തോമസ് ഐസക്
തിരുവനന്തപുരം: കിഫ്ബി നിർത്തലാക്കുന്നത് കേരളത്തിന്റെ പശ്ചാത്തല വികസനത്തിന് വലിയ ആഘാതമാകുമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ബജറ്റിലെ പണം മാത്രം ഉപയോഗിച്ച് പശ്ചാത്തല വികസന പദ്ധതികൾ നടപ്പാക്കാനാകില്ലെന്നും കിഫ്ബി ഇല്ലാതായാൽ സർക്കാർ പ്രഖ്യാപിച്ച പദ്ധതികളിൽ പകുതിയോളം നടപ്പാക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായ്പയെടുക്കുന്നതിലെ സാങ്കേതിക പരിമിതികൾ മറികടക്കുന്നതിനാണ് കിഫ്ബി രൂപീകരിച്ചതെന്ന് തോമസ് ഐസക് വ്യക്തമാക്കി. കിഫ്ബിയുടെ വിശ്വാസ്യത സർക്കാർ തന്നെ തകർത്തുവെന്നും അദ്ദേഹം ആരോപിച്ചു. കിഫ്ബിയുടെ കൈവശം 30,000 കോടി രൂപ പണമായും നിക്ഷേപമായും ഉണ്ടെന്നും ഇതാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. കിഫ്ബി പദ്ധതികളിൽ അഴിമതിയുണ്ടെങ്കിൽ ഏത് അന്വേഷണവും നടത്തട്ടെയെന്നും തോമസ് ഐസക് പറഞ്ഞു.
കിഫ്ബിയിൽ സമഗ്ര പൊളിച്ചെഴുത്ത് നിർദേശിക്കുന്ന വിദഗ്ധസമിതി റിപ്പോർട്ട് നിയമസഭയിൽ വെച്ചിരുന്നു. നിലവിലെ രീതിയിൽ കിഫ്ബി തുടരേണ്ടതില്ലെന്നാണ് സമിതിയുടെ ശിപാർശ. കിഫ്ബി സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കിഫ്ബിയുടെ കടമെടുപ്പ് അവസാനിപ്പിക്കണമെന്നും നിലവിൽ തുടരുന്ന പദ്ധതികളിൽ സമഗ്ര പരിശോധന നടത്തണമെന്നും വിദഗ്ധസമിതി ശിപാർശ ചെയ്തിട്ടുണ്ട്.
കിഫ്ബിയുടെ ഭൂമിയേറ്റെടുക്കൽ നടപടികളിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കണ്ണൂരിൽ 3,829 ഏക്കർ ഭൂമി 9,572 കോടി രൂപയ്ക്ക് ഏറ്റെടുത്തതിൽ സമഗ്ര അന്വേഷണം വേണമെന്നാണ് സമിതിയുടെ നിർദേശം. ഭൂമിയുടെ വിലയുടെ അഞ്ചിരട്ടി നൽകിയെന്ന ആരോപണവും റിപ്പോർട്ടിലുണ്ട്. കിഫ്ബി നിർത്തലാക്കുന്നത് സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്ന തോമസ് ഐസക് പറഞ്ഞു.
Tags : KIIFB Thomas Isaac KIIFB Crisis Kerala Infrastructure Development Kerala Government V.D. Satheesan KIIFB Projects