സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പ്രസംഗിക്കുന്നു.
കൊച്ചി: സമുദ്ര ഉഷ്ണതരംഗങ്ങൾക്കു കാരണമാകുന്ന എൽ നിനോ പ്രതിഭാസം മൂലം അടുത്ത വർഷം മത്തിയുടെ ലഭ്യതയിൽ വൻതോതിൽ കുറവുണ്ടായേക്കുമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ).
ഒക്ടോബർ-നവംബർ മാസങ്ങളിൽ ശക്തിപ്പെടുമെന്നു കരുതുന്ന എൽ നിനോയുടെ പ്രത്യാഘാതം ഇന്ത്യൻ മഹാസമുദ്രത്തിൽ അടുത്ത വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ പ്രകടമാകുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. ദേശീയ മത്സ്യകർഷക ദിനത്തിൽ സിഎംഎഫ്ആർഐ സംഘടിപ്പിച്ച മത്സ്യകർഷക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കുറച്ചു വർഷങ്ങളെ അപേക്ഷിച്ച് മത്തിയുടെ ലഭ്യത ഇപ്പോൾ കൂടുതലാണ്. എന്നാൽ, പ്രവചിക്കപ്പെടുന്നതുപോലെ എൽ നിനോ സംഭവിക്കുകയാണെങ്കിൽ അടുത്ത വർഷം മത്തിലഭ്യതയെ സാരമായി ബാധിക്കും. കടലിലെ താപതരംഗങ്ങളും താപവ്യതിയാനങ്ങളും മത്തി ഉൾപ്പെടെയുള്ള ചെറിയ ഉപരിതല മീനുകളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഇതു രാജ്യത്താകെ സമുദ്രമത്സ്യലഭ്യതയിൽ ഇടിവുണ്ടാകാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
തുടർച്ചയായ സമുദ്രതാപനം പവിഴപ്പുറ്റുകളുടെ നാശത്തിനും അതുവഴി ചെമ്പല്ലി പോലുള്ള പവിഴപ്പുറ്റുകളെ ആശ്രയിച്ചുകഴിയുന്ന മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തെയും ലഭ്യതയെയും ബാധിക്കും-സിഎംഎഫ്ആർഐ ഡയറക്ടർ പറഞ്ഞു.
ദേശീയ മത്സ്യകർഷക ദിനാചരണ ചടങ്ങിൽ തീരദേശ മത്സ്യകൃഷി, കൂട് കൃഷി, മത്സ്യവിത്തുത്പാദനം, പട്ടാളപ്പുഴു ഉപയോഗിച്ചുള്ള ജൈവമാലിന്യ സംസ്കരണവും തീറ്റ നിർമാണവും, മത്സ്യകർഷകർക്കുള്ള സർക്കാർ സബ്സിഡികൾ എന്നിവയെക്കുറിച്ച് സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ കർഷകർക്കു സാങ്കേതിക മാർഗനിർദേശങ്ങൾ നൽകി.
ഡോ. ഇമെൽഡ ജോസഫ്, ഡോ. ബോബി ഇഗ്നേഷ്യസ്, ഡോ. രമ മധു, ഡോ. ഷോജി ജോസഫ്, ഡോ. പി.പി. സുരേഷ് ബാബു, ഡോ. സാജു ജോർജ്, ഡോ. എ. അനുരാജ്, ഡോ. അംബരീഷ് പി. ഗോപി തുടങ്ങിയവർ സംസാരിച്ചു. കൂടുമത്സ്യ കർഷകർ അനുഭവങ്ങൾ പങ്കുവച്ചു. 250ലേറെ മത്സ്യകർഷകർ പങ്കെടുത്തു.
മത്സ്യകർഷകർ ജാഗ്രത പാലിക്കണം
എൽ നിനോയുടെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കുമായി ഈ വർഷംതന്നെ സിഎംഎഫ്ആർഐ പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിക്കും.
കടുത്ത ചൂടിനും ഉയർന്ന ലവണാംശത്തിനും ശേഷം പെട്ടെന്നുണ്ടാകുന്ന മഴ തീരദേശങ്ങളിലും കായലുകളിലും ലവണാംശം പെട്ടെന്ന് മാറിമറിയുന്നതിന് കാരണമാകും. ഇത് മത്സ്യകൃഷിയെ സാരമായി ബാധിക്കാനിടയുള്ളതിനാൽ തീരദേശ മത്സ്യകർഷകർ മുൻകരുതൽ സ്വീകരിക്കണം.
Tags : El Nino CMFRI sardine availability