പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ ഇന്നലെ രാത്രി പ്രതിഷേധിച്ച എൻഎസ്യുഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു.
ന്യൂഡൽഹി: ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനു സമീപം ഇന്നലെ രാത്രി വീണ്ടും വൻ സംഘർഷവും ബഹളവും. എസ്ഐആർ പ്രതിഷേധത്തിനിടെ മലയാളിവിദ്യാർഥികൾ ഉൾപ്പടെയുള്ളവരെ ആക്രമിച്ച പൊലിസുകാർക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് എൻഎസ്ഐ ഇന്നലെ രാത്രി പത്തോടെ നടത്തിയ പ്രതിഷേധമാണു സംഘർഷത്തിൽ കലാശിച്ചത്.
റോഡ് ഉപരോധിച്ച നൂറോളം വരുന്ന പ്രതിഷേധക്കാരെ പൊലിസ് ബലം പ്രയോഗിച്ചും വലിച്ചിഴച്ചുമാണ് സ്ഥലത്തുനിന്നു മാറ്റിയത്.തങ്ങളെ ആക്രമിച്ച പൊലിസുകാർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസെടുക്കണമെന്നാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം. എൻഎസ്യുഐ നേതാവും മലയാളിയുമായ ആതിര വിജയൻ റോഡിൽ കിടന്നു പ്രതിഷേധിച്ചു. കസ്റ്റഡിയിലെടുത്ത വനിതാ പ്രതിഷേധക്കാരെ പിന്നീട് പോലീസ് വിട്ടയച്ചു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ അഞ്ഞൂറോളം കേന്ദ്രസേനാംഗങ്ങളെ സ്ഥലത്തു വിന്യസിച്ചിട്ടുണ്ട്. സംഭവസ്ഥലത്തേക്ക് പ്രവേശിക്കുന്നതിൽനിന്ന് മാധ്യമപ്രവർത്തകരെ പോലീസ് വിലക്കി. സംഭവസ്ഥലത്ത് രാത്രി വൈകിയും സംഘർഷാവസ്ഥയും പ്രതിഷേധവും തുടരുകയാണ്.
പൊലിസ് കസ്റ്റഡിയിൽ നേരിട്ട മർദനത്തിനെതിരേ എൻഎസ്യുഐ നേതാവ് ആതിര വിജയൻ പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ പൊലിസ് തയാറായിട്ടില്ല. ആതിരയ്ക്കൊപ്പം മർദനമേറ്റ മറ്റൊരു വിദ്യാർഥിയും പരാതി നൽകിയെങ്കിലും പൊലിസ് നടപടിയുണ്ടായില്ല.
Tags : NSUI Activists Custody Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash