പദ്മശ്രീ ചെറുവയല് രാമന് അന്തിമോപചാരം അര്പ്പിക്കുന്ന കുടുംബാംഗങ്ങള്.
മാനന്തവാടി: പാരമ്പര്യ നെല്വിത്തുകളുടെ കാവല്ക്കാരനും വയനാടിന്റെ കാര്ഷിക പൈതൃകത്തിന്റെ അടയാളവുമായ പദ്മശ്രീ ചെറുവയല് രാമന് നാട് കണ്ണീരോടെ യാത്രാമൊഴി നല്കി. മണ്ണിനെയും നെല്വിത്തുകളെയും നെഞ്ചോടുചേര്ത്ത് ജീവിച്ച പ്രിയപ്പെട്ട "നെല്ലച്ഛനെ' അവസാനമായി ഒരുനോക്കു കാണാന് ആയിരങ്ങളാണ് എത്തിയത്.
മത-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും സാധാരണക്കാരും വിദ്യാര്ഥികളുമടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ളവര് അന്ത്യോപചാരമര്പ്പിച്ചു.
ഇന്നലെ രാവിലെ ഒമ്പതോടെയാണ് അദ്ദേഹം പഠിച്ച കമ്മന നവോദയം എല്പി സ്കൂള് മുറ്റത്ത് പൊതുദര്ശനം ആരംഭിച്ചത്. തങ്ങള്ക്ക് നെല്വിത്തുകളുടെ മഹത്വവും കൃഷിയുടെ നന്മകളും പകര്ന്നുനല്കിയ "നെല്ലച്ഛനെ' ഒരുനോക്കു കാണാന് നൂറുകണക്കിനു വിദ്യാര്ഥികളാണ് സ്കൂള് മുറ്റത്തെത്തിയത്.
പാഠപുസ്തകങ്ങള്ക്കപ്പുറം മണ്ണിനെയും പ്രകൃതിയെയും ജീവിതത്തിന്റെ ഭാഗമാക്കാന് പഠിപ്പിച്ച കര്ഷകന്റെ വിയോഗത്തില് കുട്ടികളുടെ സാന്നിധ്യം ഹൃദയസ്പര്ശിയായി.
സുല്ത്താന് ബത്തേരി മലങ്കര സുറിയാനി കത്തോലിക്കാ ബിഷപ് ഡോ. ജോസഫ് മാര് തോമസ്, മാനന്തവാടി ബിഷപ് മാര് ജോസ് പൊരുന്നേടം, ഓര്ത്തഡോക്സ് സഭയിലെ മെത്രാപ്പൊലീത്ത ഡോ. ഗീവര്ഗീസ് മാര് ബര്ന്നബാസ്, മലബാര് ഭദ്രാസനാധിപന് ഡോ. ഗീവര്ഗീസ് മാര് സ്തേഫാനോസ് തുടങ്ങിയവര് അന്ത്യോപചാരമര്പ്പിച്ചു.
ഗവര്ണര്, മുഖ്യമന്ത്രി, സംസ്ഥാന സര്ക്കാര് എന്നിവര്ക്കുവേണ്ടി ജില്ലാ കളക്ടര് വി. ചെല്സസിനി പുഷ്പചക്രം അര്പ്പിച്ചു. കൃഷിമന്ത്രി ടി. സിദ്ദിഖ്, മുന്മന്ത്രിമാരായ പി.കെ. ജയലക്ഷ്മി, ഒ.ആര്. കേളു, എ.കെ. ശശീന്ദ്രന്, ജനപ്രതിനിധികള് തുടങ്ങിയവര് ആദരാഞ്ജലികളര്പ്പിച്ചു.
ഉച്ചയ്ക്ക് 12.30ഓടെ മൃതദേഹം കമ്മനയിലെ കൊടുവേല് തറവാട്ടിലെ വീട്ടിലെത്തിച്ചു. രണ്ടോടെ പൊലിസ് സേന ഗാര്ഡ് ഓഫ് ഓണര് നല്കി. സമുദായാചാരപ്രകാരമുള്ള സംസ്കാരച്ചടങ്ങുകള്ക്കുശേഷം മൃതദേഹം സമുദായ ശ്മശാനത്തില് സംസ്കരിച്ചു.
Tags : Farewell Nellachan community CheruvayalRaman Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash