സോംബി ഡ്രഗ് കഴിച്ചവരെന്ന തരത്തിൽ ബിജെപി എംപി ഹർഭജൻ സിംഗ് പങ്കുവെച്ച ചിത്രം
ചണ്ഡിഗഢ്: പഞ്ചാബിൽ ലഹരിമരുന്ന് ഉപയോഗിച്ച് അവശനിലയിലായ യുവാക്കളുടെ ദൃശ്യങ്ങളെന്ന പേരിൽ ബിജെപി രാജ്യസഭാ എംപി ഹർഭജൻ സിംഗ് സമൂഹമാധ്യമമായ 'എക്സി'ൽ പങ്കുവെച്ച വീഡിയോ രാജസ്ഥാനിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരണം. ഇതോടെ വിഷയം പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയും ബിജെപിയും തമ്മിലുള്ള വലിയ രാഷ്ട്രീയ വിവാദമായി മാറി.
രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ ചിത്രീകരിച്ച ഈ വീഡിയോയിൽ, രണ്ട് യുവാക്കൾ ബോധരഹിതരായി വഴിയിൽ നിൽക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇവർ 'സോംബി ഡ്രഗ്' എന്നറിയപ്പെടുന്ന മാരക മയക്കുമരുന്ന് കഴിച്ചതാണെന്ന രീതിയിലാണ് പ്രചാരണം നടന്നത്. പഞ്ചാബിലെ യുവാക്കളുടെ അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച ഹർഭജൻ സിംഗ്, സംസ്ഥാനത്ത് ഉടൻ നടപടിയും സുതാര്യതയും ആവശ്യപ്പെട്ട് എഎപി സർക്കാരിനെതിരെ രംഗത്തുവരികയായിരുന്നു.
എന്നാൽ, ബിജെപി നേതാക്കളെ പ്രീതിപ്പെടുത്താനും പഞ്ചാബിന്റെ പ്രതിച്ഛായ അപകീർത്തിപ്പെടുത്താനുമാണ് ഹർഭജൻ സിംഗ് രാജസ്ഥാനിലെ ദൃശ്യങ്ങൾ പഞ്ചാബിലേതാണെന്ന മട്ടിൽ വ്യാജമായി പ്രചരിപ്പിച്ചതെന്ന് പഞ്ചാബ് കാബിനറ്റ് മന്ത്രി ഡോ. ബൽജിത് കൗർ കുറ്റപ്പെടുത്തി.
വീഡിയോയിലുള്ള വ്യക്തികൾ യഥാർത്ഥത്തിൽ എന്താണ് കഴിച്ചതെന്ന കാര്യത്തിൽ സ്വതന്ത്ര സ്ഥിരീകരണമൊന്നുമില്ലെങ്കിലും, ലഹരി പ്രശ്നത്തെച്ചൊല്ലി പഞ്ചാബിൽ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ ശക്തമാക്കാൻ ഈ സംഭവം വഴിവെച്ചിരിക്കുകയാണ്.
Tags : BJPMP LatestNews HarbhajanSingh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash