ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പോലീസ് ആസ്ഥാനത്തു നടത്തിയ യോഗത്തില്‍നിന്ന്.
തിരുവനന്തപുരം: കേരളത്തിലേക്കുള്ള മയക്കുമരുന്നു വരവ് തടയാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര അന്വേഷണ ഏജൻസികളെയും ഏകോപിപ്പിച്ചും ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം നടപ്പാക്കാൻ തീരുമാനം.
ഓപ്പറേഷൻ തൂഫാനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസിലെ എസ്പി റാങ്കിൽ കുറയാത്ത നോഡൽ ഓഫീസറെ നിയോഗിക്കുമെന്ന്, അഞ്ച് സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് പോലീസ് ആസ്ഥാനത്തു നടത്തിയ യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരെ കണ്ട ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ലഹരിവേട്ടയ്ക്കു സ്ഥിരം സംവിധാനമായി ദൗത്യസംഘം രൂപീകരിക്കും. കര-കടൽ- വ്യോമ മാർഗമുള്ള ലഹരിയൊഴുക്ക് തടയും. കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കും. മയക്കുമരുന്നു കേസുകൾ വിചാരണ ചെയ്യാൻ 10 കോടതികൾ ആരംഭിക്കാൻ കേന്ദ്രം വിളിച്ച ഡിജിപിമാരുടെ യോഗത്തിൽ നിർദേശിച്ചിട്ടുണ്ട്. എവിടെയൊക്കെയെന്നു പിന്നീടു തീരുമാനിക്കും. നേരത്തേ പ്രഖ്യാപിച്ച തിരുവനന്തപുരം, എറണാകുളം കോടതികൾ ഉടൻ ആരംഭിക്കും. ഓണ്‍ലൈനിലും കൊറിയറിലും ഹോംഡെലിവറിയായും ട്രെയിനുകളിൽ ചെറിയ സ്റ്റേഷനുകളിൽ ഉപേക്ഷിച്ചുമുള്ള ലഹരിക്കടത്തിന്റെ പുതിയ രീതികൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അർബുദത്തിനുള്ള മരുന്നുപോലും ലഹരിക്കായി ഉപയോഗിക്കുന്നു. ഇതു തടയാൻ ആരോഗ്യവകുപ്പുമായി ചേർന്ന് സംയുക്ത ഓപ്പറേഷനുണ്ടാകും. ലഹരിക്കടത്തിന്റെ പുതിയ മാർഗങ്ങൾ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ കണ്ടെത്തി തടയും. ലഹരിയുടെ ഉറവിടം കണ്ടെത്തി തകർക്കാനാണ് സംയുക്ത ഓപ്പറേഷൻ.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം കൈമാറും. സംയുക്ത യോഗങ്ങൾ ഇടയ്ക്കിടെ ചേരും. കർണാടക ആഭ്യന്തരമന്ത്രി 15ന് തിരുവനന്തപുരത്തെത്തും. തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര, തെലുങ്കാന മുഖ്യമന്ത്രിമാരെ നേരിൽ കാണുമെന്നും മന്ത്രി പറഞ്ഞു.
തമിഴ്നാട് ഡിജിപി മഹേഷ് കുമാർ അഗർവാൾ, പുതുച്ചേരി ഡിജിപി ശാലിനി സിംഗ്, കർണാടക എഡിജിപി ആർ. ഹിതേന്ദ്ര, കസ്റ്റംസ് കമ്മീഷണർ ഡോ.ടി. ടിജു, നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ആർ. സുധാകർ, ഐബി ജോയിന്റ് ഡയറക്ടർ ഡോ.കെ. ജോസ്, ഡിആർഐ അഡീഷണൽ ഡയറക്ടർ കെ. പദ്മാവതി, തെലുങ്കാന എസ്പി പി.വി. പദ്മജ, ആന്ധ്ര എസ്പി കെ.എം. മഹേശ്വര രാജു, ആർപിഎഫ് സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫ്, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, പോലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രൻ, ഐജിമാരായ പുട്ട വിമലാദിത്യ, ഹർഷിത അട്ടല്ലൂരി തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് മയക്കു മരുന്നു കൈവശമുണ്ടെന്നു കരുതി ജനം ആരെയും കൈയേറ്റത്തിനും നിയമം കൈയിലെടുക്കാനും ശ്രമിക്കരുതെന്ന് മന്ത്രി രമേശ് ചെന്നിത്തല.
വിരങ്ങളുണ്ടെങ്കിൽ പോലീസിനെ അറിയിക്കുകയാണു വേണ്ടത്. ഇക്കാര്യത്തിൽ ആരും സ്വയം പോലീസ് ചമയാൻ ശ്രമിക്കരുത്.
പെരുന്പാവൂരിൽ ലഹരി വിൽപന നടത്തിയെന്ന് ആരോപിച്ച് യുവാക്കളെ തല മുണ്ഡനം ചെയ്ത സംഭവം അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
Tags : Operation Toofan Phase2 begins RemeshChennithala