വിസ്മയയും ദക്ഷും
തൃപ്രയാർ: ഭാര്യയെയും നാലര വയസുള്ള മകനെയും യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തി. വലപ്പാട് ബീച്ചിൽ തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയ (24) മകൻ ദക്ഷ് (നാലു വയസ്) എന്നിവരെ കൊലപ്പെടുത്തിയത്.
കൃത്യം നടത്തിയശേഷം ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപിച്ച് ആത്മഹത്യക്കു ശ്രമിച്ച വിജേഷിനെ (40) ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒന്നരയോടെ വലപ്പാട് ജിഡിഎം എൽപി സ്കൂളിനു പടിഞ്ഞാറുള്ള വിസ്മയയുടെ വീട്ടിൽവച്ചാണ് സംഭവം.
വീട്ടിലെ മറ്റൊരു മുറിയിൽ ഉറങ്ങിയിരുന്ന സഹോദരൻ വികാസ് കരച്ചിൽകേട്ട് വാതിൽ തള്ളിത്തുറന്നപ്പോൾ വിസ്മയ ഗുരുതര പരിക്കുകളോടെ പുറത്തേക്ക് ഓടുകയായിരുന്നെന്നു പറയുന്നു. വീട്ടിൽനിന്ന് 50 മീറ്റർ അകലെ റോഡിൽ കുഴഞ്ഞുവീണ ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ സമയം മുറിയുടെ വാതിലടച്ച വിജേഷ് മകനെയും കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വലപ്പാട് പൊലിസ് വിജേഷിനെയും മകനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ദക്ഷ് മരിച്ചു.
വിസ്മയയുടെയും ദക്ഷിന്റെയും മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
തൃപ്രയാറിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് വിസ്മയ. വിജേഷ് ടിപ്പർ ലോറി ഡ്രൈവറാണ്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന. ദക്ഷ് വലപ്പാട് ഭാരത് വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്.
Tags : AttemptingSuicide CriticalCondition Wife Son Throats Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash