റുമേനിയൻ തീരത്തു ടാങ്കറിനുനേരേയുണ്ടായ ഡ്രോൺ ആക്രമണത്തിൽ തകർന്ന ടാങ്കർ.
ബുക്കാറസ്റ്റ്: റുമേനിയൻ തീരത്തു ടാങ്കറിനുനേരേയുണ്ടായ ഡ്രോൺ ആക്രമണത്തിൽ എട്ടു ജീവനക്കാരെ കാണാതായി. സാൻ മരീനോയുടെ പതാകയേന്തിയ ‘വൈൻ ട്രേഡർ’ എന്ന കപ്പലിനു നേരേയാണ് ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 12 ജീവനക്കാരിൽ നാലുപേരെ രക്ഷപ്പെടുത്തിയെങ്കിലും ബാക്കി എട്ടുപേർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
ഇന്നലെ രാവിലെ ഡാന്യൂബ് നദിയുടെ അഴിമുഖത്തിനു സമീപം 13 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് കപ്പലിൽ വൻ സ്ഫോടനവും തീപിടിത്തവുമുണ്ടായത്. ആക്രമണത്തിനു പിന്നിൽ റഷ്യൻ ഡ്രോണുകളാണെന്ന് റുമേനിയൻ പ്രസിഡന്റ് നിക്കൂഷോർ ഡാൻ സ്ഥിരീകരിച്ചു.
യുക്രെയ്നിലേക്ക് സൈനിക ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ കടത്തുകയായിരുന്ന രണ്ടു ചരക്കുകപ്പലുകൾ തകർത്തതായി റഷ്യൻ അധികൃതർ അവകാശപ്പെട്ടെങ്കിലും കപ്പലുകളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കൊമോറോസ് പതാകയേന്തിയ ‘യാര ജെ’ എന്ന കെമിക്കൽ ഓയിൽ ടാങ്കറിനും തീപിടിച്ചിരുന്നുവെങ്കിലും ഇതിലെ മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ പത്തു ദിവസത്തിനിടെ റുമേനിയ-ബൾഗേറിയ തീരങ്ങൾക്കു സമീപം ഇത്തരം ആക്രമണങ്ങളിൽ കുറഞ്ഞത് 23 നാവികരെയാണു നഷ്ടമായത്. കഴിഞ്ഞ ചൊവ്വാഴ്ച ബൾഗേറിയൻ തീരത്തും രണ്ട് ചരക്കുകപ്പലുകൾക്കുനേരേ ഡ്രോൺ ആക്രമണം നടന്നിരുന്നു. ഇതിൽ ഒരു കപ്പൽ മുങ്ങുകയും 11 ജീവനക്കാരെ കാണാതാകുകയും ചെയ്തു. സംഭവത്തിനു പിന്നിൽ റഷ്യയാണെന്ന് ബൾഗേറിയ ആരോപിച്ചിട്ടുണ്ട്.
കരിങ്കടൽ മേഖലയിൽ റഷ്യൻ ആക്രമണം കടുക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ റുമേനിയയും ബൾഗേറിയയും നീക്കം തുടങ്ങിയിട്ടുണ്ട്. മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി നാറ്റോ കരാറിലെ ‘ആർട്ടിക്കിൾ 4’ പ്രകാരം സഖ്യരാജ്യങ്ങളുടെ യോഗം വിളിച്ചുചേർക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ റുമേനിയൻ പ്രസിഡന്റും ബൾഗേറിയൻ പ്രധാനമന്ത്രിയും നാറ്റോ ജനറൽ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായി ബ്രസൽസിൽ കൂടിക്കാഴ്ച നടത്തി.
വ്യാപാരികളുടെയും ധാന്യകപ്പലുകളുടെയും നേരേ റഷ്യ നടത്തുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ വ്യക്തമാക്കി.
Tags : DroneAttack Ship RomanianCoast SailorsMissing