കേരള നിയമസഭ
തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിലേക്കായി സംസ്ഥാന സർക്കാർ സമർപ്പിച്ച ഭേദഗതി പ്രൊപ്പോസൽ പരിഗണിച്ചു മാത്രമേ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളെ സംബന്ധിച്ച് അന്തിമവിജ്ഞാപനം ഇറക്കാവൂ എന്നു കേന്ദ്രത്തോടാവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐകകണ്ഠ്യേന പാസാക്കി.
വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്രത്തിന്റെ കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതിലോല മേഖലയായി നിർദേശിച്ചിരുന്നത്.
എന്നാൽ, ജനവാസ-കൃഷി മേഖലകൾ ഒഴിവാക്കി 98 റവന്യു വില്ലേജുകളിലായി പരിസ്ഥിതിലോല പ്രദേശം പരിമിതപ്പെടുത്തണമെന്നാണ് പ്രമേയത്തിലൂടെ കേരളം ആവശ്യപ്പെടുന്നത്.
പരിസ്ഥിതി നിയന്ത്രണങ്ങൾ വനാതിർത്തിക്കുള്ളിൽ മാത്രമായി ഒതുക്കണം. കേരളത്തിലെ ഉയർന്ന ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതയും കണക്കിലെടുക്കുമ്പോൾ, ഒരു റവന്യു വില്ലേജിനെ പൂർണമായി പരിസ്ഥിതിലോല പ്രദേശമായി കാണാനാകില്ലെന്ന് പ്രമേയത്തിൽ വ്യക്തമാക്കുന്നു.
ഒരേ വില്ലേജിൽതന്നെ വനവും ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒന്നിച്ചു നിലനിൽക്കുന്നുണ്ട്. കടുത്ത നിയന്ത്രണങ്ങളുള്ള ‘റെഡ് കാറ്റഗറി’ നിരോധനത്തിൽ ഇളവു വരുത്തി പാൽ സംസ്കരണ യൂണിറ്റുകൾ, അറവുശാലകൾ, ആശുപത്രികൾ, ദുരന്തബാധിതർക്കായുള്ള പുനരധിവാസ ടൗൺഷിപ്പുകൾ (50 ഹെക്ടറിൽ കൂടുതൽ), പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുത പദ്ധതികൾ എന്നിവയ്ക്ക് കർശനമായ മലിനീകരണ നിയന്ത്രണ നിയമങ്ങൾക്ക് വിധേയമായി അനുമതി നൽകണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ഉപജീവനമാർഗങ്ങൾ, കൃഷിരീതികൾ, പൊതുജനാരോഗ്യം, അവശ്യ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ സംരക്ഷണത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും പിന്തുടരണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
ഏലം കൃഷിയുടെ ചരിത്രം, സ്ഥാപിതമായ വാസസ്ഥലങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, നിലവിലുള്ള നിയമപരമായ സംരക്ഷണങ്ങൾ എന്നിവ ഉദ്ധരിച്ച്, നിർദിഷ്ട ഇഎസ്എ നിയന്ത്രണ ചട്ടക്കൂടിൽനിന്ന് കാർഡമം ഹിൽ റിസർവിനെ ഒഴിവാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെയും ബിജെപി അംഗം വി. മുരളീധരന്റെയും ഭേദഗതികളും അംഗീകരിച്ചാണ് പ്രമേയം പാസാക്കിയത്.
Tags : EcologicallySensitiveAreas WesternGhats AgriculturalLand KeralaNiyamaSabha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash