പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പെട്രോൾ പമ്പിന്റെ വാർഷിക പരിശോധനയുമായി (ആനുവൽ സ്റ്റാമ്പിംഗ്) ബന്ധപ്പെട്ട് പമ്പുടമയിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിൽ ലീഗൽ മെട്രോളജി വകുപ്പ് മുൻ ഡെപ്യൂട്ടി കൺട്രോളർക്കു മൂന്നു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.
പട്ടം ലീഗൽ മെട്രോളജി ഓഫിസിലെ ഡെപ്യൂട്ടി കൺട്രോളറായിരുന്ന ബി.എസ്. അജിത് കുമാറിനെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി എ. മനോജ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം. അഴിമതി നിരോധന നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്.
ആക്കുളത്ത് പ്രവർത്തിക്കുന്ന നാഗരാജൻ ആൻഡ് സൺസ് ഫ്യൂവൽ സ്റ്റേഷൻ ഉടമയായ സ്വരൂപ് രാജ്കുമാറിൽ നിന്നും 2022 നവംബർ ഒന്നിന് 8,000 രൂപ കൈക്കൂലി വാങ്ങവേയാണ് ഇയാൾ വിജിലൻസിന്റെ പിടിയിലായത്.
പമ്പിന്റെ ആനുവൽ സ്റ്റാമ്പിംഗിനായി ഒക്ടോബർ 21ന് സ്വരൂപ് രാജ്കുമാർ അജിത് കുമാറിനെ ഓഫിസിലെത്തി കണ്ടിരുന്നു. നവംബർ ഒന്നിന് സ്റ്റാമ്പിംഗ് നടത്താമെന്നും ഇതിനായി 16,000 രൂപ കൈക്കൂലി നൽകണമെന്നും അജിത് കുമാർ ആവശ്യപ്പെടുകയായിരുന്നു.
ഇതേത്തുടർന്ന് ഒക്ടോബർ 31ന് പരാതിക്കാരൻ തിരുവനന്തപുരം വിജിലൻസ് യൂണിറ്റിനെ സമീപിച്ചു. പരാതിയിൽ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ട വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു.
Tags : Bribery LegalMetrologyOfficial sentenced Imprisonment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash