ടി.ജി. മോഹൻദാസ്
തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ അറസ്റ്റിലായ ടി.ജി. മോഹൻദാസിന് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് തിരുവനന്തപുരം എസിജെഎം കോടതി ജാമ്യം അനുവദിച്ചത്. അടുത്ത മൂന്ന് ദിവസം അന്വേഷണവുമായി സഹകരിക്കണം. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്.
ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. അതേസമയം പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. തെളിവ് ശേഖരണത്തിന് കസ്റ്റഡി അനിവാര്യമാണെന്നും മോഹൻദാസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ഈ വാദം ശരിയല്ലെന്ന് പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി.
ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് സംഘപരിവാർ സഹയാത്രികനായ ടി.ജി. മോഹൻദാസിനെതിരെ പോലീസ് കേസെടുത്തത്. കലാപത്തിന് ആഹ്വാനം ചെയ്യൽ , വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, സമൂഹത്തിൽ ക്രമസമാധാനം തകർക്കുന്ന രീതിയിൽ പെരുമാറൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ചുമത്തിയിരിക്കുന്ന കുറ്റങ്ങളിൽ ഭൂരിഭാഗവും മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്നവയാണ്. സമരം ചെയ്യുന്ന വിദ്യാർഥികളെ താനായിരുന്നെങ്കിൽ വെടിവച്ചു കൊല്ലുമായിരുന്നെന്നും ബലാത്സംഗം ഇഷ്ട്ടപ്പെടുന്നവരാണ് അവിടെ സമരം ചെയ്യുന്നവരെന്നുമായിരുന്നു മോഹൻദാസിന്റെ പ്രസ്താവന. ഇതിനെതിരെ വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്നായിരുന്നു സൈബർ പോലീസ് കേസെടുത്തത്.
Tags : T.G. Mohandas PoliCeCase NEET Protest Bail Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash