള്ളതായി തോന്നുന്നില്ല. വിവാദമാകുകയും സംസ്ഥാനങ്ങൾ നിർദേശം തള്ളിക്കളയുകയും ചെയ്തതോടെ അതൊരു നിർദേശം മാത്രമായിരുന്നെന്നു പറഞ്ഞ് പിൻവലിയുകയും ചെയ്തു.
കാപ്പി, കുരുമുളക്, ഏലം, പച്ചക്കറി, കന്നുകാലിവളർത്തൽ... ഒന്നിനുമില്ല സാന്പത്തിക ഉറപ്പ്. കുരുമുളകിനും ഏലത്തിനും ചില അവസരങ്ങളിൽ ഉണ്ടാകുന്ന വർധന വാർത്തയിലൂടെ നാം അറിയും. പക്ഷേ, ബാക്കി എല്ലായ്പോഴും വിലയിടിയുന്നതും കാലാവസ്ഥാ വ്യതിയാനത്താൽ വൻനഷ്ടം വരുന്നതും കർഷകൻ മാത്രം അറിയും. ക്ഷമയുടെ നെല്ലിപ്പലക കണ്ട കർഷകരുടെ ഡൽഹി സമരം ഒഴിച്ചാൽ കർഷകർ രാജ്യത്തൊരിടത്തും പരിധിക്കപ്പുറം പ്രതിഷേധിക്കാറില്ല. ഇതു സർക്കാരുകൾക്കറിയാം.
കാർഷികമേഖലയിലെ സമഗ്രസംഭാവനയ്ക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ സംസ്ഥാന കൃഷിവകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരം ദിവസങ്ങൾക്കുമുന്പു നേടിയ പത്മശ്രീ ചെറുവയൽ രാമൻപോലും ജീവിക്കാൻ കഷ്ടപ്പെടുന്നത് കണ്ട നാടാണിത്. പലരും കൊടുക്കുന്ന പുരസ്കാരത്തുകകൊണ്ടല്ല, കൃഷിലാഭംകൊണ്ടാണ് കർഷകരും മക്കളും ജീവിക്കേണ്ടത്. വിലയിടിവ്, കാലാവസ്ഥാ വ്യതിയാനം, ഉയർന്ന ഉത്പാദനച്ചെലവ് എന്നിവ നമ്മുടെ കൃഷിയിടങ്ങളെ ഭാഗികമായോ പൂർണമായോ തരിശുനിലങ്ങളാക്കി.
മണ്ണുകൊണ്ട് ചിറ കെട്ടുന്നതല്ലാതെ കാർഷികമേഖലയിലെ പ്രതിസന്ധികളെയും കൃഷിവകുപ്പുകളുടെ കെടുകാര്യസ്ഥതയെയും തടയാൻ ദീർഘപദ്ധതികളുടെ സുസ്ഥിരമായ അണക്കെട്ടുകളില്ല. ചന്തകളെയും മാവേലിസ്റ്റോറുകളെയും സൂപ്പർമാർക്കറ്റുകളെയും ഓൺലൈൻ സ്റ്റോറുകളെയുമല്ലാതെ അവയുടെ സ്രോതസായ കർഷകരെ അറിയാത്ത തലമുറ മാത്രമല്ല സർക്കാരുകളും ഭയപ്പെടുത്തുന്നു.
ചിങ്ങം ഒന്നിന്റെ കർഷകദിനം ആചരിക്കണം. അതിനുമുന്പ്, ഈ വ്യവസ്ഥിതി പഞ്ഞക്കർക്കിടകത്തിൽ ബന്ധിച്ച കർഷകരെ മോചിപ്പിക്കണം. വിലയിടിവിനോടും കാലാവസ്ഥയോടും പ്രാകൃത, കർഷകവിരുദ്ധ നിയമങ്ങളോടും വന്യജീവികളോടും വനംവകുപ്പിനോടും സർക്കാരുകളോടും പൊരുതി തോറ്റിട്ടും ഞങ്ങളുടെ തീൻമേശയിൽ അന്നമെത്തിക്കുന്ന കർഷകരേ, ഉണ്ണുന്ന ചോറിനു മാപ്പ്!
Kerala
തിരുവനന്തപുരം: കാലാകാലങ്ങളായി കൃഷി ചെയ്ത് ജീവിച്ചുപോന്ന മലയോര കര്ഷകരുടെ ഭൂമി വന്യമൃഗങ്ങൾ കുത്തിമറിച്ചു നശിപ്പിച്ചാൽ കർഷകർ പെട്ടതുതന്നെ. കഠിനാധ്വാനം ചെയ്തു മണ്ണിനെ പൊന്നാക്കിയത് ഒരു നിമിഷം കൊണ്ടു നശിപ്പിച്ചു കടന്നുകളയുന്ന വന്യമൃഗങ്ങൾക്കു ലഭിക്കുന്ന പരിരക്ഷയോന്നും കർഷകർക്കു ലഭിക്കില്ലെന്നു സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. വന്യമൃഗങ്ങള് കൃഷി നശിപ്പിച്ചാല് സര്ക്കാര് നല്കുന്ന നിസാര നഷ്ടപരിഹാര തുകയാണ്.
വായ്പ എടുത്തും മറ്റും കൃഷി ചെയ്തവര് വന് കടക്കെണിയിലായിട്ടും സര്ക്കാര് സഹായം കൂട്ടുന്നുമില്ല. ആന, കുരങ്ങ്, മലയണ്ണാന്, കാട്ടുപന്നി, മുള്ളന്പന്നി തുടങ്ങിയ വന്യമൃഗങ്ങളാണ് വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. ചുരുങ്ങിയ വര്ഷങ്ങള്ക്കിപ്പുറമാണ് വന്യമൃഗശല്യം ഇത്രയും രൂക്ഷമായത്.
ആന നിരന്തരമായി കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയതോടെ കർഷകരിൽ ഭീതി വര്ധിച്ചു. വാഴ, തെങ്ങ്, കമുങ്ങ്, കൊക്കോ, മരിച്ചീനി തുടങ്ങി ഒരു കൃഷിയില് നിന്നും വിളവെടുക്കാന് പറ്റാത്ത അവസ്ഥ. മലയോര മേഖലകളിൽ സ്ഥിതിചെയ്യുന്ന ഇരുന്നൂറിലേറെ പഞ്ചായത്തുകളിലും അവസ്ഥ ഒന്നുതന്നെയാണ്.
രണ്ടര ഏക്കർ ഏലം നശിച്ചാൽ 2750 രൂപ
രണ്ടര ഏക്കര് ഏലം വന്യമൃഗങ്ങള് നശിപ്പിച്ചാല് 2750 രൂപയാണ് നഷ്ടപരിഹാരതുക. ഒരു ഏക്കറില്നിന്നും 300 മുതല് 400 കിലോവരെ ഉണക്ക ഏലം കിട്ടും. ഒരു കിലോയില് ശരാശരി വില മൂവായിരം ലഭിക്കും. അപ്പോഴാണ് രണ്ടര ഏക്കറിലെ ഏലച്ചെടി നശിച്ചാല് 2750 രൂപ നല്കുന്നത്. കായ്ക്കുന്ന ഒരു ജാതിമരത്തിനു 440 രൂപയാണ് ലഭിക്കുന്നത്. ജാതിപത്രിക്ക് 2500 രൂപവരെ ലഭിക്കും. വെറുതെ ജാതിക്ക കൊടുത്താലും കിട്ടും 500 രൂപ. പച്ചക്കറി പത്ത് സെന്റില് നശിച്ചാല് വെറും 220 രൂപയാണ് ലഭിക്കുന്നത്. ഒരു വർഷക്കാലത്തെ കഷ്ടപ്പാടിനുള്ള വിയർപ്പിന്റെ വിലയാണ് 220 രൂപ.
ഒരു തെങ്ങ് നഷ്ടപ്പെട്ടാല് 500 രൂപ നഷ്ടപരിഹാരം കിട്ടും. നല്ലൊരു തെങ്ങിൻതൈക്കു കൊടുക്കണം 500 രൂപയ്ക്കുമുകളിൽ. കുലച്ച വാഴ, ഒരു വര്ഷം പ്രായമായ തെങ്ങ്, കായ്ക്കാത്ത കവുങ്ങ്, കായക്കാത്ത് കശുമാവ്, കൊക്കോ, കാപ്പി, ഗ്രാംപു എന്നിവയ്ക്ക് 110 രൂപ വീതമാണ് നഷ്ടപരിഹാരം ലഭിക്കുക. പത്തു സെന്റ് മരിച്ചീനി, ഇഞ്ചി എന്നിവ നശിപ്പിച്ചാല് കിട്ടുന്നതാകട്ടേ 165 രൂപമാത്രമാണ്. ഈ വിളയിറക്കാന് പതിനായിരത്തിലധികം രുപയാണ് കര്ഷകര്ക്കു ചെലവാകുന്നത്. കുലയ്ക്കാത്ത വാഴയ്ക്ക് 83 രൂപ മാത്രമാണ് നഷ്ടപരിഹാരം. ലക്ഷങ്ങളുടെ കൃഷി നശിച്ച കർഷകൻ നഷ്ടപരിഹാരത്തുക ബാങ്ക് അക്കൗണ്ടിലേക്കു വന്നാൽ പോലും അറിയില്ല. അത്രമാത്രം ചെറിയ തുകയാണ് എത്തുന്നത്.
വന്യജീവിയാൽ മരിച്ചാൽ
പാമ്പ് ഒഴികെയുള്ള വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ പത്ത് ലക്ഷം രൂപ വരെ നല്കും. എന്നാൽ വന്യജീവിയിൽപ്പെട്ട പാന്പ് കടിച്ചു മരിച്ചാൽ രണ്ട് ലക്ഷത്തിൽ ഒതുക്കും. കടിക്കാൻ വരുന്ന പാന്പിനെ കൊന്നാൽ വനംവകുപ്പ് കേസെടുത്ത് അകത്തിടുകയും ചെയ്യും.
National
ജയ്പൂർ: കള്ളന്മാരെ ഭയന്ന് കൃഷിസ്ഥലത്ത് മണ്ണിൽ കുഴിച്ചിട്ട അഞ്ച് ലക്ഷം രൂപ ചിതലരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ഒരു കർഷകനാണ് ഭൂമി വിറ്റുകിട്ടിയ തുക ഇത്തരത്തിൽ നഷ്ടപ്പെടുത്തിയത്. വീട് നിർമ്മാണത്തിനായി സ്ഥലം വിറ്റ് സ്വരൂപിച്ച പണം സുരക്ഷിതമായി സൂക്ഷിക്കാനാണ് ഇയാൾ പ്ലാസ്റ്റിക് കവറിലാക്കി മണ്ണിൽ ഒളിപ്പിച്ചത്. എന്നാൽ മദ്യപാന ശീലവും മറവിയും കാരണം പണം വെച്ച സ്ഥലം കൃത്യമായി ഓർത്തെടുക്കാൻ കർഷകന് സാധിച്ചിരുന്നില്ല.
പലതവണ അന്വേഷിച്ചിട്ടും കണ്ടെത്താനാകാതെ വന്നതോടെ കുടുംബാംഗങ്ങൾ വിവരം അറിയുകയും പിന്നീട് കൃഷിയിടത്തിൽ നടത്തിയ തിരച്ചിലിൽ പണം കണ്ടെത്താൻ കഴിയാതെ വരികയും ചെയ്തു. ഒരുകൊല്ലത്തിന് ശേഷം, ഈ മഴക്കാലത്ത് നിലമൊരുക്കുന്നതിനിടയിലാണ് പ്ലാസ്റ്റിക് കവർ മണ്ണിൽ നിന്ന് പുറത്തേക്ക് വന്നത്. കർഷകന്റെ ഭാര്യയും മകനുമാണ് കവർ കണ്ടെത്തിയത്. എന്നാൽ കവർ തുറന്നു നോക്കിയപ്പോഴേക്കും നോട്ടുകൾ പൂർണ്ണമായും ചിതലരിച്ച് ഉപയോഗശൂന്യമായി മാറിയിരുന്നു.
തുടർന്ന് ഈ നോട്ടുകളുമായി കുടുംബം പ്രദേശത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയെ സമീപിച്ചെങ്കിലും നോട്ടുകളുടെ ദയനീയ അവസ്ഥ കാരണം മാറ്റിക്കൊടുക്കാൻ ബാങ്ക് അധികൃതർ വിസമ്മതിച്ചു. തുടർന്ന് ജില്ലയിലെ പ്രധാന ബാങ്ക് ശാഖയെ സമീപിച്ചെങ്കിലും അവിടെനിന്നും സമാനമായ മറുപടിയാണ് ലഭിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
District News
നെടുമങ്ങാട്: വേട്ടംപള്ളി റബർ ഉത്പാദക സംഘം "കേര' പദ്ധതി പ്രകാരം മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റി ഹാളിൽ നടത്തിയ ഏകദിന റബർ കർഷക സെമിനാർ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. വൈജു കുമാർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് മൂഴിയിൽ മുഹമ്മദ് ഷിബു അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ മൂഴി എസ്. സുനിൽ, കെ.ആർ. ശ്രീജ, വഞ്ചുവം ഷറഫ്, സുനിൽകുമാർ, ശശിധരൻ നായർ എന്നിവർ പ്രസംഗിച്ചു. മീന കുമാരി, രാഹുൽ കുമാർ, മഞ്ജിമാ അനിൽ എന്നിവർ ക്ലാസെടുത്തു.
Kerala
പടിഞ്ഞാറത്തറ: കൃഷിയിടത്തിലെ മീന്കുളത്തിന് സമീപം വീണനിലയില് കണ്ടെത്തിയ കര്ഷകന് മരിച്ചു. മഞ്ഞൂറ മാങ്കോട്ട് ബെന്നിയാണ്(57)മരിച്ചത്. സംസ്കാരം പിന്നീട്.
ഇന്നു രാവിലെ ഏഴോടെ കുളത്തിനടുത്തേക്കുപോയ ബെന്നി കുറച്ചുനേരംകഴിഞ്ഞും തിരിച്ചെത്തിയില്ല. ഇതേത്തുടര്ന്ന് ഭാര്യ മോളി അന്വേഷിച്ചെത്തിയപ്പോഴാണ് വീണനിലയില് കണ്ടത്. ഉടന് കല്പ്പറ്റ ഫാത്തിമ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദേവസ്യ-പരേതയായ ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ കല്ലോടി പറമറ്റത്തില് കുടുംബാംഗമാണ്. യുകെയിലുള്ള ആല്ബിനും മെല്ബിനുമാണ് മക്കള്. മരുമകള്: ഹണി ആല്ബിന്(യുകെ). സഹോദരങ്ങള്: ഡെയ്സി പാലക്കത്തടത്തില്, സിബി സെബാസ്റ്റ്യന്(ഏരിയ മാനേജര്, ദീപിക, കല്പ്പറ്റ), ഷിന കളത്തിപറമ്പില്.
District News
കറുകച്ചാൽ: ശാന്തിപുരം, ഇരുമ്പുകുഴി, പരപ്പുകാട് തുടങ്ങി കൃഷിയിടങ്ങൾ ഏറെയുള്ള പ്രദേശങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷമായതോടെ കർഷകർ പ്രതിസന്ധിയിലായി. നട്ടുവളർത്തുന്ന കൃഷികൾ വിളവെടുപ്പിന് മുമ്പേ കാട്ടുപന്നികൾ നശിപ്പിക്കുന്നതിനാൽ പലരും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു.
ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഓരോ വർഷവും സംഭവിക്കുന്നത്. കാട്ടുപന്നികളെ ഭയന്ന് പലരും റബർ ആവർത്തനകൃഷിയും ഉപേക്ഷിച്ചു. ഇതോടെ തോട്ടങ്ങൾ കാടുകയറി കാട്ടുപന്നികളുടെ താവളങ്ങളായി മാറിയിരിക്കുകയാണ്. പുതുതായി നട്ട തൈകൾ പിഴുതെറിയുന്നതും കപ്പ, വാഴ, ചേന, ചേമ്പ്, തെങ്ങിൻ തൈകൾ തുടങ്ങിയ കൃഷികൾ പൂർണമായും നശിപ്പിക്കുന്നതും പതിവാണെന്ന് കർഷകർ പറയുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെയാണ് കാട്ടുപന്നിശല്യം ഇത്രയും രൂക്ഷമായതെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ദിവസം തേരടിയിൽ ഏബ്രഹാം മാത്യുവിന്റെ കൃഷിയിടത്തിലെ ചേന, വാഴ, ചേമ്പ് തുടങ്ങിയ കൃഷികൾ കാട്ടുപന്നികൾ പൂർണമായും നശിപ്പിച്ചു. വെറും രണ്ട് ദിവസത്തിനുള്ളിൽ പറമ്പ് ഉഴുതു മറിച്ചതുപോലെയായതായി അദ്ദേഹം പറഞ്ഞു.
രാത്രികാലങ്ങളിൽ പത്തും ഇരുപതും കാട്ടുപന്നികൾ കൂട്ടമായി എത്തുന്നതായും പ്രധാന റോഡുകളിൽപ്പോലും ഇവയെ കാണാൻ കഴിയുന്നതായും നാട്ടുകാർ പറയുന്നു. വേലികെട്ടി സംരക്ഷിച്ചിട്ടും കൃഷി രക്ഷിക്കാനാകുന്നില്ലെന്നാണ് കർഷകരുടെ പരാതി.
പാട്ടത്തിനെടുത്ത സ്ഥലത്ത് വാഴകൃഷി നടത്തിയ പലർക്കും മുടക്കിയ പണം പോലും തിരിച്ചുകിട്ടാത്ത അവസ്ഥയാണ്. കാട്ടുപന്നിശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
District News
എലിക്കുളം: എട്ട് ഏക്കറിലെ സമ്മിശ്രകൃഷിയിലെ വൈവിധ്യത്തിന് എലിക്കുളത്തെ മാതൃകാ യുവകർഷകയെ കുരുവിക്കൂട് തളിർ നാട്ടുചന്ത ആദരിച്ചു. തെങ്ങ്, ജാതി, കൊക്കോ, കുരുമുളക്, പച്ചക്കറികൾ, പഴവർഗവിളകൾ, മീൻ വളർത്തൽ, തേനീച്ച വളർത്തൽ, മുയൽ വളർത്തൽ എന്നിവയിൽ മികവ് തെളിയിച്ച ചെങ്ങളം പന്തലാടിക്കൽ മഞ്ജു ടോണിയെയാണ് ആദരിച്ചത്.
എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ് പുരസ്കാരം നൽകി. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജയദീപ് പാറയ്ക്കൽ, പഞ്ചായത്തംഗം സൂര്യാമോൾ, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ്, നാട്ടുചന്ത പ്രസിഡന്റ് രാജു അമ്പലത്തറ, സെക്രട്ടറി വിത്സൻ മാത്യു പാമ്പൂരിക്കൽ, ട്രഷറർ മോഹനകുമാർ, വൈസ് പ്രസിഡന്റ് ഔസേപ്പച്ചൻ ഞാറയ്ക്കൽ, ജോയിന്റ് സെക്രട്ടറി പി.കെ. ശശിധരൻ പാമ്പാടിയാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
അടൂർ: വെള്ളമൊഴുകുന്ന ചാൽ അയൽവാസി അടച്ചതു കാരണം വെള്ളത്തിലായ വെറ്റില കൃഷി സംരക്ഷിക്കണമെന്ന ആവശ്യത്തിന്മേൽ നടന്ന ചർച്ച പരാജയപ്പെട്ടതോടെ കർഷൻ കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
അടൂർ നഗരസഭ, അടൂർ ആർഡിഒ, കൃഷി ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടക്കുമ്പോഴാണ് ആത്മഹത്യാശ്രമം ഉണ്ടായത്. ആത്മഹത്യയ്ക്ക് ശ്രമിച്ച കോട്ടമുകൾ തറയിൽ പുത്തൻവീട്ടിൽ സുരേന്ദ്രൻ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സുരേന്ദ്രത്തിന്റെ വീടിനു മുമ്പിലുള്ള കോട്ടമുകൾ പുലിക്കണ്ണാച്ചിറ ഏലായിലാണ് വെറ്റിലക്കൃഷിയുള്ളത്. ഒരു വർഷം മുൻപാണ് അയൽവാസി ചാൽ അടച്ചത്.
കൃഷിയിടത്തിലെ ഉൾപ്പെടെ വെള്ളം ഒഴുകിപ്പോകാനുള്ള ചാലാണ് സമീപവാസി അടച്ചത്.
ഇതോടെയാണ് മഴക്കാലമായാൽ സുരേന്ദ്രന്റെ വെറ്റിലകൃഷി വെള്ളത്തിലാകുന്ന സ്ഥിതിയിലെത്തിയത്. വെള്ളക്കെട്ടു കാരണം വിളവെടുക്കാൻ പാകമായ കൃഷി അഴുകി നശിച്ചു. ജില്ലാ കളക്ടർ, അടൂർ ആർഡിഒ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് സുരേന്ദ്രൻ പരാതി നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല.
കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് അടൂർ നഗരസഭ ചെയർപേഴ്സൺ റീനാ ശാമുവേലിൻ്റെ നേതൃത്വത്തിൽ അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾക്കായി പരാതിക്കാരനായ സുരേന്ദ്രൻ, അയൽവാസികൾ എന്നിവരുമായി ആർഡിഒ, കൃഷി ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ച നടത്താൻ തീരുമാനിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ കൃഷിയിടത്തിനു സമീപം ഇരു കുട്ടരുമായി ചർച്ച നടന്നു. ചർച്ചയിൽ അയൽവാസി ചാൽ തുറക്കാൻ തയാറല്ലെന്ന് അറിയിച്ചു. പിന്നാലെയാണ് സുരേന്ദ്രനെ കീടനാശിനി ഉള്ളിൽ ചെന്ന് അവശനിലയിൽ കണ്ടത്.
Kerala
പാലക്കാട്: വാളയാറില് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന കര്ഷകന് മരിച്ചു. വാളയാര് പുലാമ്പാറ മാരിമുത്തുവാണ് (64) മരിച്ചത്. മേയ് 26 ന് വീടിന് മുന്നില് നിന്നാണ് മാരിമുത്തുവിന് പാമ്പുകടിയേറ്റത്. ബന്ധുക്കള് ഉടന് തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചിരുന്നു.
ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെ മരിച്ചു. നിലവില് മോര്ച്ചറിയിലാണ് മൃതദേഹമുള്ളത്. പോസ്റ്റ്മോര്ട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് കൈമാറും.
Leader Page
2026ൽ ആഗോള താപനില വ്യവസായവിപ്ലവ കാലഘട്ടത്തിന് മുമ്പുള്ളതിനേക്കാൾ 1.4 ഡിഗ്രി സെൽഷസ് മുതൽ 1.5 ഡിഗ്രി സെൽഷസ് വരെ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ കണക്കാക്കുന്നു. അടുത്തിടെ അവസാനിച്ച ലാ നിനയുടെ തണുപ്പിക്കൽ സ്വാധീനം ഉണ്ടായിരുന്നിട്ടും, 2026 ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയ വർഷങ്ങളിലൊന്നായി മാറിയേക്കാം. ഇന്ത്യയിൽ 1981ലെ താപനിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 2000 ആയപ്പോഴേക്കും ശരാശരി ദൈനംദിന പരമാവധി താപനില അര ഡിഗ്രി സെൽഷസും 2020 ആയപ്പോഴേക്കും ഒരു ഡിഗ്രി സെൽഷസും വർധിച്ചതായി അടുത്തയിടെ സയന്റിഫിക് റിപ്പോർട്ട്സ് ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നു.
വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും മധ്യ ഇന്ത്യയിലും ആന്ധ്രപ്രദേശിന്റെ തീരപ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതൽ വർധനയുണ്ടായത്. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശരാശരി ദൈനംദിന പരമാവധി താപനില ക്രമാതീതമായി വർധിച്ചുവരുന്നതായും ഗവേഷകർ കണ്ടെത്തി. താപതരംഗ ദിനങ്ങളുടെ എണ്ണവും തീവ്രതയും കൂടി.1981-2000നും 2001-2020നും ഇടയിൽ തീവ്രമായ ഉഷ്ണതരംഗ സാധ്യതയുള്ള പ്രദേശങ്ങളുടെ വ്യാപ്തി ഏകദേശം 1.5 മടങ്ങ് വർധിച്ചു. മാർച്ച് മുതൽ ജൂൺ വരെയുള്ള വേനൽമാസങ്ങളിൽ താപനില അസാധാരണമായി ഉയരുന്നത് കേരളത്തിലും പതിവായിട്ടുണ്ട്. പകൽ താപനിലയും രാത്രി താപനിലയും ഒരുപോലെ ഉയരുന്നു.
ചൂടും ഈർപ്പവും ചേരുന്നത് അപകടം
ചൂടു കൂടിയ അന്തരീക്ഷത്തിൽ കൂടുതൽ ഈർപ്പമുണ്ടായിരിക്കും. സാധാരണ ഉഷ്ണതരംഗങ്ങളേക്കാൾ അപകടകരമാണ് ഉയർന്ന ഈർപ്പവും അത്യുഷ്ണവും സംയോജിച്ച താപതരംഗങ്ങൾ. ചൂട് ഉയർന്നതല്ലെങ്കിലും ഉയർന്ന അന്തരീക്ഷ ആർദ്രതയുണ്ടെങ്കിൽ യഥാർഥത്തിൽ അനുഭവവേദ്യമാകുന്ന ചൂട് വളരെ കൂടുതലായിരിക്കും. അത്യുഷ്ണ സാഹചര്യങ്ങളെ കൂടുതൽ ആപത്കരമാക്കുന്നത് ഉയർന്ന അന്തരീക്ഷ ആർദ്രതയാണ്. സ്വാഭാവികമായി തണുക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ഇത് ബാധിക്കും. വിയർപ്പ് പുറന്തള്ളാനാവാതെ ശരീരം അസ്വസ്ഥമാകും.
ഈർപ്പവും ചൂടും കൂടിയ കാലാവസ്ഥയിൽ കായികാധ്വാനം അപകടകരമാണ്. ‘വെറ്റ് ബൾബ്’ താപനിലയനുസരിച്ചാണ് ഇതിന്റെ തീവ്രത അളക്കുന്നത്. ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി വെറ്റ്-ബൾബ് താപനില വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈർപ്പമുള്ള ചൂട് തീരമേഖലയിൽ ക്രമാതീതമായി കൂടുന്നുണ്ടെന്നും ഗവേഷകർ പറയുന്നു. ആർദ്രതയും ചൂടും കൂടിച്ചേർന്ന ഉഷ്ണ തരംഗങ്ങളുടെ ഭീഷണി ഇന്ത്യയിൽ ഏറ്റവും കൂടുതൽ നേരിടുന്നത് കേരളത്തിന്റെ തീരദേശ ജില്ലകളാണെന്ന് റെഡിംഗ് യൂണിവേഴ്സിറ്റിയിലെ അക്ഷയ് ദിയോറസിന്റെ നേതൃത്വത്തിൽ നടത്തിയ ഒരു പുതിയ പഠനത്തിൽ പറയുന്നു.
ഉപജീവനം തകരും, കൃഷി പ്രതിസന്ധിയിലാകും
കൊടുംചൂട് ആഗോളതലത്തിൽ നൂറു കോടിയിലധികം ആളുകളുടെ ഉപജീവനമാർഗത്തിനും ആരോഗ്യത്തിനും തൊഴിൽ ഉത്പാദനക്ഷമതയ്ക്കും കടുത്ത ഭീഷണിയാണെന്ന് ലോക ഭക്ഷ്യ കാർഷിക സംഘടനയും (എഫ്എഒ) ലോക കാലാവസ്ഥാ സംഘടനയും (ഡബ്ല്യുഎംഒ) ചേർന്ന് ഈ വർഷത്തെ ലോക ഭൗമദിനത്തിൽ പ്രസിദ്ധീകരിച്ച സംയുക്ത റിപ്പോർട്ടിൽ പറയുന്നു. കൊടുംചൂടിന്റെ ഏറ്റവും വലിയ ഭീഷണി നേരിടുന്നത് കർഷകരും കർഷകത്തൊഴിലാളികളും കാർഷിക- ഭക്ഷ്യോത്പാദന സംവിധാനങ്ങളുമാണ്. ഇന്ത്യയുൾപ്പെടെ ദക്ഷിണേഷ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉഷ്ണമേഖലാ സബ്-സഹാറൻ ആഫ്രിക്ക, മധ്യ-ദക്ഷിണ അമേരിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും പുറംജോലി ചെയ്യാൻ കഴിയാത്തവിധം അതികഠിനമായ ചൂടുള്ള ദിവസങ്ങളുടെ എണ്ണം പ്രതിവർഷം 250 ആയി ഉയർന്നേക്കാം. താപനിലയിൽ 20 ഡിഗ്രി സെൽഷസിൽനിന്നു മുകളിലേക്ക് ഓരോ ഡിഗ്രി ഉയരുമ്പോഴും തൊഴിൽ ഉത്പാദനക്ഷമത രണ്ട്-മൂന്നു ശതമാനം കുറയുന്നുവെന്ന് എഫ്എഒ-ഡബ്ല്യുഎംഒ റിപ്പോർട്ട് പറയുന്നു.
30 ഡിഗ്രി സെൽഷസിനു മുകളിലുള്ള താപനിലയിൽ പ്രധാനപ്പെട്ട കാർഷികവിളകളുടെ വിളവ് കുറയാൻ തുടങ്ങും. ഉരുളക്കിഴങ്ങ്, ബാർലി തുടങ്ങിയ ചില വിളകൾക്ക് ഇതു പോലും താങ്ങാനാവില്ല. കൊടുംചൂട് വളർത്തുമൃഗങ്ങളെയും പ്രതിസന്ധിയിലാക്കും. ഉയർന്ന താപനില വെള്ളത്തിൽ ലയിച്ചിരിക്കുന്ന ഓക്സിജന്റെ അളവ് കുറയ്ക്കും. ഉയർന്ന ശ്വസനനിരക്ക് നിലനിർത്താൻ മത്സ്യങ്ങൾ പാടുപെടുന്നതിനാൽ അവയ്ക്ക് ഹൃദയസ്തംഭനം സംഭവിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. അത്യുഷ്ണം വിളവ് മാത്രമല്ല, ധാന്യങ്ങൾ ഉൾപ്പെടെയുള്ള പ്രധാന ഭക്ഷ്യവിളകളുടെ പോഷകമേന്മയും കുറയ്ക്കും.
അത്യുഷ്ണം മനുഷ്യർക്കെന്നപോലെ ഇന്ത്യയിലെ കാർഷിക മേഖലയ്ക്കും വൻ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. 2022ലെ ഉഷ്ണതരംഗത്തിൽ ഇന്ത്യയിൽ ഗോതമ്പ് ഉത്പാദനം ഒമ്പതു മുതൽ 34 ശതമാനം വരെ കുറഞ്ഞതായി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ പഠനങ്ങൾ വ്യക്തമാക്കുന്നു. മക്കച്ചോളത്തിന്റെ വളർച്ച മുരടിച്ചു, കീടങ്ങളുടെ ആക്രമണം കൂടി, വിളവ് 18 ശതമാനം വരെ കുറഞ്ഞു. പയർ വർഗവിളകളുടെ വളർച്ചയും മുരടിച്ചു. മിക്ക പച്ചക്കറി വിളകൾക്കും കൊടുംചൂട് താങ്ങാനാവില്ല. പഴവർഗ വിളകളുടെ കായ്പിടിത്തം കുറയും.
ഉത്പാദനം കുത്തനെ ഇടിയും. കീടങ്ങളുടെ ആക്രമണം കൂടും. വർധിച്ചുവരുന്ന ചൂടും ക്രമം തെറ്റിയ മഴയും നെൽകൃഷിയുടെ താളം തെറ്റിക്കും. പകൽ താപനില 33 ഡിഗ്രി സെൽഷസിൽ കൂടിയാൽ ഏലം കരിഞ്ഞുണങ്ങാൻ തുടങ്ങും. ഉഷ്ണതരംഗങ്ങൾ നാളികേരോത്പാദനം 25 ശതമാനം കണ്ട് കുറയ്ക്കും. മറ്റു തോട്ടവിളകളുടെ ഉത്പാദനവും കുറയും 2022ൽ ഉഷ്ണതരംഗം വീശിയ പ്രദേശങ്ങളിൽ പാൽ ഉത്പാദനം 15 ശതമാനം കുറഞ്ഞതായി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ പറയുന്നു.
കരയിലേതുപോലെ സമുദ്രത്തിലെ ഉഷ്ണതരംഗങ്ങളും വർധിച്ചുവരികയാണ്. ഇത് മത്സ്യങ്ങളുടെ എണ്ണത്തെയും സമുദ്ര ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നു. ചൂട് കുറഞ്ഞ മേഖലകളിലേക്ക് മത്സ്യങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യും. മത്സ്യലഭ്യത കുറയും. മിന്നൽ പ്രളയംപോലെ മിന്നൽ വരൾച്ചയും വ്യാപകമാകും. 1990കളിൽ ആഗോള ഭൂവിസ്തൃതിയുടെ 10 ശതമാനം ഭാഗത്തെയാണ് വരൾച്ച ബാധിച്ചിരുന്നതെങ്കിൽ 2025ൽ അത് 30 ശതമാനമായി ഉയർന്നു. കൃഷി ചെയ്യാൻ അനുയോജ്യമായ ഭൂമിയുടെ വിസ്തുതി ഗണ്യമായി കുറയും.
(അവസാനിച്ചു)
Kerala
സുല്ത്താന്ബത്തേരി: വയനാട് അമ്പലവയലിൽ മരത്തില് നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കര്ഷകന് മരിച്ചു. അമ്പലവയലിനടുത്ത ചുള്ളിയോട് സ്വദേശി മുക്കിലാല് സജി (45) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സജി മരത്തിൽ നിന്ന് വീണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാവിലെ പറമ്പിലെ മരച്ചില്ലകള് വെട്ടിമാറ്റുന്നതിനിടെ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സജിയെ അയല്വാസികള് ചേര്ന്ന് ആദ്യം വയനാട്ടിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
തുടർന്ന് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. സംസ്കാരം നാളെ രാവിലെ 10ഓടെ അമ്പലവയല് സെന്റ് ജോര്ജ് പള്ളി സെമിത്തേരിയില്.
Kerala
കണ്ണൂര്: സാമ്പത്തിക ബാധ്യതകളെ തുടർന്ന് കർഷകൻ ജീവനൊടുക്കി. കണ്ണൂര് ചെറുപുഴ ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ടാണ് മരിച്ചത്.
കീടനാശിനി കഴിച്ചതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഏലിയാസ് ചികിത്സയിൽ കഴിയുകയായിരുന്നു. മികച്ച പച്ചക്കറി കൃഷി കർഷകനുള്ള അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഏലിയാസിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
Kerala
കാഞ്ഞിരപ്പള്ളി: താങ്ങുവില കർഷകന്റെ അവകാശമാക്കി മാറ്റണമെന്ന് പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാല് എംപി. ഇന്ഫാം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കിസാന് കാര്ണിവല് - കൈക്കോട്ടും ചിലങ്കയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
താങ്ങുവില ആരുടെയും ഔദാര്യമല്ല, അവകാശമാക്കി മാറ്റണം. കൃഷിക്കാരനെ നിലനിര്ത്താനുള്ള ഉത്തരവാദിത്വം സര്ക്കാരുകള്ക്കുണ്ട്. കൃഷിക്കാരനെ കടക്കെണിയില്നിന്ന് രക്ഷിക്കാനുള്ള ചിന്ത സര്ക്കാരിനുണ്ടാകണം.
കാര്ഷികവൃത്തിയിലേര്പ്പെടുന്നവര് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചു മനസിലാക്കി അതിനെ എങ്ങനെ തരണം ചെയ്യാമെന്നു മനസിലാക്കി വേണം താങ്ങുവില നല്കേണ്ടത്. നിരവധിയായ കര്ഷക പ്രശ്നങ്ങളില് കര്ഷകരുടെ ആത്മാഭിമാനം ഉയര്ത്തിപ്പിടിച്ച ധീരമായ നിലപാടുകളായിരുന്നു ഇന്ഫാം നടത്തിയത്.
കൃഷിക്കാരന് സ്വാഭിമാനം നല്കാനും യഥാര്ഥമയ അധ്വാനശേഷിയെ ഉയര്ത്തിക്കാട്ടാനും ബഹുമുഖമായ പോരാട്ടങ്ങള് ഇന്ഫാം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. 25 വർഷമായി കർഷകരുടെ കണ്ണീരിനും കിനാവിനും ഒപ്പം നിൽക്കുന്ന പ്രസ്ഥാനമാണ് ഇൻഫാം.
കപ്പയ്ക്ക് 15 രൂപയായി വില ഇടിഞ്ഞപ്പോൾ, 25 രൂപയ്ക്ക് സംഭരിച്ച് ഉണക്കക്കപ്പയാക്കി വിപണിയിൽ ഇടപെട്ട ഇൻഫാമിന്റെ മാതൃക ഇടനിലക്കാരായ ലോബികൾക്കുള്ള മറുപടിയായിരുന്നു. കേരളത്തിന്റെ കാർഷിക പുരോഗതിയിൽ ക്രൈസ്തവ സഭകളും കുടിയേറ്റ കർഷകരും നൽകിയ സംഭാവനകൾ ചരിത്രത്തിന്റെ ഭാഗമാണെന്നും, തരിശുഭൂമികളെ പൊന്നുവിളയുന്ന മണ്ണാക്കി മാറ്റിയത് ഇവരാണെന്നും അദ്ദേഹം അനുസ്മരിച്ചു.
Kerala
കാസർഗോഡ്: പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തതിന്റെ മനോവിഷമത്തിൽ കർഷകൻ വിഷം കഴിച്ച് ജീവനൊടുക്കി.
മുളിയാർ പാണൂർ ബാലനടുക്കയിലെ നാരായണൻ (80) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ പറമ്പിൽ അവശനിലയിൽ കണ്ടത്.
വിഷം കഴിച്ചെന്ന സംശയത്തെ തുടർന്ന് ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. അറിയപ്പെടുന്ന നെല്ല്-കവുങ്ങ്-ക്ഷീര കർഷകനായിരുന്നു നാരായണൻ.
ഡിസംബർ 31ന് അലഞ്ഞുതിരിഞ്ഞെത്തിയ പേപ്പട്ടി നാരായണന്റെ രണ്ടുവയസുള്ള പശുവിനെ കടിച്ചിരുന്നു. വീടിന് സമീപത്തെ വയലിൽ കെട്ടിയിട്ടപ്പോഴായിരുന്നു നായ കടിച്ചത്.
പശുവിനെ കടിച്ച നായ രണ്ടുദിവസത്തിന് ശേഷം സമീപത്തെ പറമ്പിൽ ചത്തനിലയിൽ കണ്ടെത്തി. കുത്തിവെപ്പ് എടുത്തിരുന്നുവെങ്കിലും ജനുവരി 18ന് പശു ചത്തു. നാരായണൻ ഇതേതുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നതായി ബന്ധുക്കൾ പറയുന്നു.
ഭാര്യ: പത്മാവതി. മക്കൾ: വിനോദ് (നിർമാണ തൊഴിലാളി), വിജു (ചുമട്ടുതൊഴിലാളി, കാംപ്കോ), ബിന്ദു. മരുമക്കൾ: ടി. സുചിത്ര (പാണൂർ), രജിത (നാരമ്പാടി), കൃഷ്ണൻ (ജാൽസൂർ). സഹോദരങ്ങൾ: കൊട്ടൻ, പരേതരായ രാമൻ, കാർത്യായനി (എല്ലാവരും പാണൂർ).
Business
കോതമംഗലം: കോതമംഗലം രൂപതയുടെ ക്ഷീരകർഷക ക്ഷേമ പ്രസ്ഥാനമായ ജീവ മിൽക്കിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഇന്നും ജീവ കുടുംബസംഗമം 24നും നടക്കും.
ഇന്നു വൈകുന്നേരം അഞ്ചിന് പരീക്കണ്ണിയിലെ ജീവ മിൽക്ക് അങ്കണത്തിൽ നടക്കുന്ന സമ്മേളനം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിക്കും. ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തും.
ലേബർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സന്തോഷ് ജോർജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും. ജീവ സൊസൈറ്റികളിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനെ വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ, മോൺ. വിൻസെന്റ് നെടുങ്ങാട്ട് എന്നിവർ ആദരിക്കും. ജീവ സ്റ്റാഫിനുള്ള എട്ടാമത് ഭവനനിർമാണ പദ്ധതി സഹായ വിതരണോദ്ഘാടനം ഫാ. മാത്യു കോണിക്കൽ നിർവഹിക്കും.
ജീവ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസ് മൂർക്കാട്ടിൽ സ്വാഗതവും ജനറൽ മാനേജർ സിബി ജോർജ് നന്ദിയും പറയും. ജീവ മിൽക്കിന്റെ ചരിത്രം ഉൾക്കൊള്ളുന്ന ഡോക്യുമെന്ററി പ്രദർശനവുമുണ്ടാകും.
24ന് വൈകുന്നേരം അഞ്ചിന് ജീവ കുടുംബസംഗമം മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. ഫാ. ജോസ് മൂർക്കാട്ടിൽ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി, ആന്റണി ജോൺ എംഎൽഎ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.ചടങ്ങിൽ ജീവ ജീവനക്കാരെ ആദരിക്കും. ജീവ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടാകും.
പരിപാടികൾ വിശദീകരിച്ച പത്രസമ്മേളനത്തിൽ ഫാ. ജോസ് മൂർക്കാട്ടിൽ, സിബി ജോർജ്, ടോണി ഫിലിപ്പ്, സനു പി. തോമസ്, ജോസ്ബിൻ ചെറിയാൻ, സിബി ജോസഫ്, ജോഷി കുര്യാക്കോസ്, കെ.പി. ഈപ്പൻ , ഡിബിൻ ജോൺ, ആൽബിൻ ജയിംസ് എന്നിവർ പങ്കെടുത്തു.
National
റായ്പുർ: ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ നെല്ല് വിൽക്കുന്നതിനുള്ള ഓൺലൈൻ ടോക്കൺ ലഭിക്കാത്തതിനെ തുടർന്ന് ആദിവാസി കർഷകൻ ജീവനൊടുക്കാൻ ശ്രമിച്
സുമർ സിംഗ് ഗോണ്ട് (40) എന്നയാളാണ് കീടനാശിനി കഴിച്ച് ജീവനോടുക്കാൻ ശ്രമിച്ചത്. അദ്ദേഹം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
സംസ്ഥാന സംഭരണ വകുപ്പിന്റെ കീഴിൽ നെല്ല് വിൽക്കുന്നതിനുള്ള ഓൺലൈൻ ടോക്കൺ ലഭിക്കാത്തതിനെ തുടർന്ന് സുമർ സിംഗ് ഗോണ്ട് ജീവനൊടുക്കാൻ ശ്രമിച്ചത്. സംഭവത്തെ തുടർന്ന് കാർബ കളക്ടർ കുനാൽ ദുദാവത് പട്വാരി കാമിനി കരെയെ സസ്പെൻഡ് ചെയ്യുകയും തഹസിൽദാർ അഭിജിത് രാജ്ഭാനുവിന് കാരണം കാണിക്കൽ നോട്ടിസ് നൽകുകയും ചെയ്തു.
മൂന്ന് ഏക്കറിലധികം ഭൂമിയുള്ള സുമർ 68 ക്വിന്റലിലധികം നെല്ല് ഉൽപ്പാദിപ്പിച്ചുവെങ്കിലും നെല്ല് വിൽക്കാൻ കഴിയാഞ്ഞതിനെ തുടർന്ന് കടുത്ത മാനസിക ബുദ്ധിമുട്ടിലായിരുന്നു.
Kerala
തിരുവനന്തപുരം: കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ ഒന്നാം സീസണിൽ സപ്ലൈകോ വഴി സംഭരിച്ച മുഴുവൻ നെല്ലിനും കിലോഗ്രാമിന് 30 രൂപ വീതം നൽകാൻ മന്ത്രിസഭാ തീരുമാനം. 2025 ഒക്ടോബർ 20 മുതൽ സംഭരിച്ച നെല്ലിനാണ് മുൻകാല പ്രാബല്യത്തോടെ ഉയർന്ന വില നൽകുക.
നേരത്തേ നവംബർ ഒന്നു മുതൽ സപ്ലൈകോ വഴി സംഭരിച്ച നെല്ലിന് കിലോയ്ക്ക് 30 രൂപ വീതം നൽകാനായിരുന്നു തീരുമാനം. ഇങ്ങനെ നെല്ല് സംഭരിച്ചാൽ 2025- 26 ലെ ഒന്നാം സീസണിൽ സപ്ലൈകോ വഴി സംഭരിക്കുന്ന നെല്ലിന് കർഷകർക്ക് രണ്ടു തരം വില നൽകേണ്ടി വരുമെന്ന വിമർശനം ഉയർന്നു.
നവംബർ ഒന്നിന് മുൻപ് സംഭരിച്ച നെല്ലിന് കുറഞ്ഞ താങ്ങുവിലയും ശേഷം സംഭരിച്ച നെല്ലിന് ഉയർന്ന താങ്ങുവിലയും നൽകേണ്ട സാഹചര്യം വരും. ഇതു മറികടക്കാനാണ് ഒക്ടോബർ 20 മുതൽ മുൻകാല പ്രാബല്യം നൽകി ഭേദഗതി വരുത്തിയത്.
National
ഇൻഡോർ: കർഷകനെ ആക്രമിച്ച് 25 ലക്ഷം രൂപ കവർന്നു. മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിലാണ് സംഭവം. മൂന്ന് അക്രമികൾ ചേർന്ന് ഒരു കർഷകന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കൈയിൽ ഉണ്ടായിരുന്ന 25 ലക്ഷം രൂപയുടെ ബാഗ് കവർന്നെടുക്കുകയായിരുന്നു.
തമോയ ചാക്ക് ഗ്രാമത്തിലെ 47കാരനായ കർഷകൻ ലഖ്വിന്ദർ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുമ്പോൾ ചൊവ്വാഴ്ചയാണ് സംഭവം. ബന്ധുവിന്റെ കൈയിൽനിന്നു കടം വാങ്ങിയിരുന്ന പണം തിരികനൽകാൻ വീട്ടിൽനിന്ന് അശോക് നഗറിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.
വഴിയിൽ തടഞ്ഞ് മുളക് പൊടി എറിഞ്ഞ് അക്രമികൾ ബാഗ് തട്ടിയെടുത്തെന്നാണ് പരാതി. അലറിക്കരഞ്ഞ ഇദ്ദേഹത്തെ ഗ്രാമീണരാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ഥലം പരിശോധിച്ചതായും പ്രതികൾക്കായി തെരച്ചിൽ നടത്തിവരികയാണെന്നും സബ് ഡിവിഷണൽ ഓഫീസർ ഓഫ് പോലീസ് വിവേക് ശർമ പറഞ്ഞു. ആഴ്ചകൾക്കു മുന്പ് സദോരയിൽ മറ്റൊരു കർഷകനെ ആക്രമിച്ച് മാസ്ക് ധാരികൾ 20 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.
Kerala
കണ്ണൂർ: ജീവിതാനുഭവങ്ങളെയും, നാട്ടിടവഴികളിൽ ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലും കണ്ടവരെയുമെല്ലാം സിനിമയിലെത്തിച്ച പ്രതിഭയായിരുന്നു ശ്രീനിവാസൻ. ആസ്വാദകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പല കഥാപാത്രങ്ങളും ജന്മമെടുത്തത് ഈ പാട്യത്തുകാരന്റെ ജീവിതാംശങ്ങളിൽനിന്നു തന്നെയാണ്.
ജീവിതത്തിൽ കണ്ടെത്തിയവരെ പൊടിതട്ടി തേച്ചുമിനുക്കിയെടുത്ത് കഥാപാത്രങ്ങളാക്കി വെള്ളിവെളിച്ചത്തിൽ എത്തിച്ച പ്രതിഭാധനനായ സിനിമാ ലോകത്തെ സാധാരണക്കാരൻ കൂടിയാണ് ശ്രീനിവാസൻ. നർമത്തിന്റെ മേന്പൊടിയോടെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കാഴ്ചക്കാരെ ചിന്തയുടെ ലോകത്തേക്ക് നയിക്കലായിരുന്നു ശ്രീനിവാസന്റെ ആഖ്യാന രീതി. കമ്യൂണിസ്റ്റ് ബന്ധത്തിന്റെ പേരിൽ ജോലി നഷ്ടപ്പെട്ട അധ്യാപകനായ ഉണ്ണി മാഷിന്റെ മകനായി ബാല്യം ചെലവഴിച്ചശ്രീനിവാസൻ അനുഭവങ്ങളുടെ നെരിപ്പോടിലൂടെയാണ് കടന്നുവന്നത്.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ബസുടമായി, ഒടുവിൽ യൂണിയൻ സമരത്തത്തുടർന്ന് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുന്ന മുരളിയുടെ കഥപറയുന്ന വരവേൽപ്പ് ഒരു തരത്തിൽ ഉണ്ണിമാഷുടെ ജീവിതവുമായി ചേർന്നുനിൽക്കുന്ന സംഭവം കൂടിയാണ്. നഷ്ടപ്പെട്ട ജോലി പിന്നീട് തിരിച്ചുകിട്ടി വിരമിച്ച ഉണ്ണി മാഷ് ജീവിതത്തിൽ ഒരു ബസ് വാങ്ങുന്നുണ്ട്. മലബാറിലെ ഒരു പ്രമുഖ ക്ഷേത്രഗ്രാമത്തിലേക്കായിരുന്നുസർവീസ്. എന്നാൽ, ക്ഷേത്രത്തിലെ ഉത്സവകാലത്തെ കളക്ഷനുമായി വിശ്വസ്തനെന്നു നടിച്ച കണ്ടക്ടർ മുങ്ങി. ഇയാളെ ജോലിയിൽനിന്ന് പുറത്താക്കിയപ്പോൾ പ്രമുഖ യൂണിയൻ തിരിച്ചെടുക്കണമെന്നാവശ്യമുന്നയിച്ചു. ഉടമ തയാറായില്ല. ഇതോടെ ബസിൽ കൊടികുത്തി. നിർത്തിയിട്ട ബസ് രാത്രിയിൽ ചിലർ അടിച്ചു തകർത്തു. ആർക്കു മുന്നിലും മുട്ടു മടക്കാത്ത ഉണ്ണി മാഷ് എല്ലാ ദിവസവും ബസിൽ ചെന്നിരുന്ന് വൈകുന്നേരം തിരിച്ചുപോകും. ക്രമേണ ബസ് ദ്രവിച്ചു തീർന്നു.
ഈ ജീവിത കഥയിൽ നിന്നാണ് വരവേൽപ്പ് എന്ന ബസ് മുതലാളിയുടെ കഥ പിറന്നത്. നമുക്കുള്ളിലും നമ്മൾക്കൊപ്പവും ജീവിക്കുന്നവരായിരുന്നു ശ്രീനിവാസന്റെ ഓരോ കഥാപത്രങ്ങളും. മലയാളികളുടെ പൊങ്ങച്ചം, അസൂയ, കുശുന്പ്, സ്നേഹം, അപകർഷതാബോധം, പരിമിതമായ ആവശ്യം, ആഗ്രഹം, അത്യാഗ്രഹം, സ്വപ്നങ്ങൾ എന്നിവയെല്ലാം ഇദ്ദേഹത്തിന് കഥാതന്തുക്കളായിരുന്നു. അതുകൊണ്ടു തന്നെ തനിക്ക് പരിചയമുള്ളവരെ ഓരോരുത്തരെയും വ്യത്യസ്ത കാലഘട്ടങ്ങളിൽ കഥാപാത്രങ്ങളാക്കി.
ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിൽ എഇഒ ഓഫീസിലേക്ക് പോകുന്നെന്ന് പറഞ്ഞ് സ്വന്തം വാഴത്തോട്ടത്തിൽ കൃഷിപ്പണി ചെയ്യാൻ പോകുന്ന നെടുമുടി വേണുവിന്റെ മുഖ്യാധ്യാപകൻ, വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശൻ, സന്ദേശത്തിലെ കഥാപാത്രങ്ങൾ, ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയൻ, തലയണമന്ത്രത്തിലെ ദന്പതികൾ, സന്മനസുള്ളവർക്ക് സമാധാനത്തിലെ കഥാപാത്രങ്ങൾ, പൊന്മുട്ടയിടുന്ന താറാവിലെ തട്ടാൻ ഭാസകരനും അച്ഛനും ഒരു കാലത്ത് പാട്യത്തോ സമീപ പ്രദേശങ്ങളായ പാനൂരോ കതിരൂരോ കൂത്തുപറന്പിലോ ജീവിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയിരുന്നു.
ദുഷിച്ച രാഷ്ട്രീയ വ്യവസ്ഥിതി നിലനിൽക്കുന്ന കാലത്തോളം പ്രസക്തമായി തുടരുന്ന സന്ദേശം എന്ന സിനിമ ശ്രീനിവാസന്റെ മാസ്റ്റർ പീസാണ്. ഇതിലെ കമ്യൂണിസ്റ്റ് താത്വികാചാര്യനായ കുമാരപ്പിള്ള സാറും യുവനേതാക്കളെയുമെല്ലാം കണ്ടെടുത്തതും ജീവിത ചുറ്റുപാടിൽ നിന്നാണ്. സന്ദേശത്തിൽ പാർട്ടി തോറ്റതിനെക്കുറിച്ച് താത്വികാചാര്യൻ കുമാരപിള്ളയായി അഭിനയിച്ച് ശങ്കരാടി നൽകുന്ന വിശദീകരണത്തിലെ "അന്തർധാര സജീവമായിരുന്നു'എന്നാൽ ഈ താത്വിക അവോകനത്തെ ചോദ്യം ചെയ്തു കൊണ്ട് സാധാരണ പാർട്ടി പ്രവർത്തകൻ തോറ്റതിന്റെ കാരണം ലളിതമായ രീതിയിൽ പറഞ്ഞുതാ എന്നാവശ്യപ്പെടുന്നുണ്ട്. ഇതിന് "" കൃത്യമായി സ്റ്റഡി ക്ലാസിൽ വരാത്തതുകൊണ്ടാണ് നിനക്ക് കാര്യങ്ങൾ മനസിലാകാത്തത്''എന്ന ശ്രീനിവാസത്തിന്റെ നിറം പകരലായിരുന്നു.
മട്ടന്നൂർ കോളജിൽ പഠിക്കുന്നതിനിടെ പെൺകുട്ടികളെ കാണാനായി പതിവായി ബസ് സ്റ്റോപ്പ് പരിസരത്ത് എത്തുന്ന ഒരു വിമുക്തഭടനുണ്ടായിരുന്നു ശ്രീനിയുടെ ജീവിതത്തിൽ. ഇയാളെ മണിയടിച്ച് ചായയും മറ്റും വാങ്ങിപ്പിക്കുക എന്നത് ശ്രീനിയുടെയും സുഹൃത്തുക്കളുടെയും ഒരു ഹരവുമായിരുന്നു. വർഷങ്ങൾക്കു ശേഷം ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിൽ വിമുക്തഭടൻ കഥാപാത്രമായി. ജീവിതത്തിലെ വിമുക്തഭടന് സിനിമയിൽ ശ്രീനിവാസൻ റിട്ട. മേജറായി ജോലിക്കയറ്റം നൽകിയിരുന്നുവെന്നതാണ് വ്യത്യാസം. ഇയാളെ മണിയടിക്കുന്ന യുവാക്കളുടെ കൂട്ടത്തിലൊരുവനായി ഭക്തവത്സലനെന്ന പേരിൽ ശ്രീനിവാസൻ തന്നെയാണ് സിനിമയിലുമെത്തിയത്.
താൻ തിരക്കഥയെഴുതിയ സിനിമകളിൽ മിക്കതിലും സഹനടന്റെ റോളിലായിരുന്നു ശ്രീനിവാസൻ എത്തിയിരുന്നതെങ്കിലും നായകനെക്കാളും ജനങ്ങൾ ഹൃദയത്തിലേറ്റിയത് സഹനടനെയായിരുന്നു. തന്റെ തിരക്കഥകളിൽ സ്വയം അപഹാസ്യനാക്കുന്ന സംഭാഷണങ്ങളും ഉരുളയ്ക്കുപ്പേരി പോലുള്ള കൗണ്ടർ പ്രയോഗങ്ങളുമാണ് ശ്രീനിവാസനെ മറ്റു തിരക്കഥാകൃത്തുകളിൽനിന്ന് വ്യത്യസ്തനാക്കിയത്. ഇതിനായി അദ്ദേഹം ഉപയോഗപ്പെടുത്തിയതാകട്ടെ, നാട്ടിലെയും പ്രാന്തപ്രദേശങ്ങളിലെയും നാട്ടുഭാഷയും വാമൊഴി വഴക്കത്തിന്റെ ഹൈലൈറ്റ്സുകളുമായിരുന്നു.
Kerala
കാസർഗോഡ്: കാഞ്ഞങ്ങാട് പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. ചെമ്മട്ടംവയൽ സ്വദേശി കുഞ്ഞിരാമൻ (65) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് കുഞ്ഞിരാമനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടത്. രാവിലെ പത്തോടെ വയലിൽ അടക്ക പറിക്കാൻ പോയതായിരുന്നു കുഞ്ഞിരാമൻ എന്ന് ബന്ധുക്കൾ പറയുന്നു.
ഉച്ചയോടെ നാട്ടുകാരാണ് വയലിൽ വീണു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. കുഞ്ഞിരാമന്റെ കയ്യിൽ വൈദ്യുത കമ്പി പിണഞ്ഞു കിടക്കുന്നുണ്ടായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഹോസ്ദുർഗ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോട്ടയം: കർഷകനെ നീർനായ കടിച്ചു. തിരുവാർപ്പ് കരിയിൽ കെ.എ. എബ്രഹാമിനെയാണ് നീർനായ കടിച്ചത്. എബ്രഹാമിന്റെ കാലിന് പരിക്കേറ്റു.
ഇന്ന് വൈകുന്നേരം 5.30 നായിരുന്നു സംഭവം. പാടത്തുനിന്നും വന്നതിനു ശേഷം മീനച്ചിലാറിന്റെ കൈവഴിയായ തോട്ടിൽ തുണി കഴുകിക്കൊണ്ടിരുന്നപ്പോൾ കാലിൽ കടിക്കുകയായിരുന്നു. മൂന്ന് വിരലുകൾക്ക് ആഴമായ മുറിവുണ്ട്.
എബ്രഹാമിനെ ഉടൻ തന്നെ കോട്ടയം ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പ്രദേശത്ത് തോട്ടിൽ നീർനായയുടെ ശല്യം രൂക്ഷമാണ്. ഈ മാസം മാത്രം അഞ്ചു പേരെ നീർനായ് അക്രമിച്ചിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.
National
ഇന്ഡോര്: മധ്യപ്രദേശില് ബിജെപി നേതാവ് കര്ഷകനെ മര്ദിച്ച് അവശനാക്കിയ ശേഷം വാഹനമിടിച്ച് കൊലപ്പെടുത്തി. ഗണേശപുര ഗ്രാമത്തിൽ രാം സ്വരൂപ് ധാക്കഡ് എന്ന കര്ഷകനാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ബിജെപി നേതാവ് മഹേന്ദ്ര നാഗറിനും സഹായികള്ക്കുമെതിരെ പോലീസ് കേസെടുത്തു. പിതാവിനെ ആക്രമിക്കുന്നത് തടയാന് ശ്രമിച്ച പെണ്മക്കളെ പ്രതികള് ആക്രമിച്ചതായും പരാതിയുണ്ട്.
കൃഷി ഭൂമി വില്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. കൃഷിയിടത്തിലേക്ക് പോവുകയായിരുന്നു കര്ഷകനും കുടുംബവും. തുടര്ന്ന് ഇയാളെ തടഞ്ഞുനിര്ത്തുകയും വടിയും ഇരുമ്പ് കമ്പികളുമുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.
പിന്നാലെ കര്ഷകന്റെ ദേഹത്തുകൂടെ ജീപ്പ് കയറ്റിയിറക്കുകയായിരുന്നു. ഭൂമി കൈമാറാന് വിസമ്മതിച്ചതോടെയായിരുന്നു ആക്രമണമെന്ന് കര്ഷകന്റെ കുടുംബാംഗങ്ങള് ആരോപിച്ചു.
ബിജെപി നേതാവ് പല കര്ഷകരില് നിന്നും ഇത്തരത്തില് ഭൂമി വാങ്ങാന് ശ്രമിക്കുകയാണെന്നും കുടുംബം പറഞ്ഞു. അക്രമികള് തന്റെ വസ്ത്രം വലിച്ചുകീറാന് ശ്രമിച്ചതായി മകള് പോലീസിന് മൊഴിനല്കി. അമ്മയെ മര്ദിച്ചതായും പെണ്കുട്ടി ആരോപിച്ചു.
പ്രതി ഒരു മണിക്കൂറോളം ആക്രമണം തുടർന്നതായി കർഷകന്റെ സഹോദരൻ രാംകുമാർ പറഞ്ഞു. "അവർ രണ്ട് പെൺകുട്ടികളുടെയും വസ്ത്രങ്ങൾ വലിച്ചുകീറി. 20 ഓളം പേർ ആകാശത്തേക്ക് വെടിയുതിർത്തു. ഒരു മണിക്കൂറോളം അവർ ആക്രമണം തുടർന്നു. തുടർന്ന് പ്രതി സഹോദരനു മേൽ ഒരു ട്രാക്ടറും പിന്നീട് ഒരു ഥാറും ഇടിച്ചുകയറ്റി'.- അദ്ദേഹം പറഞ്ഞു.
പരിക്കേറ്റ കർഷകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അനുവദിച്ചില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു മണിക്കൂറോളം കഴിഞ്ഞാണ് പ്രതികൾ പോയത്. ഒടുവിൽ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയ്ക്കിടെ അദ്ദേഹം മരിച്ചു.
പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം അടക്കമുള്ള മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കായുള്ള അന്വേഷണത്തിലാണ് പോലീസ്.
District News
അടൂർ: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില് നടക്കുന്ന ജില്ലാ ക്ഷീര സംഗമം - നിറവ് 2025 ന്റെ രണ്ടാം ദിനത്തില് നടന്ന കന്നുകാലി പ്രദര്ശനം ആവേശമായി.
അടൂര് ബ്ലോക്കിലെ മേലൂട് ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തില് നടക്കുന്ന പരിപാടികളുടെ ഭാഗമായി സംഘം പരിസരത്ത് കന്നുകാലി പ്രദര്ശനം നടന്നത്. കിടാരി, കന്നുകുട്ടി, കറവപ്പശു വിഭാഗങ്ങളിലായി നിരവധി കാലികള് പങ്കെടുത്ത പ്രദര്ശന മത്സരങ്ങള്ക്ക് ക്ഷീര സംഗമം ചെയര്മാന് എ. പി. ജയന് പതാക ഉയര്ത്തി. പള്ളിക്കല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിച്ച യോഗം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. മണിയമ്മ ഉദ്ഘാടനം ചെയ്തു.
ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര് പി. അനിത, ക്ഷീര സംരംഭകത്വ വികസന കേന്ദ്രം പ്രിന്സിപ്പല് ഡോ.പി.ഇ. ഡോളസ, അടുര് ക്ഷീര വികസന ഓഫീസര് കെ പ്രദീപ്കുമാര് എന്നിവര് പ്രസംഗിച്ചു.
മികച്ച കറവപ്പശു, കിടാരി വിഭാഗത്തില് സുധാ പുഷ്പൻ, കിഴക്കേ ചരുവിലിന്റെയും കന്നുകുട്ടി വിഭാഗത്തില് സുധര്മിണി, അനില് ഭവനത്തിന്റെയും ഉരുക്കളെ തെരഞ്ഞെടുത്തു. പ്രദര്ശനത്തിന്റെ ഭാഗമായി തത്സമയ ചോദ്യോത്തര പരിപാടി നടത്തി, വിജയികള്ക്ക് സമ്മാനങ്ങള് നല്കി.
ക്ഷീരസംഗമത്തിന്റെ സമാപന ദിവസമായ ഇന്നു രാവിലെ 9.30 ന് ക്ഷീരകര്ഷകര്ക്കുള്ള സെമിനാര് കെഎല്ഡി ബോര്ഡ് മാനേജര് ഡോ അവിനാഷ് കുമാര് അവതരിപ്പിക്കും. വകുപ്പ് ജോയിന്റ് ഡയറക്ടര് ഷീബ ഖമര് മോഡറേറ്ററായിരിക്കും.11 ന് അടൂര് സെന്റ് തോമസ് ഓര്ത്തഡോക്സ് കത്തീഡ്രല് ഓഡിറ്റോറിയത്തില് സമാപന സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
ഓര്ത്തഡോക്സ് കത്തീഡ്രല് അങ്കണത്തില് മില്മ, കേരള ഫീഡ്സ് എന്നിവയുടെ വിവിധ ഉത്പനങ്ങളുടെയും കാര്ഷിക - ക്ഷീര മേഖലയില് ഉപയോഗിച്ചു പോരുന്ന വിവിധ യന്ത്രോപകരണങ്ങളുടെയും കാലിത്തീറ്റകളുടെയും വില്പന - പ്രദര്ശന സ്റ്റാളുകളും ഉണ്ടാകും.
Kerala
പാലക്കാട്: അട്ടപ്പാടിയിൽ കർഷകൻ ജീവനൊടുക്കിയ സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡെപ്യൂട്ടി കളക്ടർക്ക് നിർദേശം. ജില്ലാ കളക്ടറാണ് ഡെപ്യൂട്ടി കളക്ടർ എസ്. ശ്രീജിത്തിന് നിർദേശം നൽകിയത്.
അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യും. കൃഷ്ണസ്വാമിക്ക് കൃഷിയിടത്തിൽ തണ്ടപേര് കൊടുക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മനഃപൂർവം കാലതാമസം ഉണ്ടായോ എന്നകാര്യങ്ങളടക്കം പരിശോധിക്കാനാണ് നീക്കം.
എന്നാൽ റവന്യൂ വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് കൃഷ്ണസ്വാമിയുടെ ഭാര്യയും ബന്ധുക്കളും ഉയർത്തുന്നത്. അട്ടപ്പാടിയിലെ വില്ലേജ് ഓഫീസില് കടുത്ത അഴിമതിയാണ് നടക്കുന്നതെന്ന് കുടുംബം ആരോപിച്ചു.
സ്വന്തം ഭൂമിക്ക് തണ്ടപേര് ലഭിക്കുന്നതിനായി ആറ് മാസത്തോളം ഓഫീസുകള് കയറിയിറങ്ങി മടുത്താണ് കൃഷ്ണസ്വാമി ജീവനൊടുക്കിയതെന്ന് ഭാര്യ കമലം പ്രതികരിച്ചു. സ്വന്തം ഭൂമിയുടെ തണ്ടപ്പേര് മറ്റൊരാളുടെ പേരിലാണെന്ന് അറിഞ്ഞതോടെ കൃഷ്ണസ്വാമി കടുത്ത മനോവിഷമത്തിലായെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥര്ക്കെതിരെ നടപടി വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
അതേസമയം, കാലങ്ങളായി പ്രദേശത്തെ കർഷകർക്ക് നേരെ സമാനഅനുഭവങ്ങൾ ഉണ്ടാകുന്നതിൽ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും എത്തിയിരുന്നു. അഗളി വില്ലേജ് ഓഫീസിലേക്കാണ് പ്രതിഷേധമാർച്ചുമായി പ്രവർത്തകർ എത്തിയത്.
National
ബംഗളൂരു: കർണാടകയിൽ കടുവയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്ക്. മൈസൂരു ജില്ലയിലെ സരഗുർ താലൂക്കിലെ ബഡഗലപുര ഗ്രാമത്തിലാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ മഹാദേവ്(34) എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയലിൽ ജോലി ചെയ്തിരുന്ന കർഷകർക്ക് നേരെയാണ് കടുവയുടെ ആക്രമണമുണ്ടായത്. കർഷകർ മരത്തിൽ കയറി രക്ഷപെട്ടെങ്കിലും മഹാദേവിന് ഓടി മാറാൻ സാധിച്ചില്ല.
കടുവ മഹാദേവിനെ വലിച്ചിഴച്ചുകൊണ്ടുപോയി മുഖത്തും തലയിലും കടിച്ചു. ഇയാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
വന്യമൃഗങ്ങളുടെ സാന്നിധ്യത്തെ കുറിച്ച് നിരവധി തവണ പരാതി നൽകിയിരുന്നെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥർ കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. കടുവയെ പിടികൂടാൻ കുങ്കി ആനകളെയും ഡ്രോണുകളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.