ആഭ്യന്തരമന്ത്രാലയം
ന്യൂഡൽഹി: രാജ്യത്ത് എഫ്സിആർഎ രജിസ്ട്രേഷനുള്ള സന്നദ്ധ സംഘടനകളുടെ (എൻജിഒ) എണ്ണം പത്തു വർഷത്തിനിടെ പകുതിയായി കുറഞ്ഞെങ്കിലും വിദേശ ഫണ്ടിന്റെ വരവ് കൂടിയതായി ആഭ്യന്തരമന്ത്രാലയം.
2015ൽ 29,022 ആയിരുന്ന സജീവ എൻജിഒകളുടെ എണ്ണം 2024-25ൽ 14,466 ആയി കുറഞ്ഞെങ്കിലും വിദേശ സംഭാവനയായി ലഭിച്ച തുക 17,832 കോടി രൂപയിൽനിന്ന് 22,974 കോടി രൂപയായി വർധിച്ചതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
സംസ്ഥാനങ്ങൾ തിരിച്ചുള്ള എൻജിഒകളുടെ കണക്കിൽ 2,102 എണ്ണവുമായി തമിഴ്നാടാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്ര (1,578), കർണാടക (1,355), ഡൽഹി (1,218), ആന്ധ്രാപ്രദേശ് (1,022), കേരളം (1,013) തുടങ്ങിയവയാണ് തൊട്ടുപിന്നിലുള്ള മറ്റു പ്രധാന സംസ്ഥാനങ്ങൾ.
വിവാദമായ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (എഫ്സിആർഎ) പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിക്കു മുന്നിലാണ് ആഭ്യന്തര മന്ത്രാലയവും നിയമമന്ത്രാലയവും ഈ കണക്കുകൾ നൽകിയത്.
ബിജെപി എംപി സഞ്ജയ് ജയ്സ്വാളിന്റെ നേതൃത്വത്തിലുള്ള 31 അംഗ ജെപിസിയുടെ രണ്ടാമത്തെ യോഗമാണ് ഇന്നലെ നടന്നത്. നിയമത്തിലെ ഓരോ വ്യവസ്ഥയും ഉദ്യോഗസ്ഥർ സമിതിയിൽ വിശദീകരിച്ചു.
ന്യൂനപക്ഷ വേട്ടയ്ക്കായി ബിൽ ഉപയോഗിക്കുമെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ വിദേശസംഭവനയിൽ കൂടുതൽ സുതാര്യത കൊണ്ടുവരുകയാണു ലക്ഷ്യമെന്ന് കേന്ദ്രസർക്കാർ വാദിക്കുന്നു.
ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ച ബില്ലിൽ കൂടുതൽ നിർദേശങ്ങൾ നൽകാൻ സമിതി അംഗങ്ങൾക്ക് ഏഴു ദിവസത്തെ സമയം അനുവദിച്ചിരുന്നു. എന്നാൽ, കൃത്യമായി പഠിച്ചു നിർദേശങ്ങൾ സമർപ്പിക്കാൻ നാലാഴ്ചത്തെ സമയമെങ്കിലും വേണമെന്ന ആവശ്യം പ്രതിപക്ഷം മുന്നോട്ടുവച്ചു.
കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആശുപത്രികൾ, വിവിധ മതവിഭാഗങ്ങളുടെ സ്ഥാപനങ്ങൾ എന്നിവയെയെല്ലാം രാജ്യത്തുടനീളം വലിയതോതിൽ സ്വാധീനിക്കുന്ന ഒന്നാണ് എഫ്സിആർഎ ബിൽ.
അതിനാൽ, ബില്ലിനെ സംബന്ധിച്ച നിർദേശങ്ങൾ മാത്രമല്ല, എതിർപ്പുകളും അറിയിക്കാൻ പൊതുജനങ്ങൾക്കും ബന്ധപ്പെട്ട കക്ഷികൾക്കും അവസരം നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
Tags : FCRA CentralGovernment Reports ForeignFund Inflows Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash