പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ചപ്പോൾ.
തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ സാന്നിധ്യം ശാസ്ത്രീയമായി തെളിയിക്കാൻ ഇമേജ് മാച്ചിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് പോലീസ്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും പ്രതികളുടെ യഥാർഥ ഫോട്ടോകളും താരതമ്യം ചെയ്ത് ദൃശ്യങ്ങളിലുള്ളത് ഒരേ വ്യക്തിയാണെന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം.
വീഡിയോ ദൃശ്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ചതാണെന്ന ആരോപണം വിചാരണയ്ക്കിടെ ഉയരാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് പോലീസിന്റെ നീക്കം. ഇഡി ആക്രമണക്കേസിൽ പോലീസിന്റെ കൈവശമുള്ള പ്രധാന തെളിവ് ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ്. അറസ്റ്റിലായ 26 പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞതും ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്.
എന്നാൽ പ്രതികൾ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് ശാസ്ത്രീയമായി കൂടി തെളിയിക്കേണ്ടതുണ്ട്. ഇതിനായി സൈബർ ഫോറൻസിക് പരിശോധനയുടെ ഭാഗമായാണ് ഇമേജ് മാച്ചിംഗ് നടത്തുന്നത്. വീഡിയോയിലെ പ്രതികളുടെ ദൃശ്യങ്ങളും അവരുടെ യഥാർഥ ഫോട്ടോകളും താരതമ്യം ചെയ്ത് രണ്ടും ഒരേ വ്യക്തിയുടേതാണോയെന്ന് പരിശോധിക്കും. മുഖസാദൃശ്യം മാത്രമല്ല, ശരീരഘടനയും പരിശോധനയുടെ ഭാഗമാകും.
മുഖത്തിന്റെ രൂപം, മൂക്കിന്റെ ഘടന, കണ്ണുകളുടെ പ്രത്യേകതകൾ തുടങ്ങിയവയ്ക്കൊപ്പം ശരീരഘടന, ഉയരം, മുടിയുടെ പ്രത്യേകതകൾ എന്നിവയും പരിശോധിക്കും. ഒരേപോലെ സാദൃശ്യമുള്ള വ്യക്തികൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് അനാട്ടമിക് പരിശോധനയും നടത്തുന്നത്.
സൈബർ ഫോറൻസിക് ലാബിലെ പരിശോധനയുടെ ഫലം മൂന്നാഴ്ചയ്ക്കുള്ളിൽ ലഭിക്കും. പരിശോധനാഫലം ലഭിച്ച ശേഷം കേസിൽ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം.
Tags : Ed officials Attack Case Enforcement Directorate Kerala Police ImageMatching Cyber Forensics