ഹാളണ്ട്, എംബപ്പെ
മിലാൻ: ചാന്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കിലിയൻ എംബപ്പെ. റോമയ്ക്കെതിരേ എസ്റ്റാഡിയോ ഒളിന്പിക്കോയിൽ നടന്ന മത്സരത്തിലാണ് 27-ാം വയസിൽ എംബപ്പെ ഈ നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തിൽ റയൽ മാഡ്രിഡ് 4-3ന് വിജയിച്ചു.
2015 സെപ്റ്റംബറിൽ റോമയ്ക്കെതിരേ തന്നെ 28-ാം വയസിൽ ഈ റിക്കാഡ് കുറിച്ച ലയണൽ മെസിയുടെ നേട്ടമാണ് എംബപ്പെ മറികടന്നത്. 17-ാം വയസിൽ, 2016 സെപ്റ്റംബറിൽ മൊണാക്കോയ്ക്ക് വേണ്ടിയായിരുന്നു എംബപ്പെയുടെ ചാന്പ്യൻസ് ലീഗ് അരങ്ങേറ്റം.
പരിശീലകൻ ഹോസെ മൗറീഞ്ഞോയുടെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ സെന്റർ ഫോർവേഡായി ഇറങ്ങിയ എംബാപ്പെ തന്റെ 72-ാം ചാന്പ്യൻസ് ലീഗ് ഗോളും നേടി. ഇതോടെ മുൻ റയൽ താരം റൗൾ ഗോണ്സാലസിനെ മറികടന്ന് ചാന്പ്യൻസ് ലീഗ് എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ എംബപ്പെ അഞ്ചാം സ്ഥാനത്തെത്തി. കഴിഞ്ഞ ചാന്പ്യൻസ് ലീഗ് സീസണിൽ 15 ഗോളുകളോടെ എംബപ്പെ ഗോൾവേട്ടയിൽ ഒന്നാമതായിരുന്നു.
റിക്കാർഡ് തകർത്ത് ഹാളണ്ട്
പിഎസ്ജിക്കെതിരായ മത്സരത്തിൽ മാഞ്ചെസ്റ്റർ സിറ്റി 4-2ന് തോൽവി വഴങ്ങിയെങ്കിലും ഇരട്ട ഗോളുകൾ നേടിയ എർലിംഗ് ഹാളണ്ട് ടൂർണമെന്റിലെ തന്റെ ഗോൾ നേട്ടം 61ൽ എത്തിച്ചു.
ഇതോടെ ചാന്പ്യൻസ് ലീഗിൽ 60 ഗോളുകൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഹാളണ്ട് സ്വന്തമാക്കി. 26 വയസും 85 ദിവസവും പ്രായമുള്ളപ്പോഴാണ് ഹാളണ്ടിന്റെ നേട്ടം. മെസിയുടെ റിക്കാർഡ് ഒരു ദിവസത്തിന്റെ വ്യത്യാസത്തിലാണ് ഹാളണ്ട് മറികടന്നത്.
Tags : Mbappe Haaland MinorRecord Sports Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash