ഡൽഹിയിലെ താൽക്കത്തോറ സ്റ്റേഡിയത്തിൽ കരാട്ടെ മത്സരത്തിൽ സ്വർണമെഡൽ നേടി തിരികെയെത്തിയ ജൻമോണി കൻവർ, തൊട്ടരികെ കുടുംബാംഗങ്ങൾക്കൊപ്പം ജൻമോണി ഇപ്പോൾ താമസിക്കുന്ന പ്ലാസ്റ്റിക് ടെന്റ്
ദിസ്പുർ: ഡൽഹിയിലെ താൽക്കത്തോറ സ്റ്റേഡിയത്തിൽ എതിരാളികളെ മലർത്തിയടിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്പോൾ ജൻമോണി കൻവർ എന്ന 17 കാരി കരുതിയിരുന്നില്ല തന്റെ മടക്കം ഒരു പ്ലാസ്റ്റിക് കൂട്ടിലേക്ക് ആകുമെന്ന്. എന്നാൽ വിധി അവൾക്ക് കാത്തുവെച്ചത് ആ ദുര്യോഗമായിരുന്നു.
പ്രളയത്തിൽ വീട് നഷ്ടപ്പെട്ട് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുണ്ടാക്കിയ താത്കാലിക ടെന്റിൽ കഴിയുന്ന കുടുംബത്തിന് അരികിലേക്കാണ് ജൻമോണി എത്തിയത്. അസമിലെ ജോർഹാട്ട് ജില്ലയിലെ ഭോഗ്ദോയ്പോരിയ ഗ്രാമവാസിയായ ജൻമോണി, താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അഷിഹാറ കരാട്ടെ വിഭാഗത്തിലാണ് സ്വർണം നേടിയത്.
മത്സരത്തിനുള്ള ചെലവുകൾക്കായി മൂന്ന് വർഷമായി പരിപാലിച്ചിരുന്ന വളർത്തു മത്സ്യങ്ങളെ വിറ്റ് പണം കണ്ടെത്താമെന്നാണ് കുടുംബം കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ മാസം കവിഞ്ഞൊഴുകിയ പ്രളയജലത്തിൽ ഇതെല്ലാം നശിച്ചുപോയി.
നേരത്തെ വിവിധ കരാട്ടെ മത്സരങ്ങളിൽ പങ്കെടുപ്പിക്കാനായി കുടുംബത്തിന് തങ്ങളുടെ രണ്ടു പോത്തുകളെയും വിൽക്കേണ്ടി വന്നിരുന്നു. വീടും ജീവനോപാധികളും നശിച്ചിട്ടും അണക്കെട്ടിന്റെ തീരത്തെ താത്കാലിക ടെന്റിൽ താമസിച്ചാണ് ജൻമോണി പരിശീലനം തുടർന്നത്.
Tags : JanmoniKonwar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Assam PlasticTent