അസീസി നഗരം
അസീസി: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം ചരമവാർഷികാഘോഷങ്ങൾക്ക് ഇറ്റലിയിലെ അസീസി നഗരം ഒരുങ്ങി. ഒക്ടോബർ മൂന്ന്, നാല് തീയതികളിൽ നടക്കുന്ന പ്രധാന ചടങ്ങുകളിൽ പങ്കെടുക്കാൻ ആയിരക്കണക്കിനു തീർഥാടകരാണ് അസീസിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
വിശുദ്ധന്റെ തിരുനാൾ ദിനമായ ഒക്ടോബർ നാലിന് ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാത്തറെല്ല ഉൾപ്പടെയുള്ള ലോകനേതാക്കൾ ചടങ്ങുകളിൽ പങ്കുചേരും. അന്ന് ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസ് പ്രസിഡന്റ് കർദിനാൾ മത്തേയോ മരിയ സൂപ്പിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന നടക്കും. അസീസി ബസിലിക്കകളുടെ പേപ്പൽ പ്രതിനിധി കർദിനാൾ ആഞ്ചലോ ഫെർണാണ്ടസ് അർതിമെയും ചടങ്ങിൽ സംബന്ധിക്കും.
കഴിഞ്ഞ 24ന് ആരംഭിച്ച ആഘോഷപരിപാടികൾ ഒക്ടോബർ അഞ്ചുവരെ നീണ്ടുനിൽക്കും. വിശുദ്ധ കുർബാന ഉൾപ്പടെയുള്ള തിരുക്കർമങ്ങൾക്കുപുറമെ സാംസ്കാരികപരിപാടികളും കാരുണ്യപ്രവർത്തനങ്ങളും നടക്കുന്നുണ്ട്. പോർസ്യങ്കുളയിൽ വിശുദ്ധന്റെ ഓർമയ്ക്കായി നടക്കുന്ന പരമ്പരാഗത പ്രദക്ഷിണവും പ്രധാന ആകർഷണമാണ്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവിതത്തിന്റെ അവസാനനിമിഷങ്ങളെ അനുസ്മരിക്കുന്ന ‘ട്രാൻസിത്തുസ്’ പ്രാർഥന ആഘോഷങ്ങളിലെ പ്രധാന ചടങ്ങുകളിലൊന്നാണ്.
800-ാം ചരമവാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ പൊതുദർശനത്തിന് വച്ചപ്പോൾ ഏകദേശം നാലു ലക്ഷത്തോളം തീർഥാടകരാണ് അസീസിയിലെത്തിയത്.
Tags : Deepika DeepikaNewspaper BreakingNews Assisi prepares welcome pilgrims