അഭിജിത് ദീപ്കെ.
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് രാഷ്ട്രപതിക്കുപോലും ലഭിക്കാത്ത തരത്തിലുള്ള അസാധാരണ സംരക്ഷണമാണ് കേന്ദ്രസർക്കാർ നൽകുന്നതെന്ന് സിജെപി കൺവീനർ അഭിജിത് ദീപ്കെ. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ പിണറായി വിജയൻ ഉൾപ്പെടെയുള്ള മുൻ മുഖ്യമന്ത്രിമാരെപ്പോലും പൊലിസ് കസ്റ്റഡിയിലെടുക്കുന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. എന്തിനാണ് ഗ്യാനേഷ് കുമാറിന് ഇത്രയധികം സുരക്ഷയൊരുക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി ജെപി, എസ്എഫ്ഐ, എഐഎസ്എഫ് എന്നീ സംഘടനകൾ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് അഭിജിത് ദീപ്കെ കേന്ദ്രസർക്കാരിനെതിരെ വിമർശനമുന്നയിച്ചത്. തെരഞ്ഞെടുപ്പിൽ മോദിയെ സഹായിച്ചതിനുള്ള പ്രത്യുപകാരമാണോ ഗ്യാനേഷ് കുമാറിന് നൽകുന്ന ഈ സംരക്ഷണമെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്ത് വൺ നേഷൻ വൺ ഇലക്ഷൻ എന്നതിനപ്പുറം വൺ നേഷൻ വൺ പാർട്ടി എന്ന അജണ്ട നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും ജനകീയ പ്രതിഷേധങ്ങളെ മോദി ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
2014ൽ കോൺഗ്രസ് സഖ്യവും എൻഡിഎയും തമ്മിലുള്ള വോട്ടുവിഹിതത്തിലെ വ്യത്യാസം ഏകദേശം രണ്ട് ശതമാനം മാത്രമായിരുന്നുവെന്ന് അഭിജിത് ദീപ്കെ ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 13 കോടി വോട്ടർമാരെ പട്ടികയിൽനിന്ന് നീക്കിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. 2014ലെ വോട്ടർപട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ ഈ എണ്ണം അന്നത്തെ ആകെ വോട്ടർമാരുടെ ഏകദേശം 14 ശതമാനം വരുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ശതമാനം വോട്ടുവ്യത്യാസം പോലും തെരഞ്ഞെടുപ്പ് വിജയപരാജയങ്ങൾ നിർണയിക്കുന്ന സാഹചര്യത്തിൽ ഇത്രയധികം പേരെ പട്ടികയിൽനിന്ന് നീക്കിയതിനെ ഗൗരവമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിഷേധക്കാരെയും മാധ്യമപ്രവർത്തകരെയും ഒരു രേഖയും അവശേഷിപ്പിക്കാത്ത വിധം വേട്ടയാടാനാണ് നീക്കം. ഇതിനെതിരെ എല്ലാവരും ഒത്തൊരുമിച്ച് പൊരുതണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു. ജന്തർമന്തറിലെ വിലക്കുകൾക്ക് പുല്ലുവില കൽപ്പിച്ച് വെള്ളിയാഴ്ച ദേശീയപതാകയുമായി വീണ്ടും വലിയ തോതിൽ പ്രതിഷേധിക്കുമെന്ന് സിജെപി നേതാക്കൾ പ്രഖ്യാപിച്ചു. മോദിയുടെ കസേര തെറിപ്പിച്ച് ഗ്യാനേഷിനെ ജയിലിൽ അടയ്ക്കും വരെ പോരാട്ടം തുടരാനും ആഹ്വാനം ചെയ്തു.
അതേസമയം വാർത്താസമ്മേളനത്തിനിടെ ഐസ നേതാവ് നേഹ ബോറ സംസാരിക്കുന്നതിനിടെ റിപ്പബ്ലിക് ചാനലിലെ മാധ്യമപ്രവർത്തകൻ ബഹളം വെച്ചതിനെത്തുടർന്ന് നേരിയ സംഘർഷാവസ്ഥയുണ്ടായി. സർക്കാരിനും പൊലിസിനുമെതിരായ വിമർശനങ്ങൾ തടസപ്പെടുത്താൻ മാധ്യമപ്രവർത്തകൻ ശ്രമിച്ചെന്നാണ് റിപ്പോർട്ടുകൾ. മറ്റ് മാധ്യമപ്രവർത്തകർ ശക്തമായി രംഗത്തെത്തിയതോടെയാണ് സാഹചര്യം ശാന്തമായത്.
തുടർന്ന് സംസാരിച്ച നേഹ ബോറ, പ്രതിഷേധക്കാരെയും മാധ്യമപ്രവർത്തകരെയും മണിക്കൂറുകളോളം കസ്റ്റഡിയിൽവയ്ക്കുന്നതിനെ വിമർശിച്ചു. കസ്റ്റഡിയിലെടുക്കുന്ന യുവതികൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നതായും അവർ ആരോപിച്ചു. പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അതിൽ ഭയന്ന് പിന്നോട്ടുപോകില്ലെന്നും നേഹ ബോറ വ്യക്തമാക്കി.
ജന്തർ മന്തറിൽ ദേശീയപതാക വീശിയതിനെ കുറ്റകരമായി കണ്ട നടപടിയെയും നേതാക്കൾ ചോദ്യം ചെയ്തു. പ്രതിഷേധിക്കാനുള്ള അവകാശം തടയുന്ന നടപടികൾ അംഗീകരിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി.
Tags : Abhijit Deepke Gyanesh Kumar Chief Election Commissioner Election Commission of India