എബിന് ബി. പോൾ
കൊച്ചി: എറണാകുളം മാര്ക്കറ്റിലെ കടവുഭാഗം സിനഗോഗ് ആക്രമണക്കേസിലെ തീവ്രവാദ ബന്ധം പ്രത്യേക സംഘം അന്വേഷിക്കും. എറണാകുളം സെന്ട്രല് അസിസ്റ്റന്റ് കമ്മിഷണര് നേതൃത്വം നല്കുന്ന അന്വേഷണസംഘത്തിന് കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മിഷണര് മേല്നോട്ടം വഹിക്കും.
കേസില് അറസ്റ്റിലായ പുത്തന്കുരിശ് ഐക്കരനാട് സ്വദേശി എബിന് ബി. പോൾ, ബോസ് എന്നയാളുടെ നിര്ദേശത്തെത്തുടര്ന്നാണ് സിനഗോഗിന് തീ കൊളുത്തിയത്. അടുത്ത ലക്ഷ്യം വൈകാതെ അറിയിക്കാമെന്നാണ് ബോസ് എബിനു നല്കിയിരുന്ന നിര്ദേശം. ഇക്കാര്യങ്ങളടക്കം അന്വേഷണസംഘം പരിശോധിക്കുകയാണ്. കസ്റ്റഡിയില് ലഭിച്ച പ്രതിയെ പൊലിസ് ചോദ്യംചെയ്തു.
ചാറ്റുകളില്നിന്നു നിര്ണായക വിവരങ്ങള് ലഭിച്ചതായാണു വിവരം. പിടികൂടിയ ഡിജിറ്റല് തെളിവുകളുടെ മിറര് ഇമേജ് ഫോറന്സിക് ലാബില്നിന്ന് പൊലിസിനു കൈമാറി. ഇതും പരിശോധിക്കുന്നുണ്ട്.
യുകെ സന്ദര്ശനത്തിനു ശേഷമാണ് പ്രതി ബോസുമായി ചാറ്റുകള് നടത്തിയിരിക്കുന്നത്. ബോസിനെ പരിചയപ്പെട്ടത് യുകെയില് വച്ചാകാമെന്നാണ് പൊലിസ് അനുമാനം. ലഹരി ഉപയോഗിച്ചിരുന്ന പ്രതിയെ നിരീക്ഷിച്ചശേഷം അത്തരത്തില് കൃത്യത്തിനായി സമീപിച്ചതാണോയെന്നും പൊലിസ് സംശയിക്കുന്നുണ്ട്.
ബോസിനായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ടെലിഗ്രാമില്നിന്നടക്കം വിവരങ്ങള് പൊലിസ് തേടിയിട്ടുണ്ട്. ഇയാളുടെ യഥാര്ഥ പേര് അറിയില്ലെന്നാണ് എബിന് അന്വേഷണസംഘത്തോട് ആവര്ത്തിക്കുന്നത്.
എന്നാല്, ഇയാളുടെ ചാറ്റുകളിലുള്ള ബോസിന്റെ പ്രൊഫൈല് ചിത്രത്തില് രണ്ട് അക്ഷരങ്ങള് മാത്രമാണുള്ളത്. മൂവാറ്റുപുഴയിലടക്കം പ്രതി നടത്തിയ ആക്രമണങ്ങള് പരീക്ഷണങ്ങളായിരുന്നുവെന്നാണ് പൊലിസ് നല്കുന്ന സൂചന.
സിനഗോഗിനു തീ വച്ചതിന് എബിനു ലഭിച്ച പണത്തിന്റെ സ്രോതസ്, ഇതിന്റെ മറ്റു വിവരങ്ങള്, അയച്ച വ്യക്തികള് തുടങ്ങിയ കാര്യങ്ങളും അന്വേഷണപരിധിയിലുണ്ട്. സാമ്പത്തികശേഷിയുള്ള പ്രതി പണം വാങ്ങിയതിനു പിന്നിലെ കാര്യങ്ങളും പരിശോധിക്കുന്നു. അതിനിടെ, ഫോര്ട്ട്കൊച്ചി കോഡര് ഹൗസിലെ തീപിടിത്തത്തിനു പിന്നിലും ഈ സംഘമാണോ എന്നു പൊലിസ് സംശയിക്കുന്നു.
എബിന് ഇതുവരെ നടത്തിയ ആക്രമണങ്ങള്, സംഘത്തിന്റെ ഭാവി പദ്ധതികള് തുടങ്ങിയവയിലും അന്വേഷണമുണ്ടാകും. തീവ്രവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തില് അതീവ കരുതലോടെയാണ് പൊലിസിന്റെ സമീപനം.
Tags : SynagogueAttack SpecialTeam Investigation Boss Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash AbinPaul