പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കൊണാട്ട് പ്ലേസ് സെൻട്രൽ പാർക്കിൽ16ന് കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജിത് ദിപ്കെയും പ്രവർത്തകരും നടത്താനിരിക്കുന്ന പ്രതിഷേധം തടയാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി. അതേസമയം പ്രതിഷേധം നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് പൊലിസ് നൽകിയ ഉറപ്പ് കോടതി ഉത്തരവിൽ രേഖപ്പെടുത്തി.
പ്രതിഷേധം നിയന്ത്രിക്കാൻ പൊലിസിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കൊണാട്ട് പ്ലേസിലെ കച്ചവടക്കാരനായ അനിൽ കുമാർ ഗുപ്ത സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഉത്സവകാലത്ത് പ്രതിഷേധങ്ങളും തുടർന്നുണ്ടാകുന്ന കടയടപ്പുകളും വ്യാപാരത്തെ ബാധിക്കും. ഇത് വ്യാപാരികൾക്കും തെരുവുകച്ചവടക്കാർക്കും സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ഹർജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
കൊണാട്ട് പ്ലേസ് പ്രതിഷേധങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലമല്ല. സെൻട്രൽ പാർക്കിൽ സമരം നടത്തുന്നത് പ്രദേശത്തെ വ്യാപാരത്തെ സാരമായി ബാധിക്കുമെന്നും ഹർജിക്കാരൻ വാദിച്ചു. ദസറ വാരാന്ത്യമായതിനാൽ പ്രതിഷേധം തടയണമെന്നും ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിജെപിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഹർജിക്കാരന്റെ ആശങ്കകൾ പരിഹരിക്കുമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
ആവശ്യമെങ്കിൽ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ആക്ടിംഗ് ചീഫ് ജസ്റ്റീസ് നിതിൻ വസുദേവ് സാംബ്രെ, ജസ്റ്റീസ് സഞ്ജയ് ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പ്രതിഷേധം തടയാൻ പ്രത്യേക നിർദേശം നൽകണമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വീണ്ടും ആവശ്യപ്പെട്ടപ്പോൾ നിർബന്ധം പിടിക്കരുത് ഞങ്ങൾ ഉത്തരവ് പുറപ്പെടുവിച്ചുകഴിഞ്ഞുവെന്ന് ബെഞ്ച് വ്യക്തമാക്കി. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി നവംബർ മൂന്നിലേക്ക് മാറ്റി.
Tags : Delhi High Court Connaught Place Protest CJP Abhijit Dipke Central Park Protest