സ്മൃതി മന്ദാന
ഇന്ത്യയുടെ വനിത സ്റ്റാർ ക്രിക്കറ്റർ സ്മൃതി മന്ദാന നായികയായി ഇന്ന് അരങ്ങേറും. സിംബാബ്വെയ്ക്കെതിരായ മൂന്ന് ട്വന്റി20 മത്സരങ്ങളിൽ ആദ്യ പോരാട്ടം ഇന്ന് നടക്കുന്പോൾ ടീമിനെ നയിക്കുന്നത് സ്മൃതി മന്ദാനയാണ്. ഹർമൻപ്രീത് കൗർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സ്മൃതി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്.
രണ്ട് ഡബ്ല്യുപിഎൽ കിരീടങ്ങൾ നേടിയ ശേഷമാണ് സ്മൃതി ഇന്ത്യയുടെ ദേശീയ ടീം ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തുന്നത്. ഡബ്ല്യുപിഎലിൽ മൂന്ന് തവണ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നയിച്ച് രണ്ട് കിരീട നേട്ടമാണ് സ്മൃതിക്കുള്ളത്. സഹതാരങ്ങൾക്ക് പിന്തുണ നൽകുന്നതിലും തീരുമാനങ്ങൾ കൃത്യയതയോടെ എടുക്കുന്നതിലും മികവുള്ള സ്മൃതിയുടെ നേതൃപാടവം ഇന്ത്യക്ക് കരുത്താകും.
മുൻഗാമിയായ ഹർമൻപ്രീത് കൗർ സ്വീകരിച്ച ആക്രമണോത്സുക ശൈലി സ്മൃതി പിന്തുടരുമോ? ക്യാപ്റ്റൻ എന്ന നിലയിലെ ഉത്തരവാദിത്വങ്ങൾ താരത്തിന്റെ അഗ്രസീവ് ബാറ്റിംഗിനെ ബാധിക്കുമോ? തുടങ്ങി ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണ് പരന്പരയില് ലഭ്യമാകുക.
ഹർമന് സ്പേസ്
ഹർമൻപ്രീതിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്ന അന്തരീക്ഷം ഒരുക്കുക എന്നതും സ്മൃതി മന്ദാനയ്ക്ക് വെല്ലുവിളിയാണ്. മുൻ ക്യാപ്റ്റന്മാര്ക്ക് തങ്ങൾ പ്രധാന തീരുമാനങ്ങൾ എടുക്കുന്നവരായി ഇല്ലാത്ത സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നത് പ്രയാസകരമാകും. എന്നാൽ ഡബ്ല്യുപിഎല്ലിൽ പ്രകടമായ മന്ദാനയുടെ നായക മികവിനൊപ്പം സഹതാരങ്ങളുമായി ബന്ധം സ്ഥാപിക്കാനും അവരെ ഉൾക്കൊള്ളാനുമുള്ള കഴിവ് പ്രതീക്ഷ പകരുന്നതാണ്.
വെല്ലുവിളി
ഏഷ്യാ കപ്പും ഏഷ്യൻ ഗെയിംസ് കിരീടങ്ങളും ഉൾപ്പടെ സമീപകാലത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചച്ചെങ്കിലും ഇന്ത്യയുടെ ട്വന്റി20 പ്രകടനം മറ്റ് ടീമുകളെ അപേക്ഷിച്ച് പിന്നിലാണ്. പ്രത്യേകിച്ച് 2020ന് ശേഷം നടന്ന ട്വന്റി20 ലോകകപ്പുകളിൽ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ ടീമുകൾക്കെതിരേ വിജയിക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ഈ വെല്ലുവിളി മറികടക്കുകയും മന്ദാനയുടെ ലക്ഷ്യമാണ്.
സിംബാബ്വെയ്ക്കെതിരായ ഹോം പരന്പര മന്ദാനയ്ക്ക് ക്യാപ്റ്റൻ എന്ന നിലയിൽ മികച്ച തുടക്കമായിരിക്കും. അടുത്ത വർഷത്തെ ചാന്പ്യൻസ് ട്രോഫി, 2028ലെ ട്വന്റി20 ലോകകപ്പ്, ലോസ് ആഞ്ചലസ് ഒളിന്പിക്സ് എന്നിവയ്ക്കായി ഇന്ത്യ തയാറെടുക്കുന്പോൾ സ്മൃതി മന്ദാനയുടെ കൃത്യമായ തയാറെടുപ്പുകളും മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള സന്നദ്ധതയും നിർണായക പങ്ക് വഹിക്കും.

ടെസ്റ്റ് പദവിയുള്ള രാജ്യത്ത് നിന്ന് ഒരു കലണ്ടർ വർഷം 50 ട്വന്റി20 വിക്കറ്റുകൾ നേടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമെന്ന നേട്ടത്തിനരികേ ഇന്ത്യൻ സ്പിന്നർ ശ്രീചരണി.
റായ്പൂരിൽ ഇന്ന് സിംബാബ്വെയ്ക്കെതിരേ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരന്പരയിലെ ആദ്യ മത്സരത്തിനിറങ്ങുന്ന ശ്രീചരണിക്ക് ഈ നേട്ടത്തിലേക്ക് എത്താൻ വേണ്ടത് ഇനി വെറും മൂന്ന് വിക്കറ്റുകൾ മാത്രം. നേട്ടം സ്വന്തമാക്കിയാൽ ഒരു കലണ്ടർ വർഷത്തിൽ 50 ട്വന്റി20 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രം കൂടി ശ്രീചരണി പേരിൽ കുറിക്കും.
ഈ വർഷം ഇതുവരെ കളിച്ച 23 ട്വന്റി20 മത്സരങ്ങളിൽനിന്നായി 10.42 ശരാശരിയിലും 5.67 ഇക്കോണമി റേറ്റിലും 47 വിക്കറ്റുകൾ ശ്രീചരണി നേടിയിട്ടുണ്ട്. 10 റണ്സിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് ഈ വർഷത്തെ മികച്ച പ്രകടനം. നിലവിൽ ഈ ഫോർമാറ്റിൽ ഈ വർഷം ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരവും ശ്രീചരണിയാണ്.
കരിയറിലെ 33 ട്വന്റി20 മത്സരങ്ങളിൽനിന്നായി 12.56 ശരാശരിയിലും 6.32 ഇക്കോണമിയിലും 62 വിക്കറ്റുകൾ ശ്രീചരണി നേടിയിട്ടുണ്ട്. ഈ വർഷത്തെ ട്വന്റി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരവും ശ്രീചരണിയായിരുന്നു. ലോകകപ്പിലെ 5 മത്സരങ്ങളിൽ നിന്ന് 8.35 ശരാശരിയിലും 5.85 ഇക്കോണമി റേറ്റിലും 14 വിക്കറ്റുകളാണ് താരം നേടിയത്.
റായ്പുർ: ഇന്ത്യൻ വനിതാ ടീമും സിംബാബ്വെ വനിതാ ടീമും ട്വന്റി20 അന്താരാഷ്ട്ര ഫോർമാറ്റിൽ ആദ്യമായി മുഖാമുഖം പോരാടും. മത്സരം ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ ഒരു അധ്യായം കൂടി തുറക്കും.
പുതുതായി നിയമിക്കപ്പെട്ട സ്ഥിരം ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ നേതൃത്വത്തിലുള്ള ആദ്യ മത്സരത്തിനാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഷെഫാലി വർമയാണ് വൈസ് ക്യാപ്റ്റൻ. മുൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ടീമിന്റെ ഭാഗമാണ്. മലയാളി താരം മിന്നു മണിയും പതിനഞ്ചംഗ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.
പരിക്കിൽനിന്ന് മുക്തയാകാത്തതിനാൽ ജെമീമ റോഡ്രിഗസ് ടീമിലുണ്ടാകില്ല. ഏഷ്യൻ ഗെയിംസ് ടീമിലുണ്ടായിരുന്ന ശ്രേയങ്ക പാട്ടീൽ, രേണുക സിംഗ് താക്കൂർ, രാധ യാദവ്, ഭാരതി ഫുൽമാലി എന്നിവരെ ട്വന്റി20 ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യ ടീം: സ്മൃതി മന്ദാന (c), ഷെഫാലി വർമ (wc), റിച്ച ഘോഷ് (wk), ജി. കമാലിനി (wk), നിക്കി പ്രസാദ്, ഹർമൻപ്രീത് കൗർ, അനുഷ്ക ശർമ, ദീപ്തി ശർമ, പ്രേമ റാവത്ത്, ശ്രീചരണി, നന്ദിനി ശർമ, ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ജിന്റിമണി കലിതം, മിന്നു മണി.
Tags : India Zimbabwe T20Cricket SmritiMandana Sports