ആഭ്യന്തരമന്ത്രി അമിത് ഷാ
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആർഎ) ഭേദഗതികൾ ക്രൈസ്തവരെ ലക്ഷ്യമിടുന്നില്ലെന്നും അതിനാൽ ആശങ്ക വേണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
കോൺഗ്രസ് സർക്കാർ 2010ൽ നടപ്പിലാക്കിയ നിയമം കൂടുതൽ അപകടകരമല്ലാത്ത രീതിയിലാക്കുകയാണ് എൻഡിഎ സർക്കാർ ചെയ്തതെന്നും അമിത് ഷാ വ്യക്തമാക്കി.
കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച എഫ്സിആർഎ ഭേദഗതി ബില്ലിലെയും അടുത്തിടെ കൊണ്ടുവന്ന പുതിയ ചട്ടഭേദഗതിയിലെയും ആശങ്കകൾ ചൂണ്ടിക്കാട്ടി ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) അധ്യക്ഷൻ ആർച്ച്ബിഷപ് കർദിനാൾ ഡോ. ആന്റണി പൂലയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്.
45 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ സിബിസിഐ സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ, കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് അന്റോസ് ആന്റണി, സിബിസിഐ പൊളിറ്റിക്കൽ അഡ്വൈസർ ജോനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
ആഭ്യന്തര സെക്രട്ടറി, എഫ്സിആർഎ ഡയറക്ടർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സർക്കാരിന്റെ ഭാഗത്തുനിന്നു കൂടിക്കാഴ്ചയുടെ ഭാഗമായി. ക്രൈസ്തവരുടെ ആശങ്ക ഉന്നയിച്ചുകൊണ്ടുള്ള നിവേദനവും പ്രതിനിധിസംഘം ആഭ്യന്തരമന്ത്രിക്കു കൈമാറി.
വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമങ്ങളും ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരായ അതിക്രമങ്ങളും കൂടിക്കാഴ്ചയിൽ സിബിസിഐ സംഘം ഉന്നയിച്ചു.
രാജ്യത്തെത്തുന്ന ആകെ വിദേശ സംഭാവനയുടെ 30 ശതമാനം മാത്രമാണു ക്രൈസ്തവസംഘടനകൾക്കുള്ളത്. ഏകദേശം 3000 കോടി രൂപയോളം മാത്രമാണിത്. നിയമത്തിലെ ഭേദഗതി മറ്റു മതങ്ങളുടെ കീഴിലുള്ള സംഘടനകൾക്കും ബാധകമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ബില്ലിന് മുൻകാല പ്രാബല്യം ഉണ്ടെന്നതു വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.
എന്നാൽ, ബില്ലിന് മുൻകാല പ്രാബല്യം ഉണ്ടായിരിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കിയതായി ഫാ. മാത്യു കോയിക്കൽ കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു. എഫ്സിആർഎ ലൈസൻസോ ഫണ്ടോ അനധികൃതമായി തടഞ്ഞുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു കേസുണ്ടായാൽ നിയമത്തിന്റെ വാതിൽ ഏതുസമയവും തുറന്നുകിടക്കുകയാണെന്ന് അമിത് ഷാ ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.