കെ.എം. ബഷീർ, ശ്രീറാം വെങ്കിട്ടരാമൻ.
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമനെതിരെ നിർണായക സാക്ഷിമൊഴി. അപകടസമയത്ത് ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിലേക്ക് മാറ്റിയതായി സുഹൃത്തും ഡോക്ടറുമായ അനീഷ് രാജ് തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ മൊഴി നൽകി.
രക്തം പുരണ്ട വസ്ത്രങ്ങൾ കവടിയാറിലെ സിവിൽ സർവീസ് ക്വാർട്ടേഴ്സിൽ കൊണ്ടുപോയി. തുടർന്ന് പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ചാണ് ശ്രീറാമിനെ കിംസ് ആശുപത്രിയിൽ എത്തിച്ചതെന്നും പത്താം സാക്ഷിയായ ഡോ. അനീഷ് രാജ് കോടതിയിൽ വ്യക്തമാക്കി. കവടിയാറിലെ ക്വാർട്ടേഴ്സിൽ വച്ചിരുന്ന രക്തം പുരണ്ട ടി ഷർട്ടും ജീൻസും പിന്നീട് പോലീസിന് എടുത്തുനൽകിയെന്ന് ശ്രീറാമിന്റെ മറ്റൊരു സുഹൃത്തായ പതിനൊന്നാം സാക്ഷി അമരീന്ദ്ര സിംഗും മൊഴി നൽകിയിട്ടുണ്ട്.
2019 ആഗസ്റ്റ് മൂന്നിന് പുലര്ച്ചെ ഒന്നിന് തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്തുവച്ചാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച കെ.എം. ബഷീർ കൊല്ലപ്പെട്ടത്. തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു കാർ. എന്നാൽ വാഹനമോടിച്ചത് വഫയാണെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ ആദ്യ ശ്രമം. വണ്ടിയോടിച്ചത് വഫയാണെന്ന് ആദ്യം പോലീസും പറഞ്ഞിരുന്നു.
കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. നിലവിൽ കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.എസ്. രാജേഷ് കോടതിയിൽ ഹാജരായി.
Tags : Sriram Venkataraman K.M. Basheer Murder Case Court Trial