പ്രതീകാത്മക ചിത്രം - എഐ
കോൽക്കത്ത: രാജ്യത്തെ പ്രമുഖ ക്രൈ സ്തവ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്രൈസ്തവ മാനേജ്മെന്റ് കോളജുകൾക്കും നേരേ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെയും ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുള്ള സമ്മർദവും അനാവശ്യ ഇടപെടലുകളും വർധിച്ചുവരുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര കത്തോലിക്ക വാർത്താ ഏജൻസിയായ ‘സെനിത്ത്’ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
നേരത്തേ ഗ്രാമീണ മേഖലകളിലെ പ്രാർഥനായോഗങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരേ നടന്നിരുന്ന ആക്രമണങ്ങളും തടസപ്പെടുത്തലുകളും ഇപ്പോൾ നഗരങ്ങളിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിക്കുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയതോടെ പശ്ചിമബംഗാളിൽ വർഷങ്ങളായി നിലനിന്നിരുന്ന മതസൗഹാർദ അന്തരീക്ഷം തകരുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്വാധീനം അടിത്തട്ടിൽനിന്നുതന്നെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ കേന്ദ്രങ്ങളെ കേന്ദ്രീകരിച്ചു നീക്കങ്ങൾ നടക്കുന്നത്.
ന്യൂനപക്ഷ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നതിനായി "നിർബന്ധിത മതപരിവർത്തനം'നടത്തുന്നുവെന്ന വ്യാജ ആരോപണങ്ങളാണ് പ്രധാനമായും ഉന്നയിക്കപ്പെടുന്നത്. കഴിഞ്ഞയാഴ്ച കോൽക്കത്ത സെന്റ് സേവ്യേഴ്സ് കോളജ്, ഏഷ്യയിലെതന്നെ ഏറ്റവും പഴക്കമേറിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ മെതഡിസ്റ്റ് സഭയ്ക്കു കീഴിലുള്ള പശ്ചിമബംഗാളിലെ ഹൂഗ്ലി ജില്ലയിലുള്ള സെറാംപുർ കോളജ് എന്നിവിടങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ മുൻകൂട്ടി അറിയിക്കാതെ മിന്നൽ പരിശോധന നടത്തിയിരുന്നു.
ഇത്തരം പരിശോധനകളും ചോദ്യം ചെയ്യലുകളും സ്ഥാപനങ്ങളുടെ ഭരണസമിതികൾക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും കടുത്ത ഭീതിയും മാനസികസമ്മർദവുമാണ് ഉണ്ടാക്കുന്നത്. ഇതിനുപുറമെ ചില യുട്യൂബ് ചാനലുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിട്ട് സംഘർഷാവസ്ഥ സൃഷ്ടിക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു
സാമ്പത്തിക ഉപരോധം
വിദേശസംഭാവനാ നിയന്ത്രണ നിയമം അനുസരിച്ചുള്ള അക്കൗണ്ടുകൾ റദ്ദാക്കിയത് ഈ ചരിത്രപ്രധാന സ്ഥാപനങ്ങളുടെ സാമ്പത്തിക അടിത്തറയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതോടെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകളും സുപ്രധാന വികസന പദ്ധതികളും പൂർണമായി മരവിപ്പിക്കപ്പെട്ട അവസ്ഥയിലാണ്.
1818ൽ ബ്രിട്ടീഷ് ബാപ്റ്റിസ്റ്റ് മിഷനറിമാരായ വില്യം കേരി, ജോഷ്വാ മാർഷ്മാൻ, വില്യം വാർഡ് എന്നിവർ ചേർന്നു സ്ഥാപിച്ച സെറാംപുർ കോളജ്, 1827ൽ ഡെൻമാർക്കിലെ ഫ്രെഡറിക് ആറാമൻ രാജാവിന്റെ റോയൽ ചാർട്ടർ പ്രകാരം ഏഷ്യയിൽ സർവകലാശാലാ പദവി ലഭിച്ച ആദ്യ സ്ഥാപനങ്ങളിലൊന്നാണ്.
കോൽക്കത്ത സർവകലാശാലയുടെ അഫിലിയേഷനോടെ വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകൾ നടത്തുന്ന ഈ കോളജ് സെനറ്റാണ് ഇന്ത്യയിലെ വിവധ സഭകൾക്കു കീഴിലുള്ള 40ലധികം തിയോളജിക്കൽ (ദൈവശാസ്ത്ര) കോളജുകൾക്ക് അഫിലിയേഷൻ നൽകുന്നത്.
സെറാംപുർ കോളജിന്റെ പ്രവർത്തനം തടസപ്പെട്ടാൽ ദക്ഷിണേഷ്യയിലുടനീളമുള്ള ക്രിസ്തീയ ദൈവശാസ്ത്ര പഠനവും അക്കാദമിക് അംഗീകാരങ്ങളും പൂർണമായി പ്രതിസന്ധിയിലാകും.
ഭരണകൂട പിന്തുണയോടെ നടക്കുന്ന ഇത്തരം വ്യാജ പ്രചാരണങ്ങളും വിവേചനപരമായ നടപടികളും രാജ്യത്തെ ഭരണഘടനാപരമായ മതസ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും വൻ തിരിച്ചടിയാണെന്ന് കത്തോലിക്ക-പ്രൊട്ടസ്റ്റന്റ് സഭാ നേതൃത്വങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Tags : Report ChristianEducationalInstitutions Country Threat Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash