സുപ്രീംകോടതി
ന്യൂഡൽഹി: വോട്ടുകൊള്ളയിൽ തെരുവിൽ തുടരുന്ന പോരാട്ടത്തിനൊപ്പം സുപ്രീംകോടതിയിൽ നിയമപോരാട്ടവും കടുക്കുന്നു. കോടതി ഉത്തരവ് മറികടന്ന് സമരം പൊളിക്കാൻ ഏർപ്പടുത്തിയ നിയന്ത്രണങ്ങൾ, എസ്ഐആറിൽ രാഹുൽ സമർപ്പിച്ച ഹർജി, സമരക്കാർക്കെതിരേ പൊലിസ് നടത്തിയ അതിക്രമം, മാധ്യമ പ്രവർത്തകർക്കെതിരായ പൊലിസ് നടപടികൾ, ജന്തർ മന്തർ പൂട്ടിയത് തുടങ്ങി 46 ഹർജികളാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചിന് മുന്നിൽ പരിഗണനയ്ക്കെത്തിയത്.
ഗ്യാനേഷ് കുമാറിനെതിരേ ഇന്ത്യ മുന്നണി സർപ്പിച്ച ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മിഷനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. അതേസമയം, ഇന്ത്യ സഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ അതൃപ്തി പ്രകടിപ്പിച്ച ചീഫ് ജസ്റ്റീസ് ഹർജിക്കാരിൽ ഒരാളുടെ പെരുമാറ്റത്തെക്കുറിച്ച് അടുത്ത വാദംകേൾക്കലിൽ പ്രതികരണം തേടുമെന്ന് വ്യക്തമാക്കി. എന്നാൽ ആരെപ്പറ്റിയാണ് പരാമർശിക്കുന്നതെന്ന് കോടതി പറഞ്ഞില്ല.
പ്രതിഷേധങ്ങൾ തടയാൻ ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി സുപ്രീംകോടതിക്ക് മുന്നിൽ മാപ്പപേക്ഷിച്ചു. എല്ലാ ഹർജികളിലും കക്ഷികളുടെ പ്രതികരണം ലഭിച്ചശേഷം സുപ്രീംകോടതി വിശദമായ വാദം കേൾക്കും. പ്രതിഷേധത്തിൽ പങ്കെടുത്ത രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് നേരിട്ട പൊലിസ് അതിക്രമം അദ്ദേഹം നേരിട്ടെത്തി ബെഞ്ചിനെ അറിയിച്ചു. കേസിൽ കൂടുതൽ വാദത്തിലേക്ക് കടക്കുമ്പോൾ ഇക്കാര്യം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
അഭിഭാഷകർക്കും വനിതാ മാധ്യമ പ്രവർത്തകർക്കും ഡൽഹി പൊലിസിൽനിന്ന് ക്രൂരനടപടി നേരിടേണ്ടി വന്നതായും ഹർജിക്കാർ കോടതിയെ അറിയിച്ചു. തുടർന്ന് പ്രതിഷേധവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും മറ്റ് ഡിജിറ്റൽ തെളിവുകളും സുരക്ഷിതമായി സൂക്ഷിക്കാൻ കോടതി നിർദേശം നൽകി.
സുപ്രീംകോടതി മാർച്ചിൽ അതൃപ്തി
ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് നടത്തിയ മാർച്ചും കോടതി രജിസ്ട്രിയിൽ പ്രവേശിച്ചതുമായി ബന്ധപ്പെട്ട ഹർജിയിൽ രാഹുൽ ഗാന്ധി ഉൾപ്പടെ പ്രതിപക്ഷ നേതാക്കൾക്ക് സുപ്രീംകോടതി നോട്ടീസ് നൽകി.
കോടതി പരിസരത്തുണ്ടായ സംഭവവികാസങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, ഇത്തരം സംഭവങ്ങളിലൂടെ കോടതിയെ ആർക്കും ഭീഷണിപ്പെടുത്താനാകില്ലെന്നും വ്യക്തമാക്കി.
Tags : LegalBattle GyaneshKumar Intensifies opposition Petition Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash