തകർന്ന സ്കൂൾ കെട്ടിടത്തിനുള്ളിൽനിന്നും പരിക്കേറ്റ കുട്ടിയുമായി പുറത്തേയ്ക്കുവരുന്ന രക്ഷാപ്രവർത്തകൻ.
പെഷവാർ: പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിലെ പെഷവാർ നഗരത്തിൽ സ്വകാര്യ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 34 വിദ്യാർഥികളും അധ്യാപികയും മരിച്ചു. നാൽപ്പതിലേറെ പേർക്കു പരിക്കേറ്റു. ഡിർ കോളനിയിലാണ് അപകടമുണ്ടായത്. സ്കൂളിന്റെ ഉടമയെ അറസ്റ്റ് ചെയ്തു. മൂന്നു നിലകളുള്ള സ്കൂളിന്റെ മേൽക്കൂരയുടെ നിർമാണത്തിൽ അപാകതയുണ്ടായിരുന്നുവെന്നാണു കണ്ടെത്തിയിരിക്കുന്നത്.
സ്കൂളിൽ 110 കുട്ടികളാണ് എന്റോൾ ചെയ്തിരിക്കുന്നത്. മരിച്ചവരിൽ ആറു പേർ പെൺകുട്ടികളാണ്. പരിക്കേറ്റവരിൽ 20 പേർ വിദ്യാർഥികളാണ്. മരിച്ച വിദ്യാർഥികളെല്ലാം ഏഴിനും 14നും ഇടയിൽ പ്രായമുള്ളവരാണ്. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവരെല്ലാം രക്ഷപ്പെടുത്തിയെന്ന് പെഷവാർ ഡെപ്യൂട്ടി കമ്മിഷണർ അഫാഖ് വസീർ പറഞ്ഞു. അപകടത്തിൽ അന്വേഷണത്തിന് വസീർ ഉത്തരവിട്ടു.
ഇടുങ്ങിയ തെരുവിലാണു സ്കൂൾ സ്ഥിതിചെയ്യുന്നത്. രക്ഷാപ്രവർത്തനത്തിന് ഇതു തടസം സൃഷ്ടിച്ചു. പാക്കിസ്ഥാനിൽ കെട്ടിടം തകർന്നുള്ള അപകടങ്ങൾ സാധാരണമാണ്. ജൂലൈയിൽ സിന്ധ് പ്രവിശ്യയിൽ ഗവ. പ്രൈമറി സ്കൂൾ തകർന്നുവീണ് മൂന്നു പെൺകുട്ടികൾ മരിച്ചിരുന്നു. ജൂണിൽ ലാഹോറിൽ സ്വകാര്യ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്നു മരിച്ചത് 14 കുട്ടികളാണ്.
Tags : Student Teacher School Collapsed Pakistan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash