അൽബേനിയയുടെ തലസ്ഥാനമായ തിരാനയിൽ സർക്കാർ വിരുദ്ധ വിദ്യാർഥി പ്രക്ഷോഭത്തിൽ വിഖ്യാത സ്പാനിഷ് ചിത്രകാരൻ സാൽവദോർ ദാലിയുടെ മുഖംമൂടിയണിഞ്ഞ പ്രക്ഷോഭകാരി.
തിരാന: അൽബേനിയയിൽ സർക്കാരിനെതിരായ വിദ്യാർഥിപ്രക്ഷോഭം ശക്തമാകുന്നു. പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്കു കടന്നതോടെ തെരുവുകൾ യുദ്ധക്കളമായി മാറി.
കെട്ടിടങ്ങളുടെ ജനൽച്ചില്ലുകൾ തകർക്കുകയും പൊതുസ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്ത പ്രതിഷേധക്കാർക്കുനേരേ പൊലിസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. തലസ്ഥാനമായ തിരാനയിൽ ഇന്നലെ പ്രക്ഷോഭകാരികളായ ആയിരക്കണക്കിനു വിദ്യാർഥികളും പൊലിസും തമ്മിൽ ശക്തമായ ഏറ്റുമുട്ടലുണ്ടായി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്നറുടെ നേതൃത്വത്തിലുള്ള ലക്ഷ്വറി റിസോർട്ട് പദ്ധതിക്കുവേണ്ടി ദക്ഷിണ തീരദേശ ഭൂമി വിട്ടുനൽകുന്നതിനെതിരേ വേനൽക്കാലം മുതൽ സമാധാനപരമായി നടന്നുവന്ന പ്രതിഷേധങ്ങളാണ് ഇപ്പോൾ അക്രമാസക്തമായ പ്രക്ഷോഭമായി മാറിയിരിക്കുന്നത്. സ്വന്തം നാടിന്റെ വിഭവങ്ങൾ വിറ്റഴിക്കുന്നതിലും രൂക്ഷമായ വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും ജനങ്ങൾ വൻ രോഷത്തിലാണ്.
പ്രക്ഷോഭം ശക്തമായതോടെ പാർലമെന്റ് സമ്മേളനം റദ്ദാക്കി. എന്നാൽ രാജിവയ്ക്കില്ലെന്ന നിലപാടിലാണു പ്രധാനമന്ത്രി എഡി റാമ. വിദ്യാർഥികളുടെയും ജനങ്ങളുടെയും ന്യായമായ ആശങ്കകൾ പരിഹരിക്കുകയും രാജ്യത്തെ മുന്നോട്ടുനയിക്കുകയുമാണ് തന്റെ ഉത്തരവാദിത്വമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് സംസാരിക്കവെ റാമ വ്യക്തമാക്കി.
യൂറോപ്യൻ യൂണിയനിൽ അൽബേനിയയ്ക്ക് അംഗത്വം നേടിക്കൊടുക്കുക എന്ന പ്രധാന വാഗ്ദാനവുമായി കഴിഞ്ഞ വർഷമാണു റാമ നാലാം തവണയും അധികാരം പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയൻ പ്രവേശന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് രാജ്യത്തു പുതിയ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. എന്നാൽ സർക്കാരിനെതിരേ അക്രമം അഴിച്ചുവിട്ടുകൊണ്ട് ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിയില്ലെന്ന് റാമ വ്യക്തമാക്കി.
Tags : Albania Ablaze StudentProtests Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash