പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സൈബർ സാമ്പത്തിക തട്ടിപ്പുകൾക്കിരയാകുന്നവർക്ക് പൊലിസ് സ്റ്റേഷൻ സന്ദർശിക്കാതെ തന്നെ നിയമനടപടികൾ ആരംഭിക്കാൻ സഹായിക്കുന്ന 'ഇ-സീറോ എഫ്ഐആർ' സംവിധാനത്തിന് ഗുജറാത്തിൽ തുടക്കമായി. ഗാന്ധിനഗറിൽ നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഹർഷ് സംഘ്വിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ദേശീയ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930 വഴി ലഭിക്കുന്ന പരാതികളിൽ ഓട്ടോമാറ്റിക്കായി തന്നെ 'ഇ-സീറോ എഫ്.ഐ.ആർ' തയാറാക്കപ്പെടുകയും, തുടർനടപടികൾക്കായി ബന്ധപ്പെട്ട പൊലിസ് സ്റ്റേഷനിലേക്ക് ഡിജിറ്റലായി കൈമാറുകയും ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള 'ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററുമായി' സഹകരിച്ചാണ് ഈ സംവിധാനം വികസിപ്പിച്ചത്.
ഇതിലൂടെ വേഗത്തിൽ കേസെടുക്കാനും തട്ടിയെടുത്ത പണം തിരികെ പിടിക്കാനുമുള്ള സാധ്യത വർധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അഹമ്മദാബാദിലെ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിലൂടെ നഷ്ടപ്പെടുമായിരുന്ന 15.76 ലക്ഷം രൂപ ഈ പുതിയ സംവിധാനത്തിലൂടെ വേഗത്തിൽ ഇടപെട്ട് പൊലീസ് വീണ്ടെടുത്തു.
Tags : e-ZeroFIR CyberFinancialFraud NationalCybercrimeHelpline IndianCyberCrimeCoordination Centre (I4C) DigitalArrestFraud