മന്ത്രി ബിന്ദു കൃഷ്ണ സംസാരിക്കുന്നു.
കൊച്ചി: കോറോ ഹെല്‍ത്തിന്റെ കേരളത്തിലെ ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ ഉറച്ച് കമ്പനി.
കൊച്ചിയിലും കോഴിക്കോട്ടുമായി 830 ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട സംഭവത്തില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ ഇന്നലെ എറണാകുളം കളക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയിലാണ് കമ്പനി നിലപാട് വ്യക്തമാക്കിയത്. തീരുമാനത്തില്‍നിന്നു പിന്മാറണമെന്ന് അഭ്യർഥിച്ച സര്‍ക്കാര്‍, കമ്പനിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു.
ചര്‍ച്ചയില്‍ അന്തിമ തീരുമാനമാകാതെ വന്നതോടെ 20ന് ചര്‍ച്ച വീണ്ടും തുടരും. കോറോ ഹെല്‍ത്ത് കമ്പനി അധികൃതര്‍ ഈ ചര്‍ച്ചയില്‍ നേരിട്ടു പങ്കെടുക്കും. അതേസമയം, വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനുള്ള നടപടികളിലേക്കു കടക്കുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മന്ത്രി ബിന്ദു കൃഷ്ണ 13ന് കേന്ദ്ര തൊഴില്‍വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തും.
സാമ്പത്തിക പ്രതിസന്ധി, ഓര്‍ഡറുകള്‍ ലഭിക്കുന്നില്ല തുടങ്ങിയ കാരണങ്ങളാണ് അടച്ചുപൂട്ടലിനു കാരണമായി ചര്‍ച്ചയില്‍ കമ്പനി ഉന്നയിച്ചത്. എന്നാല്‍, രേഖകളില്‍ കമ്പനി ലാഭത്തിലാണെന്നതും ഇന്ത്യയിലെ മറ്റു കേന്ദ്രങ്ങളിലെ പ്രവര്‍ത്തനവും ചൂണ്ടിക്കാട്ടി വാദങ്ങളെ സര്‍ക്കാര്‍ തള്ളി. മുമ്പ് നടന്ന ചര്‍ച്ചകളിലെ ധാരണകളെല്ലാം ലംഘിക്കുന്ന സമീപമാണു കമ്പനി സ്വീകരിച്ചിരുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഹൈബി ഈഡന് എംപി, ഉമ തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, ലേബര്‍ കമ്മീഷണര്‍ സഫ്ന നസറുദ്ദീന്‍, കോറോ ഹെല്‍ത്ത് ജീവനക്കാരുടെ പ്രതിനിധികള്‍, വിവിധ ട്രേഡ് യൂണിയന് നേതാക്കള്‍, കോറോ ഹെല്‍ത്ത് മാനേജ്മെന്റ് പ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.
രാജ്യത്തെ നിലവിലുള്ള തൊഴിലാളി നിയമപ്രകാരം വന്‍തോതിലുള്ള പിരിച്ചുവിടലുകള്‍ക്ക് 60 ദിവസം മുമ്പ് ജീവനക്കാര്‍ക്കു നോട്ടീസ് നല്‍കേണ്ടതുണ്ട്. അവസാനം വന്നവര്‍ ആദ്യം പുറത്തേക്ക് എന്ന സീനിയോറിറ്റി മാനദണ്ഡവും പാലിക്കണം.
എന്നാല്‍, കോറോ ഹെല്‍ത്തിന്റെ കാര്യത്തില്‍ ഈ ചട്ടങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. പരമാവധി ജീവനക്കാരെ കേരളത്തിലെ ഓഫീസുകളില്‍ത്തന്നെ നിലനിര്‍ത്തി ബാക്കിയുള്ളവരെ രാജ്യത്തെ മറ്റ് ഓഫീസുകളിലേക്കു മാറ്റാന്‍ കമ്പനി തയാറാകണമെന്ന് മന്ത്രി അഭ്യർഥിച്ചു.
അമേരിക്കയിലെ ഭരണമാറ്റത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോഡിംഗ് മേഖലയില്‍ കൂടുതല്‍ വര്‍ക്കുകള്‍ ലഭിക്കുന്നില്ല. ഇതിനാല്‍ മുന്നോട്ടു പോകാന്‍ സാധിക്കുന്നില്ല.
Tags : CoroHealth Mass layoffs company confirms closure