Kerala
കൊച്ചി: എഫ്സിആർഎ നിയമത്തിലെ ഭേദഗതികളിലെ ആശങ്കകൾ പരിഹരിക്കണമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ ആവശ്യപ്പെട്ടു.
ഭേദഗതികളിലെ പലതും ഫണ്ടുകളിലെ സുതാര്യതയും ക്രമവത്കരണവും ലക്ഷ്യമിടുന്നതാണ് എന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. അത്തരം ലക്ഷ്യങ്ങളോടെയുള്ള നീക്കങ്ങളെ പിന്തുണയ്ക്കുന്നു.
എന്നാൽ, ഇപ്പോഴുള്ള ഭേദഗതികളിൽ കൂട്ടിച്ചേർത്തിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം, സ്ഥാപനമോ ഭാരവാഹികളോ നടത്തുന്ന മുഴുവൻ പ്രസിദ്ധീകരണ പ്രവർത്തനങ്ങൾപോലും വാർഷിക റിട്ടേണിൽ അറിയിക്കണം എന്നു തുടങ്ങി, വകുപ്പുകളിൽ പലതും ജനാധിപത്യ വിരുദ്ധവും മൗലികാവകാശ ലംഘനങ്ങളും അഭിപ്രായ സ്വതന്ത്ര്യത്തിനുള്ള പൗരരുടെ അവകാശങ്ങളെ ഹനിക്കുന്നതുമാണ്.
മതപരിവർത്തന ശ്രമങ്ങളെ തടയാനെന്ന് അവകാശപ്പെട്ടുള്ള ചില വകുപ്പുകൾ എളുപ്പത്തിൽ ദുരുപയോഗിക്കപ്പെടാവുന്നതും ഭരണഘടന ഉറപ്പു നല്കുന്ന മതസ്വാതന്ത്ര്യത്തിന് വിഘാതം സൃഷ്ടിച്ചേക്കാവുന്നതുമാണ്.
ഈ കാര്യങ്ങളിലുള്ള ആശങ്ക കേന്ദ്രസർക്കാർ ഗൗരവമായി പരിഗണിക്കുകയും പരിഹാരം കണ്ടെത്തുകയും വേണമെന്ന് ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ ആവശ്യപ്പെട്ടു.
National
ന്യൂഡല്‍ഹി: വിവാദങ്ങളും പ്രതിഷേധങ്ങളും അവഗണിച്ച് വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്‍എ) വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമാക്കിക്കൊണ്ടുള്ള പുതിയ ഭേദഗതി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ഭാഗികമായെങ്കിലും വിദേശ സംഭാവന ലഭിച്ച എല്ലാ സന്നദ്ധസംഘടനകളുടെയും അസോസിയേഷനുകളുടെയും പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ ഉള്ളടക്കവും വിദേശികളുടെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങളും നിരോധിച്ചു.
സമൂഹമാധ്യമ അക്കൗണ്ടുകള്‍ പ്രഖ്യാപിക്കണം, പ്രഖ്യാപിത ഉദ്ദേശ്യങ്ങളും നിര്‍ദിഷ്ട പ്രവര്‍ത്തനമേഖലകളും പ്രവര്‍ത്തനങ്ങളും ഭൂമിശാസ്ത്രപരമായ വ്യാപ്തിയും വെളിപ്പെടുത്തണം, നിര്‍ദിഷ്ട പ്രവര്‍ത്തനങ്ങളില്‍ മാത്രം തുടരണം തുടങ്ങിയ നിരവധി വ്യവസ്ഥകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുതിയ എഫ്സിആര്‍എ ഭേദഗതിയില്‍ ഉള്‍പ്പെടുത്തി. ഹിന്ദിയിലും ഇംഗ്ലീഷിലുമായി 28 പേജുള്ള സര്‍ക്കാര്‍ വിജ്ഞാപനം അസാധാരണ ഗസറ്റായി തിങ്കളാഴ്ചയാണു പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി എഫ്സിആര്‍എ ഭേദഗതി നിയമം പ്രസിദ്ധീകരിച്ചെങ്കിലും പാര്‍ലമെന്റിലും പുറത്തും വലിയ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് തത്കാലത്തേക്കു മരവിപ്പിച്ചിരുന്നു. കേരളത്തില്‍ ക്രൈസ്തവ വോട്ടര്‍മാരെ ആശങ്കയിലാഴ്ത്തിയ എഫ്സിആര്‍എ ഭേദഗതികള്‍ ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും വിലയിരുത്തപ്പെട്ടു.
ഭേദഗതിപ്രകാരം വിദേശ പൗരന്മാരെ പ്രധാന പ്രവര്‍ത്തകരായി ഉള്‍പ്പെടുത്തിയിരിക്കുന്ന എന്‍ജിഒകള്‍ക്ക് രജിസ്ട്രേഷന് നല്‍കില്ല. ഇന്ത്യന്‍ വംശജര്‍ ഒഴികെയുള്ള വിദേശപൗരന്മാര് പ്രധാനികളായുള്ള ഏതൊരു അസോസിയേഷനെയും നിയമപ്രകാരം രജിസ്ട്രേഷന് നല്‍കുന്നതിനോ വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള മുന്‍കൂര്‍ അനുമതിക്കോ സാധാരണഗതിയില്‍ പരിഗണിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അതേസമയം, പ്രത്യേക ഉത്തരവിലൂടെ അത്തരം കേസുകള്‍ അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാരിനുള്ള വ്യവസ്ഥ നിലനിര്‍ത്തി.
രജിസ്ട്രേഷന് അര്‍ഹതയുള്ള നിരവധി വിഭാഗങ്ങളില്‍നിന്നു മതപരിവര്‍ത്തനം ഒഴിവാക്കിയിട്ടുണ്ടെന്ന വിജ്ഞാപനത്തിലെ വ്യവസ്ഥ ദുരുപയോഗിക്കപ്പെടുമോയെന്ന ആശങ്കയുണ്ട്.
ന്യൂനപക്ഷവിഭാഗങ്ങളുടെ എന്‍ജിഒകളെ ലക്ഷ്യമിട്ടാണിതെന്ന് കരുതുന്നു. എഫ്സിആര്‍എ രജിസ്ട്രേഷന് തേടുന്ന എന്‍ജിഒകള്‍ അവരുടെ കൃത്യമായ ഉദ്ദേശ്യവും പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ വ്യക്തമാക്കേണ്ടതുണ്ട്. ഒപ്പം വിശ്വാസാധിഷ്ഠിത പ്രവര്‍ത്തനങ്ങളുടെ ഒരു ശ്രേണിയും പുതിയ ഭേദഗതിയില്‍ അനുവദിക്കുന്നുണ്ട്.
വാര്‍ത്തകളോ സമകാലിക സംഭവങ്ങളോ നിര്‍മിക്കുന്നതിനോ പ്രക്ഷേപണം ചെയ്യുന്നതിനോ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ജിഒകള്‍ അല്ലെങ്കില്‍ അവരുടെ പ്രധാന പ്രവര്‍ത്തകര്‍ ഏതെങ്കിലും പുസ്തകങ്ങളോ ലേഖനങ്ങളോ പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്നു പ്രഖ്യാപിക്കണമെന്നും നിയമഭേദഗതിയിലുണ്ട്.
National
ന്യൂഡൽഹി: കേരളത്തിലെ തെരഞ്ഞെടുപ്പിൽ എഫ്സിആർഎ വിവാദം ബിജെപിക്ക് തിരിച്ചടിയാകില്ലെന്ന് കേരളത്തിന്റെ സംഘടനാചുമതലയുള്ള പ്രഭാരിയുമായ പ്രകാശ് ജാവഡേക്കർ.
കൂടിയാലോചന ഇല്ലാതെ നിയമം കൊണ്ടുവരില്ലെന്ന് കേന്ദ്രമന്ത്രി അടക്കം ക്രൈസ്തവസഭാ നേതൃത്വത്തെ ബോധ്യപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രവുമായി നടത്തിയ ചർച്ചകളിൽ സഭാ നേതൃത്വം തൃപ്തിയിലാണെന്നും അദ്ദേഹം ഒരു സ്വകാര്യചാനലിനോട് പറഞ്ഞു. വിദേശത്ത് നിന്നും വരുന്ന പണം വകമാറ്റി തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നവർക്കാണ് നിയമം തിരിച്ചടിയാവുകയെന്നും ജാവഡേക്കർ കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: ക്രൈസ്തവ സഭകൾക്കും ദീപിക പത്രത്തിനുമെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജും നിർവാഹക സമിതിയംഗം പി.സി.ജോർജും രംഗത്ത്. എഫ്സിആർഎ വിഷയത്തിൽ ക്രൈസ്തവ സഭ പങ്കുവച്ച ആശങ്കകളാണ് ഇരുവരെയും പ്രകോപിച്ചത്.
കേന്ദ്രസർക്കാർ കൊണ്ടവുന്ന എഫ്സിആർഎ ബില്ലിൽ ഉൾപ്പെട്ട സ്വത്ത് പിടിച്ചെടുക്കുന്നതു പോലെയുള്ള വകുപ്പുകളിലുള്ള ആശങ്ക സിബിസിഐയും കെസിബിസിയും പങ്കുവച്ചിരുന്നു. ഇക്കാര്യം സഭ കേന്ദ്രമന്ത്രിമാരെ അറിയിക്കുകയുംചെയ്തു. ഇതേത്തുടർന്നു കേന്ദ്രസർക്കാർ ബില്ലിന്മേലുള്ള ചർച്ച മാറ്റിവച്ചിരുന്നു. സഭയുടെ ആശങ്ക പരിഗണിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തുടർന്ന് കഴിഞ്ഞ ദിവസം സിബിസിഐ പ്രതിനിധികളുമായി കേന്ദ്രമന്ത്രി കിരൺ റിജിജു സംസാരിച്ചു. ബിൽ സംബന്ധിച്ച സഭയുടെ ആശങ്കകൾ കേന്ദ്രസർക്കാരിനെ ധരിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനു ശേഷമാണ് തെരഞ്ഞെടുപ്പു കഴിഞ്ഞതിനു തൊട്ടുപിന്നാലെ ക്രൈസ്തവ സഭകൾക്കും ദീപിക പത്രത്തിനുമെതിരേ വിമർശനവുമായി ഷോൺ ജോർജും പി.സി. ജോർജും രംഗത്തുവന്നത്. കെ.സി. വേണുഗോപാലിനെയും ജോസ് കെ. മാണിയെയും കൊണ്ട് സഭയ്ക്ക് എന്തു പ്രയോജനം ഉണ്ടായി? എഫ്സിആർഎ ബിൽ മാറ്റിവച്ചത് തങ്ങളുടെ സമ്മർദപ്രകാരമാണെന്നും സഭയ്ക്കു വേണ്ടെങ്കിൽ സഭയെയും വേണ്ടെന്നു വയ്ക്കേണ്ടി വരുമെന്നും ഷോൺ ജോർജ് പറഞ്ഞു.
മാണി സി. കാപ്പനെയും ഷോൺ പരിഹസിച്ചു. 65000ൽ പരം വോട്ട് കാപ്പന് എവിടന്നു കിട്ടുമെന്നു പറഞ്ഞാൽ നന്നായിരുന്നു. കാപ്പന്റെ വോട്ട് 35000ൽ താഴരുതേയെന്നാണ് പ്രാർഥന. കാപ്പനു ബൂത്തിലിരിക്കാൻ പോലും ആളില്ലായിരുന്നു. 55000ൽ പരം വോട്ട് തനിക്കു കിട്ടുമെന്നും ഭൂരിപക്ഷം എത്രയെന്നു പറയില്ലെന്നും ഷോൺ കൂട്ടിച്ചേര്‍ത്തു.
National
ന്യൂഡൽഹി: കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ലോക്സഭയിൽ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിലെ ആശങ്കകൾ ചൂണ്ടിക്കാട്ടി സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ് കർദിനാൾ ആന്റണി പൂളയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര ന്യൂനപക്ഷ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവുമായി കൂടിക്കാഴ്ച നടത്തി.
മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും സംഘത്തിന് ഒപ്പമുണ്ടായിരുന്നു. ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സാങ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. കേന്ദ്ര സർക്കാരിലെ ഉന്നതരെ ആശങ്കകൾ അറിയിക്കുമെന്ന് റിജിജുവിൽ നിന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
നിലവിലെ ബില്ലിലെ ഭേദഗതികൾ പാസാക്കരുതെന്ന് ആവശ്യപ്പെട്ടാണ് സംഘം കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം എഫ്സിആർഎ ബാധകമായ എല്ലാ വിഭാഗവുമായി ചർച്ച നടത്തുമെന്ന് മന്ത്രി സംഘത്തെ അറിയിച്ചിട്ടുണ്ട്.
കിരൺ റിജിജുവിന് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്താൻ സിബിസിഐ നേതൃത്വം ശ്രമിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടിക്കാഴ്ച നടന്നേക്കും. എന്നാൽ ഇന്നത്തെ കൂടിക്കാഴ്ച തെരഞ്ഞെടുപ്പമായി ബന്ധമില്ലെന്ന് മേഘാലയ മുഖ്യമന്ത്രി വ്യക്തമാക്കി.
മാർച്ച് 25 ആണ് എഫ്സിആർഎ ലൈസൻസ് നഷ്ട്ടപ്പെടുന്ന സ്ഥാപനങ്ങളുടെ ആസ്തികൾ സ്ഥിരമായി ഏറ്റെടുക്കാൻ വ്യവസ്ഥ ചെയ്യുന്ന വിവിധ ബിൽ കേന്ദ്രആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. തുടർന്ന് ബില്ലിലെ വിവാദമായ വ്യവസ്ഥകൾ പിൻവലിക്കണമെന്ന ആവശ്യം വിവിധ കോണിൽ നിന്ന് ഉയർന്നതോടെ ബജറ്റ് സമ്മേളനത്തിൽ ബിൽ പരിഗണിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ താൽക്കാലികമായി പിന്മാറി.
കോൺഗ്രസ് അടക്കം പ്രതിപക്ഷം ബില്ലിനെതിരെ ശക്തമായി രംഗത്ത് എത്തിയിരുന്നു. വർഷകാല സമ്മേളനത്തിൽ ബിൽ വീണ്ടും പാർലമെന്റിന്റെ പരിഗണനനയിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. അതിന് മുമ്പായി ന്യൂനപക്ഷ സ്ഥാപങ്ങളെ വരിഞ്ഞുമുറുക്കുന്ന തരത്തിലുള്ള വിവാദ വ്യവസ്ഥകൾ പിൻവലിക്കണമെന്നാണ് പ്രധാന ആവശ്യം.
Kerala
ഇടുക്കി: വഖഫ് ബില്ല് മുസ്ലിം വിഭാഗത്തെ ബാധിച്ചതു പോലെയാണ് എഫ്സിആർഎ ക്രിസ്ത്യൻ വിഭാഗത്തെ ബാധിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നിയമഭേദഗതി ന്യൂനപക്ഷത്തെ ലക്ഷ്യം വച്ചുള്ള ആക്രമണമാണ്. നിയമ ഭേദഗതി പരിഷ്കാരമല്ല ക്രൈസ്തവ സഭകൾക്കെതിരെയുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി ഏലപ്പാറയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ഖാർഗെ. പിണറായിയും മോദിയും ഒരേ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇരുവർക്കും അധികാരം അവരുടെ കൈയിൽ മാത്രം ഒതുങ്ങണം എന്നാണ് ആഗ്രഹം. എൽഡിഎഫ് സർക്കാർ തേയില തോട്ടം തൊഴിലാളികൾക്ക് കൊടുത്ത വാഗ്ദാനം മറന്നു.
വന്യജീവി സംഘർഷം രൂക്ഷമാണെങ്കിലും സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കേരളീയർ വിദ്യാസമ്പന്നരാണ്. പക്ഷേ ഇവിടെ ജോലി ഇല്ല. യുവജനങ്ങൾ ജോലി തേടി വിദേശത്ത് പോകേണ്ട അവസ്ഥയാണ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ക്രൈസ്തവ സഭകളുടെ എല്ലാ ആശങ്കകളും പരിഹരിച്ചെ എഫ്സിആർഎ ബില്ല് അവതരിപ്പിക്കൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബില്ലിനെ കുറിച്ച് പ്രധാനമന്ത്രി എന്തിനു പറയണം.
കേന്ദ്രത്തിനു പറയാനുള്ളതെല്ലാം മന്ത്രി കിരൺ റിജിജു വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ നിരവധി പ്രവർത്തകരെ കൊന്ന സിപിഎമ്മുമായി എങ്ങനെ ധാരണ ഉണ്ടാക്കും. പിണറായിയെ ചോദ്യം ചെയ്യാത്തത് ഒരു ഡീലിന്റെയും ഭാഗമല്ല. കോൺഗ്രസിന്റെ എല്ലാ കള്ളത്തരങ്ങളും തെരഞ്ഞെടുപ്പിൽ പൊളിയും.
ശബരിമല കൊള്ളയെ കുറിച്ച് മോദി മുമ്പ് സംസാരിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് വിവരം ഇല്ലാത്തതിന് എന്തു പറയാനാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Kerala
തൃശൂർ: എഫ്സിആർഎ നിയമഭേദഗതിയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. ക്രിസ്ത്യൻ സമൂഹം ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കിരൺ റിജിജു പറഞ്ഞു. ചേലക്കരയിൽ എൻഡിഎ പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സംഘടനകളെ ആണ് ലക്ഷ്യം വയ്ക്കുന്നതെന്നും ക്രിസ്ത്യൻ സംഘടനകൾക്ക് ഉറപ്പു നൽകുന്നുവെന്നും കിരൺ റിജിജു പറഞ്ഞു.
അതേസമയം ബില്ലിനെ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കും. ബിജെപി നേതൃത്വത്തെ തെരഞ്ഞെടുപ്പിനുശേഷം ഡൽഹിയിലേക്ക് വിളിപ്പിക്കും. രാജ്യസുരക്ഷക്കെതിരായി പ്രവർത്തിക്കുന്ന സംഘടനകളെ മാത്രമാണ് ലക്ഷ്യമിടുന്നത്.
ക്രിസ്ത്യൻ നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും തെറ്റ് ചെയ്യുന്നവർ മാത്രം ഭയന്നാൽ മതിയെന്നും ബാക്കിയുള്ള എല്ലാവരെയും സംരക്ഷിക്കുമെന്നും കിരൺ റിജിജു വ്യക്തമാക്കി.
Kerala
കോട്ടയം: സമവായത്തിലൂടെ മാത്രമേ വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) ബിൽ കൊണ്ടുവരൂ എന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ആശങ്കയറിയിച്ച എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തുമെന്നും എല്ലാ വിഭാഗങ്ങളുടെയും സമ്മതപ്രകാരമേ തുടർനടപടികൾ ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയെയടക്കം സാഹചര്യം ധരിപ്പിച്ചു. സഖ്യകക്ഷികളോട് ആലോചിച്ചില്ലെന്ന വിമർശനത്തിൽ കഴമ്പില്ലെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.
അതേസമയം വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി ബിൽ പാസാക്കുന്നത് കേന്ദ്രസർക്കാർ തത്കാലത്തേക്കു മാറ്റിവച്ചു. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്നാണു നടപടി.
ബില്ലിനെതിരേ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം എംപിമാരും സിബിസിഐ അടക്കം വിവിധ ക്രൈസ്തവസഭാ നേതാക്കളും പ്രതിഷേധം കടുപ്പിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ലോക്സഭയിൽ കോൺഗ്രസ് എംപിമാരെ കണ്ടതോടെ എഫ്സിആർഎ ഭേദഗതി ബില്ല് അവതരിപ്പിക്കാതെ കേന്ദ്രസർക്കാർ ഒളിച്ചോടിയെന്ന് കോൺഗ്രസ് പ്രചാരണ കമ്മിറ്റി ചെയർമാൻ രമേശ് ചെന്നിത്തല.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പായതുകൊണ്ടുതന്നെ നല്ലൊരു ശതമാനം എംപിമാർക്കും ലോക്സഭ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന കണക്കുകൂട്ടലിലായിരുന്നു കേന്ദ്ര സർക്കാരെന്നും ചെന്നിത്തല ആരോപിച്ചു.
എന്നാൽ രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം കോൺഗ്രസ് എംപിമാർ സമ്മേളനത്തിൽ പങ്കെടുത്തതോടെ ബില്ല് സഭയിൽ അവതരിപ്പിക്കാതെ കേന്ദ്രസർക്കാർ ഒളിച്ചോടുകയായിരുന്നു. കോൺഗ്രസ് എംപിമാരുടെ പ്രതിഷേധം ഫലം കാണുമെന്നും അദ്ദേഹം പറഞ്ഞു.
സഭയ്ക്ക് അകത്തും പുറത്തും കോൺഗ്രസ് വലിയ പ്രതിഷേധമുയർത്തും. നിയമഭേദഗതി റദ്ദാക്കുന്നതുവരെ സമരം തുടരുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: എഫ്സിആർഎ നിയമഭേദഗതി ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആർഎസ്എസ് അജൻഡയാണെന്ന് ഡീൻ കുര്യാക്കോസ് എംപി. ഡൽഹിയിൽ ദീപിക ഒാൺലൈൻ പ്രതിനിധിയോടു സംസാരിക്കുകയായിരുന്നു എംപി.
ഒരു അഥോറ്റിയെ രൂപീകരിച്ച് ഏതെങ്കിലുമൊരു ചാരിറ്റി സ്ഥാപനത്തിനെതിരേയോ സംവിധാനങ്ങൾക്കെതിരെയോ നടപടിയെടുക്കാൻ കഴിയുംവിധമാണ് ഈ രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ആകെമാനം നൂറു കണക്കിന് അനാഥാലയങ്ങളും അഗതിമന്ദിരങ്ങളുമെല്ലാം നടത്തുന്ന സഭാ സംവിധാനങ്ങൾക്കെതിരേയുള്ള നീക്കം തന്നെയാണ് ഇതിനു പിന്നിൽ. ക്രൈസ്തവർ പീഡാനുഭവ വാരം ആചരിക്കുന്ന ആഴ്ചയിൽതന്നെ ബിൽ ചർച്ചയ്ക്കെടുക്കാനായിരുന്നു സർക്കാരിന്റെ ശ്രമം.
എന്നാൽ, പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് തത്കാലം മാറ്റിവച്ചിരിക്കുകയാണ്. എംപിമാരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു ബിൽ ചർച്ചയ്ക്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ബിൽ പിൻവലിക്കുകയോ സെലക്ട് കമ്മിറ്റിക്കു വിടുകയോ ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
വിശദമായ ചർച്ചകൾക്കു ശേഷം ബില്ലിൽ ആശങ്കയുടെ സഭസംവിധാനങ്ങളുടെയും എൻജിഒകളുടെയുമൊക്കെ പ്രതിനിധികളുമായി ചർച്ചയ്ക്കു സർക്കാർ തയാറാകണം. ആതുരാലയങ്ങളും സ്കൂളുകളും അഗതിമന്ദിരങ്ങളുമൊക്കെ ഭയംകൂടാതെ നടത്തിക്കൊണ്ടുപോകാനുള്ള സാഹചര്യം സൃഷ്ടിക്കണം. അതുവരെ പ്രതിഷേധം തുടരുമെന്നും ഡീൻ കുര്യാക്കോസ് കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: കോണ്‍ഗ്രസ് എംപിമാരോട് അടിയന്തരമായി ഡൽഹിയിലെത്തി പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. എഫ്സിആര്‍എ നിയമ ഭേദഗതി ബില്ല് അവതരിപ്പിക്കുന്നതിനാലാണ് അടിയന്തരമായി പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ എംപിമാര്‍ പ്രചാരണത്തിന്റെ തിരക്കിലായ സമയം നോക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബില്‍ പാര്‍ലിമെന്റിൽ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. ഇത് പൂര്‍ണമായും ഭരണഘടനാവിരുദ്ധമായ നിയമമാണ്.
ഇത് എന്‍ജിഒകളെയും സമുദായ സംഘടനകളെയും പ്രത്യേകിച്ച് ന്യൂനപക്ഷ സമൂഹങ്ങള്‍ നടത്തുന്ന സംഘടനകളെയും നശിപ്പിക്കും. അതിനാല്‍ ഈ ബില്‍ ഒരുവിധേനയും പാസാകാന്‍ അനുവദിക്കില്ല.ബില്ലിനെതിരെ രാവിലെ 10.30ന് പാര്‍ലമെന്റിന് പുറത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ.സി. വേണുഗോപാല്‍ അറിയിച്ചു. സ്വൈര്യമായി ജീവിക്കുന്ന ജനങ്ങളെ വിഭജിച്ച് അവര്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനുള്ള നീക്കമാണ് പ്രധാനമന്ത്രിയും ബിജെപിയും നടത്തുന്നത്.
Kerala
തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ ക്രൈസ്തവ വിരുദ്ധമാണെന്ന കോൺഗ്രസിന്റെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ് ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിദേശത്തുനിന്ന് എത്തുന്ന പണം ദുരുപയോഗം ചെയ്യുന്നതും കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനുമാണ് കേന്ദ്ര സർക്കാർ നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത്. ഇത് ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹിന്ദു, മുസ്ലിം, ക്രൈസ്തവ സംഘടനകളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്രസ്റ്റുകളും നിലവിൽ എഫ്സിആർഎ വഴി ഫണ്ട് സ്വീകരിക്കുന്നുണ്ട്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നിരിക്കെ, ക്രൈസ്തവരെ മാത്രം നിയമം ബാധിക്കുമെന്ന് പറയുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭേദഗതി ചെയ്ത വ്യവസ്ഥകൾ പ്രകാരം ആരും വേട്ടയാടപ്പെടില്ലെന്ന് 100 ശതമാനം ഉറപ്പ് നൽകുന്നുവെന്നും, നിയമപരമായി പ്രവർത്തിക്കുന്ന സംഘടനകൾക്ക് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Kerala
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആർഎ) ഭേദഗതി ബില്ലിൽ അടിയന്തരമായി പുനഃപരിശോധന നടത്തണമെന്ന് കർദിനാൾ മാർ ബസേലിയസ് ക്ലീമിസ് കാതോലിക്കാ ബാവ. സന്നദ്ധ സംഘടനകളുടെയും സഭയുടെ കീഴിലുള്ള ജീവകാരുണ്യ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ ഈ നിയമം സാരമായി ബാധിക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
സേവന മേഖലകളിൽ നിസ്തുലമായ പങ്ക് വഹിക്കുന്ന സ്ഥാപനങ്ങൾക്ക് വിദേശത്തുനിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ദരിദ്രരും സാധാരണക്കാരുമായ ജനവിഭാഗങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കായി വിദേശ ഫണ്ട് വിനിയോഗിക്കുന്നത് നിയമം മൂലം തടസപ്പെടുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.
നിയമങ്ങളിൽ സുതാര്യത ഉറപ്പാക്കാനുള്ള സർക്കാരിന്റെ നീക്കങ്ങളെ സ്വാഗതം ചെയ്യുന്നതോടൊപ്പം തന്നെ, സേവന പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കുന്ന രീതിയിലുള്ള നിബന്ധനകൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സന്നദ്ധ സംഘടനകൾക്ക് ഡൽഹിയിലെ നിശ്ചിത ബാങ്ക് ശാഖയിൽ തന്നെ അക്കൗണ്ട് തുടങ്ങണമെന്നതടക്കമുള്ള വ്യവസ്ഥകൾ ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന ചെറിയ സംഘടനകൾക്ക് വലിയ വെല്ലുവിളിയാണെന്നും കർദിനാൾ വ്യക്തമാക്കി.
ഭേദഗതിയിലെ പ്രായോഗിക തടസങ്ങൾ പരിഹരിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനും കേന്ദ്ര സർക്കാർ സന്നദ്ധമാകണമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. സഭാ നേതൃത്വങ്ങളും വിവിധ എൻജിഒകളും നേരത്തെ തന്നെ ഈ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം കടുപ്പിച്ചു കൊണ്ട് ഇസ്രയേൽ സൈനിക താവളത്തിന് നേരെ യമനിലെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം. തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകൾക്കും ഇസ്രയേലിന്റെ സൈനിക കേന്ദ്രങ്ങൾക്കും നേരെ നടന്ന ആക്രമണം ആഗോള എണ്ണ വിപണിയെയും വ്യാപാര മേഖലയെയും കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.
ബാബ് അൽ-മന്ദബ് കടലിടുക്കിലെ സുരക്ഷാ ഭീഷണികൾക്കിടയിൽ ഇസ്രയേൽ സൈനിക താവളം ലക്ഷ്യമിട്ടാണ് ഹൂതികൾ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചത്. മേഖലയിലെ ഇസ്രയേൽ സൈനിക സാന്നിധ്യത്തിന് നേരെ നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നാണിത്.
ആഗോള ക്രൂഡ് ഓയിൽ നീക്കത്തിന്റെ പ്രധാന പാതയായ ബാബ് അൽ-മന്ദബ് കടലിടുക്കിലുണ്ടായ ആക്രമണം ചരക്ക് കപ്പലുകളുടെ യാത്രയെ ബാധിച്ചു. ഇതേത്തുടർന്ന് ചരക്ക് നീക്കത്തിനുള്ള ഇൻഷുറൻസ് നിരക്കുകൾ വർധിക്കാനും വിതരണ ശൃംഖല തടസപ്പെടാനും സാധ്യതയുണ്ട്. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ വലിയൊരു ഭാഗവും ഈ പാതകളിലൂടെയാണ് കടന്നുപോകുന്നത്.
Kerala
പാലാ: ലോക്സഭയിൽ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ബിൽ (FCRA) ഭേദഗതി നമ്മുടെ രാജ്യത്തെ സാധാരണക്കാരുടെ ഇടയിൽ പ്രത്യേകിച്ച് മത ന്യൂനപക്ഷങ്ങൾക്കിടയിൽ അതിൽ പ്രത്യേകിച്ച് ക്രൈസ്തവ ന്യൂനപക്ഷത്തിനിടയിൽ കടുത്ത ആശങ്കകളും അസ്വസ്ഥതകളും ഉയർത്തിയിട്ടുണ്ടെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്.
പൊതുവിൽ ആ ബിൽ റെഗുലേറ്ററി മാനദണ്ഡത്തിൽനിന്ന് കൺട്രോളിംഗ് ആയിട്ടുള്ള ഒരു ആക്ടിലേക്ക്, നിലപാടിലേക്കു മാറുന്നതുപോലെ തോന്നുന്നു. കാലാകാലങ്ങളിലായി FCRA നിയമത്തിൽ ഭേദഗതികൾ വരാറുണ്ട്. നല്ലതുമാണ്. നിയമത്തിലെ പഴതുകൾ അടയ്ക്കാനും കാര്യക്ഷമമായി നിയമം നടപ്പിലാക്കാനുമാണ് ഭേദഗതി വരുന്നത്. എന്നാൽ, ഇപ്പോൾതന്നെ കർശന വ്യവസ്ഥകളുമായി നിലനിൽക്കുന്ന FCRA വീണ്ടും കർശനമാക്കുന്നത് സദുദ്ദേശ്യത്തോട് കൂടിയാണോ എന്നുള്ള സംശയമുണ്ട്.
സർക്കാരിനു ജനങ്ങളുടെ എല്ലാ ഭൗതികാവശ്യങ്ങളും നിറവേറ്റാൻ സാധിക്കണമെന്നില്ല. അതുകൊണ്ടാണ് എൻജിഒകളും മറ്റ് പൊതു ട്രസ്റ്റുകളും വ്യക്തികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി മുന്നോട്ടു പോകുന്നത്. രാഷ്ട്രത്തിന് അതൊരു കൈത്താങ്ങാണ്. മറ്റ് രാജ്യങ്ങളിൽനിന്ന് ഒരു സഹായവും സ്വീകരിക്കില്ല എന്നത് ആത്മാഭിമാനത്തിന്റെ നിലപാടല്ല, മറിച്ച് വ്യർത്ഥാഭിമാനത്തിന്റെ ലക്ഷണമാണ്. ക്രിമിനൽ പ്രവൃത്തികളെ പ്രതിരോധിക്കാൻ ട്രസ്റ്റുകൾക്കു മൂക്കുകയറിടേണ്ടതില്ല. രാജ്യത്തിൽ അവയെ നിയന്ത്രിക്കാൻ ഗൗരവതരമായ നിയമ സംവിധാനങ്ങൾ നമുക്കു വേറെയുണ്ട്.
ഭാഷാ, മത ന്യൂനപക്ഷങ്ങളെയും അവരുടെ അന്താരാഷ്ട്ര കൂട്ടായ്മയെയും തള്ളിപ്പറയുന്ന സമീപനമാണ് പുതിയ എഫ്സിആർഎ. ഇത്തരം നിയമങ്ങൾ പാവപ്പെട്ടവരെ ഗൗരവതരമായി ബാധിക്കും. ദാതാക്കൾക്കു വിശ്വാസം ഉള്ളതുകൊണ്ടാണ് അവർ നൽകുന്നത്. സ്വത്തുക്കൾ ദാതാക്കളുടെ ഇഷ്ടത്തിനനുസരിച്ചല്ല വിനിയോഗിക്കപ്പെടുന്നതെങ്കിൽ അത് അവർക്കു തിരികെ നൽകുകയാണ് വേണ്ടത്. അത് സ്വന്തമാക്കാൻ സർക്കാർ തത്രപ്പെടേണ്ടതില്ല.
ഏതെങ്കിലും സംഘടനകള്‍ വിദേശപണം ദുരുപയോഗം ചെയ്താൽ കർശനമായി നടപടികളെടുക്കുകയും നിയന്ത്രിക്കുകയും തന്നെ വേണം. അതിൽ ആർക്കും എതിർപ്പില്ല. അതേസമയം, ദുരൂഹമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ആശങ്കാജനകമാണ്. 2026 ബിൽ ഭേദഗതിയിലെ ഒരു പ്രധാന ഘടനാപരമായ മാറ്റം നമ്മളെ ആശങ്കയിലേക്ക് എത്തിച്ചിരിക്കുന്നു. എഫ്സിആർഎ റദ്ദായാലോ പുതുക്കാതിരുന്നാലോ വേണ്ടെന്നുവച്ചാലോ അതു വഴി ആർജിച്ച സ്ഥാപനങ്ങളും സ്ഥലങ്ങളുമൊക്കെ ഏറ്റെടുക്കുമെന്നാണ് വ്യവസ്ഥ.
നിയമം നേരിട്ട് മതസ്വാതന്ത്ര്യത്തെ ആക്രമിക്കുന്നില്ലെങ്കിലും അതിലേക്കുള്ള ഒരു നോട്ടം ഉള്ളതായിട്ട് ഭയക്കണം. ഫണ്ടുകളുടെ ലഭ്യത കുറയുമ്പോൾ സ്ഥാപനങ്ങളുടെ സ്വത്തുക്കളുടെ മേൽ നിയന്ത്രണം ഉണ്ടാകുമ്പോൾ സഭാ സ്ഥാപനങ്ങളുടെ പ്രവർത്തനവും ഭരണവും അവതാളത്തിലാകും. ഇവിടെ മതപരമായ സേവന പ്രവർത്തനങ്ങൾ ഭരണഘടന ആർട്ടിക്കിൾ 25, സ്ഥാപനങ്ങളുടെ നടത്തിപ്പ് ആർട്ടിക്കിൾ 26, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപങ്ങൾ-സ്ഥാപനങ്ങളുടെ ഭരണ സ്വാതന്ത്ര്യം ആർട്ടിക്കിൾ 30 എന്നിവയ്ക്കെതിരേ നിൽക്കുന്നു.
ജീവകാരുണ്യ സംഘടനകളെ ഒന്നടങ്കം ബാധിക്കുന്ന രീതിയിലാണ് നിയമത്തിന്റെ ഫലം വരുന്നത്. അതായത് നിയമലംഘനം നടത്താതെ പ്രവർത്തിക്കുന്നവരെയും ശിക്ഷിക്കപ്പെടുന്ന രീതി. സാധാരണക്കാർക്കു ദുരിതം സമ്മാനിക്കുകയാവും ഈ നിയമത്തിന്റെ പരിണത ഫലം.
Kerala
ചങ്ങനാശേരി: എഫ്സിആർഎ നിയമഭേദഗതിയിലെ പൗരാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാണിക്കുന്നതു ബന്ധപ്പെട്ട സർക്കാർ അവ തിരുത്തുമെന്നു പ്രതീക്ഷിച്ചാണെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. അല്ലാതെ സർക്കാരിനെ എതിർപക്ഷത്തു നിർത്താനല്ല.
കേരളത്തിലെ എംപിമാരുമായി സംസാരിക്കാൻ ഇടയായി. തെരഞ്ഞെടുപ്പ് മൂലം അവരാരും പാർലമെന്റിൽ ഇല്ല. എങ്കിലും മറ്റ് എംപിമാർ വഴി ആശങ്കകൾ പാർലമെന്റിൽ ഉന്നയിക്കാമെന്ന് അവർ പറഞ്ഞിട്ടുണ്ട്. ബിൽ അവതരിപ്പിച്ചതേയുള്ളൂ. ചർച്ചയും വോട്ടെടുപ്പും ഒക്കെ വരുന്നതേയുള്ളൂ. തീർച്ചയായിട്ടും ഇതിലെ ജനാധിപത്യ വിരുദ്ധമായ ഘടകങ്ങൾ ചർച്ചയാകുമെന്നാണ് കരുതുന്നത്.
സഭയും സമൂഹവും അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളെ വസ്തുനിഷ്ഠമായി അവതരിപ്പിക്കുമ്പോൾ, അതിനെ കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ചില പാർട്ടികൾക്കുള്ള രാഷ്ട്രീയ പിന്തുണയായും ചിലരോടുള്ള സഭയുടെ എതിർപ്പായും വ്യാഖാനിച്ചു ചില മാധ്യമങ്ങൾ റിപ്പോർട്ടിംഗ് നടത്തുന്നത് അനുചിതമാണെന്നു പറയാതെ വയ്യ.
യുക്തമായ വിലയിരുത്തൽ നടത്തി സമ്മതിദാനാവകാശം വിനിയോഗിക്കാൻ സഭാംഗങ്ങൾക്കു പ്രാപ്തിയുള്ളതിനാൽ തന്നെയാണ് രാഷ്ട്രീയ നിലപാട് സഭ പ്രഖ്യാപിക്കാത്തത്. സഭയെ രാഷ്ട്രീയ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞങ്ങൾ ഉന്നയിച്ച ചില പ്രശ്നങ്ങളിൽ സർക്കാർ നടപടി എടുത്തിട്ടുണ്ട്. നിയമനങ്ങളൊക്കെ കുറെ പാസായി വരുന്നുണ്ട്. അതിൽ സന്തോഷമുണ്ട്. സഭയുടെ ഒരു ദൗത്യം എപ്പോഴും മനഃസാക്ഷി രൂപീകരണത്തിലാണ്. ശരിയായ രീതിയിൽ തീരുമാനമെടുക്കാൻ വിശ്വാസികളെ പ്രാപ്തരാക്കുക എന്നുള്ള രീതിയിലുള്ള ഒരു വിശ്വാസ പരിശീലനവും മനഃസാക്ഷി രൂപീകരണവുമാണ് സഭ കൊടുക്കുന്നത്. തീർച്ചയായും അവർക്കതു വിലയിരുത്താനാകും. - മാർ തോമസ് തറയിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: എഫ്സിആർഎ ഭേദഗതി ബിൽ സുതാര്യതക്ക് വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എഫ്സിആർഎ ഭേദഗതി ബിൽ ആരെയും ബാധിക്കില്ല. നിയമ ഭേദഗതി ഒരു വിഭാഗത്തിനും എതിരല്ലെന്നും തെറ്റ് ചെയ്താൽ മാത്രമാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
പാലായിൽ തോൽക്കാൻ പോകുന്നത് കൊണ്ടാണ് പള്ളികൾ ഏറ്റെടുക്കുമെന്ന് ജോസ് കെ. മാണി പറയുന്നത്. വിദേശ സംഭാവനയിൽ സുതാര്യത ഉറപ്പാക്കാനാണ് ബിൽ. കിരൺ റിജിജുമായി സംസാരിച്ചിരുന്നു. പേടി വേണ്ടെന്ന് റിജിജു അറിയിച്ചിട്ടുണ്ട്.
അതേസമയം അമിത് ഷായുമായും താൻ സംസാരിച്ചു. സഭകൾക്ക് ആശങ്ക വേണ്ടെന്നും ദുരുപയോഗം തടയാൻ മാത്രമാണ് ഭേദഗതിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Kerala
ന്യൂഡൽഹി: എഫ്സിആർഎ നിയമഭേദഗതിയുടെ മറവിൽ ന്യൂനപക്ഷ സ്ഥാപനങ്ങൾ പിടിച്ചെടുക്കാനുള്ള പുതിയ നിയമത്തിനെതിരേ ഭാരത കത്തോലിക്ക മെത്രാൻ സമിതി(സിബിസിഐ) കടുത്ത പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. ലോക്സഭയിൽ ഇന്നലെ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA Amendment Bill) അപകടകരമാണെന്നും പ്രത്യാഘാതങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും സിബിസിഐ ചൂണ്ടിക്കാട്ടി.
ലൈസൻസ് പുതുക്കുന്നതിന്റെ മറവിൽ, ഭരണഘടനാപരമായി ഉറപ്പുനൽകുന്ന ന്യൂനപക്ഷ സ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറാൻ നിർദിഷ്ട ഭേദഗതി വഴിയൊരുക്കുമെന്നു സിബിസിഐ വിലയിരുത്തി. ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും സിവിൽ സൊസൈറ്റി സംഘടനകളുടെയും പ്രവർത്തനങ്ങളിൽ അനാവശ്യമായ ഇടപെടലുകൾക്ക് ഇതു കാരണമാകും.
ലൈസൻസ് പുതുക്കാൻ വിസമ്മതിക്കാനോ റദ്ദാക്കാനോ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകളിൽ സിബിസിഐ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. ലൈസൻസ് റദ്ദാക്കുന്നതിലൂടെ ന്യൂനപക്ഷ സംഘടനകളുടെയും എൻജിഒകളുടെയും സ്ഥാപനങ്ങൾ, ഫണ്ടുകൾ, സ്വത്തുക്കൾ എന്നിവയുടെ നിയന്ത്രണം ഏറ്റെടുക്കാൻ പുതുതായി നിർദേശിച്ചിരിക്കുന്ന അഥോറിറ്റിക്കു സാധിക്കും. ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ല.
നീതി, സുതാര്യത, ഉത്തരവാദിത്വം എന്നിവയിൽ ഗുരുതര ആശങ്ക ഉയർത്തുന്ന നിയമങ്ങളാണിത്. പാർലമെന്റിൽ പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ, മൗലികാവകാശങ്ങളെ ബാധിക്കുന്ന വിഷയത്തിൽ വിപുലമായ കൂടിയാലോചനകളോ ചർച്ചകളോ ഇല്ലാതെ ഏകപക്ഷീയമായി ബിൽ അവതരിപ്പിച്ചതിനെയും മെത്രാൻ സമിതി ചോദ്യംചെയ്തു.
ന്യൂനപക്ഷ സ്ഥാപനങ്ങളെ അമിതമായി കർശനമായ നിയന്ത്രണ സംവിധാനത്തിനു കീഴിൽ കൊണ്ടുവരാനുള്ള ശ്രമം ജനാധിപത്യ തത്വങ്ങളെ തകർക്കും. എഫ്സിആർഎ രജിസ്ട്രേഷൻ കാലാവധി കഴിയുന്നതോടെ എൻജിഒകളുടെ വിദേശ ഫണ്ടുകളുടെയും ആസ്തികളുടെയും നിയന്ത്രണം ഏറ്റെടുക്കാൻ കേന്ദ്രത്തെ അനുവദിക്കുന്ന വ്യവസ്ഥകൾ ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവും സ്വാഭാവിക നീതിക്കു വിരുദ്ധവുമാണ്.
നിർദിഷ്ട ഭേദഗതികൾ പുനഃപരിശോധിക്കണമെന്നും വിവാദപരമായ വ്യവസ്ഥകൾ ബില്ലിൽനിന്നു നീക്കം ചെയ്യണമെന്നും സിബിസിഐ കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചു. എല്ലാ പൗരന്മാരുടെയും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങളും സ്വാതന്ത്ര്യവും പൂർണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ലോക്സഭയിൽ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (എഫ്സിആർഎ ഭേദഗതി 2026 അപകടകരവും ക്രൂരവുമെന്ന് വ്യാപക പരാതി. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും എൻജിഒകളുടെയും ആസ്തികൾ വളഞ്ഞ വഴിയിലൂടെ സർക്കാർ ഏറ്റെടുക്കാനും വിനിയോഗിക്കാനും അനുവദിക്കുന്ന ബില്ലിലെ വ്യവസ്ഥകൾ ദുഷ്ടലാക്കോടെയാണെന്നാണ് ആക്ഷേപം.
പൊതുസമൂഹത്തിന്റെയും, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെയും ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിലേക്കുള്ള എക്സിക്യൂട്ടീവിന്റെ അതിരുകടന്ന കടന്നാക്രമണത്തിനാണു വിവാദ ഭേദഗതി വഴിതെളിക്കുകയെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ലൈസൻസ് നൽകുന്ന കേന്ദ്രസർക്കാർ തന്നെ ലൈസൻസ് പുതുക്കാതിരിക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്തശേഷം പുതിയ അഥോറിറ്റി വഴി ന്യൂനപക്ഷങ്ങളുടെയും മറ്റ് എൻജിഒകളുടെയും സ്ഥാപനങ്ങളും ആസ്തികളും ഏറ്റെടുത്തു നിയന്ത്രിക്കാനുള്ള സർക്കാരിന്റെ നീക്കം സാമാന്യനീതിയുടെ നിഷേധമാകുമെന്ന് നിയമ വിദഗ്ധർ ദീപികയോട് വിശദീകരിച്ചു.
ലൈസൻസ് നഷ്ടപ്പെടുന്ന എൻജിഒകളുടെ സ്വത്തുക്കളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് പുതിയ അഥോറിറ്റി സൃഷ്ടിക്കുന്നത് ഉൾപ്പെടെ ശക്തമായ നിയന്ത്രണ ചട്ടക്കൂടാണു നിർദിഷ്ട ബില്ലിലെ വ്യവസ്ഥ. ഒരു സംഘടനയുടെ രജിസ്ട്രേഷൻ റദ്ദാക്കുകയോ പുതുക്കി ലഭിക്കാതിരിക്കുകയോ നിലവിലില്ലാതിരിക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ വിദേശ സംഭാവനകളിൽനിന്നു സൃഷ്ടിക്കപ്പെട്ട ആസ്തികൾ ഏറ്റെടുക്കാനും കൈകാര്യം ചെയ്യാനും വിനിയോഗിക്കാനും നിയുക്ത അഥോറിറ്റിക്കു ബില്ലിൽ അധികാരം നൽകുന്നുണ്ട്. പൊതു ആവശ്യങ്ങൾക്കായി ആസ്തികൾ ഉപയോഗിക്കാനോ കൈമാറ്റം ചെയ്യാനോ വിനിയോഗിക്കാനോ ബില്ലിൽ അഥോറിറ്റിക്ക് അധികാരം നൽകിയിട്ടുണ്ട്.
ന്യൂനപക്ഷങ്ങളുടെ അടക്കമുള്ള അത്തരം ആസ്തികൾ സ്ഥിരമായോ താത്കാലികമായോ ഏറ്റെടുത്തു സർക്കാരിൽ നിക്ഷിപ്തമാക്കാൻ ബിൽ നിർദേശിക്കുന്നു. ഫലത്തിൽ, എഫ്സിആർഎ ലൈസൻസ് റദ്ദാക്കപ്പെടുന്ന തീയതി മുതൽ ഫണ്ടുകളും ആസ്തികളും അഥോറിറ്റിയുടെ നിയന്ത്രണത്തിലാകും.
വിദേശ ഫണ്ട് ദുരുപയോഗം ചെയ്യുന്നത് തടയാനാണു ഭേദഗതിയെന്നാണു ബിൽ അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞത്. നിർബന്ധിത മതപരിവർത്തനം ഉൾപ്പെടെ രാജ്യതാത്പര്യത്തിനു വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്കെതിരേ നടപടിയെടുക്കാൻ പുതിയ ഭേദഗതി സർക്കാരിനെ പ്രാപ്തമാക്കുമെന്നാണ് മന്ത്രി അവകാശപ്പെട്ടത്. വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനായി ലാഭേച്ഛയില്ലാത്ത സംഘടനകൾ എഫ്സിആർഎ ചട്ടക്കൂടിനുള്ളിൽ രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസൻസ് സസ്പെൻഡ് ചെയ്യാനും സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിദേശ ഫണ്ടുകളിൽനിന്നു സൃഷ്ടിച്ച ആസ്തികൾ കൈമാറ്റം ചെയ്യുന്നതും വിനിയോഗിക്കുന്നതു തടയാനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. രജിസ്ട്രേഷൻ വീണ്ടെടുക്കുന്നതിൽ പരാജയപ്പെട്ടാൽ സ്ഥാപനം ശാശ്വതമായി ഏറ്റെടുക്കാനും കഴിയും.
കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി എംപിമാരിൽ ഭൂരിപക്ഷവും ഇല്ലാതിരുന്നപ്പോഴാണ് ബുധനാഴ്ച വിവാദ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.
National
ന്യൂഡൽഹി: വിദേശ ധനസഹായം ഉപയോഗിച്ചു നിർബന്ധിത മതപരിവർത്തനം നടത്തുന്നവരെയും വിദേശ ഫണ്ട് ദുരുപയോഗം ചെയ്യുന്നവരെയും ലക്ഷ്യമിട്ടാണു വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ അവതരിപ്പിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ പറഞ്ഞു.
ബില്ല് അപകടം ചെയ്യുമെന്ന് പ്രതിപക്ഷം ആരോപിച്ചെങ്കിലും, നിർബന്ധിത മതപരിവർത്തനത്തിൽ ഏർപ്പെടുന്നവർക്കും വ്യക്തിഗത നേട്ടത്തിനായി വിദേശ ധനസഹായം ദുരുപയോഗം ചെയ്യുന്നവർക്കും ബില്ല് അപകടകരമാണെന്നാണു കേന്ദ്രമന്ത്രി മറുപടി നൽകിയത്.
ബില്ല് അവതരിപ്പിക്കുന്നതിനെ എതിർത്ത കോണ്‍ഗ്രസ് അംഗം മനീഷ് തിവാരി, ഭരണഘടനാപരമായ സംരക്ഷണങ്ങളൊന്നുമില്ലാതെ സർക്കാരിന് വിപുലമായ അധികാരം ബില്ല് നൽകുമെന്ന് ആരോപിച്ചു. ന്യൂനപക്ഷ സ്ഥാപനങ്ങളെ കേന്ദ്രസർക്കാരിന്റെ വരുതിയിലാക്കാനുള്ള നീക്കമാണു ഭേദഗതിയെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
കേന്ദ്രസർക്കാർ പുറത്തുവിടുന്ന കണക്കനുസരിച്ച് 16,000 സ്ഥാപനങ്ങൾക്കാണ് എഫ്സിആർഎ ലൈസൻസുള്ളത്. എൻജിഒകൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ തുടങ്ങി വിദേശ സംഭാവന സ്വീകരിക്കുന്ന സ്ഥാപനങ്ങൾക്കാണ് ഇത്തരത്തിൽ ലൈസൻസ് ലഭിക്കുക. ഇത്തരത്തിൽ വിദേശഫണ്ട് സ്വീകരിക്കുന്നതിന് 2011ലാണ് കേന്ദ്രസർക്കാർ ആദ്യമായി വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആർഎ) കൊണ്ടുവരുന്നത്.
വിദേശ ഫണ്ട് രാജ്യസുരക്ഷയെ ബാധിക്കാതിരിക്കാൻ സുതാര്യത ലക്ഷ്യം വച്ചായിരുന്നു കേന്ദ്രസർക്കാർ നടപടി. പിന്നീട് 2016, 2018, 2020 തുടങ്ങിയ വർഷങ്ങളിൽ വിവിധ ഭേദഗതികൾ നിയമത്തിൽ വരുത്തി.
National
ന്യൂഡൽഹി: വിദേശ ഫണ്ട് വിനിയോഗത്തിൽ കൃത്യമായ സമയക്രമം നിശ്ചയിക്കുന്നത് ഉൾപ്പെടെ വിദേശ സംഭാവനാ നിയന്ത്രണ നിയമത്തിൽ (എഫ്സിആർഎ) കൂടുതൽ ഭേദഗതികൾ വരുത്താൻ കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ ബില്ല് പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.
സമയക്രമത്തിനു പുറമെ എഫ്സിആർഎ ലൈസൻസ് റദ്ദാക്കിയതോ കലഹരണപ്പെട്ടതോ ആയ സ്ഥാപനങ്ങളുടെ വിദേശ സംഭാവനകളിൽനിന്നു സൃഷ്ടിക്കപ്പെട്ട ആസ്തികൾ സർക്കാരിലേക്ക് എത്തുന്ന തരത്തിൽ നിയമത്തിൽ ഭേദഗതി വന്നേക്കും.
സർക്കാർ നിശ്ചയിക്കുന്ന ഒരു നിശ്ചിത അഥോറിറ്റിക്കായിരിക്കും ഇതിന്റെ ചുമതല. ലൈസൻസ് റദ്ദാക്കിയതോ കാലഹരണപ്പെട്ടതോ ആയ സ്ഥാപനങ്ങളുടെ ആസ്തികൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണു വാദം.
എഫ്സിആർഎയുമായി ബന്ധപ്പെട്ട നിലവിലെ ചട്ടക്കൂടിന്റെ പോരായ്മകൾ പരിഹരിക്കാനും പുതിയ ഭേദഗതി ലക്ഷ്യമിടുന്നു. രാജ്യത്തു എഫ്സിആർഎ രജിസ്റ്റർ ചെയ്ത 16000 ത്തോളം സ്ഥാപനങ്ങൾ പ്രതിവർഷം 22,000 കോടി രൂപ സ്വീകരിക്കുന്നതായാണു കേന്ദ്രത്തിന്റെ കണക്ക്.
വിദേശഫണ്ടുകൾ ഇന്ത്യയിലേക്ക് എത്തുന്നതു സംബന്ധിച്ച മേൽനോട്ടം ശക്തമാക്കുന്നതിനും അത്തരം സംഭാവനകൾ ദേശീയ സുരക്ഷയ്ക്കോ രാജ്യത്തിന്റെ പൊതുതാത്പര്യത്തിന് എതിരാകുന്നില്ലെന്ന് ഉറപ്പാക്കാനും പുതിയ ഭേദഗതി വഴി സാധിക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കേന്ദ്ര ആഭ്യന്തരവകുപ്പായിരിക്കും ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുക.