ഹൈക്കോടതി
കൊച്ചി: എസ്എൻഡിപി മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് താലൂക്ക് യൂണിയനുകളിൽ വൻ ക്രമക്കേട് നടന്നതായി വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. പുൽപ്പള്ളി, മാനന്തവാടി, റാന്നി, കുന്നത്തുനാട്, കണയന്നൂർ, ചിറ്റൂർ, തളിപ്പറമ്പ് എന്നീ യൂണിയനുകളിൽ നടത്തിയ അന്വേഷണത്തിലാണ് അഴിമതി കണ്ടെത്തിയിരിക്കുന്നത്.
പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്നും എസ്എൻഡിപി യോഗം സ്വീകരിക്കുന്ന വായ്പാ തുക വിവിധ യൂണിയനുകൾ വഴി അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതിലാണ് പ്രധാനമായും ക്രമക്കേടുകൾ നടന്നിട്ടുള്ളത്. അംഗങ്ങളിൽ നിന്ന് നിയമവിരുദ്ധമായി അമിത പലിശ ഈടാക്കിയതായും അനുവദിച്ച വായ്പാ തുക ലക്ഷ്യം മാറ്റി ചെലവഴിച്ചതായും വിജിലൻസ് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്ത 124 കേസുകളിൽ ആദ്യഘട്ടമെന്ന നിലയിലാണ് ഏഴ് താലൂക്ക് യൂണിയനുകളിലെ അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇപ്പോൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇതിൽ പുൽപ്പള്ളി, റാന്നി യൂണിയനുകളിലെ കേസുകളിൽ കുറ്റപത്രം ഇതിനോടകം തന്നെ തയാറായിക്കഴിഞ്ഞു.
അഴിമതി നിരോധന നിയമപ്രകാരമുള്ള കേസായതിനാൽ പുൽപ്പള്ളി യൂണിയനിലെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനായി സർക്കാരിന്‍റെ ഔദ്യോഗിക വിചാരണാ അനുമതി തേടിയിരിക്കുകയാണ്. മറ്റ് യൂണിയനുകളിലെ കുറ്റപത്രങ്ങൾ തയാറായി വരികയാണെന്ന് വിജിലൻസ് എസ്പിഎസ് ശശിധരൻ ഹൈക്കോടതിയെ അറിയിച്ചു.
Tags : Microfinance Vigilance HighCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs