സോഡ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം.
കോട്ടയം: സോഡ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. വൈക്കത്ത് സോഡ ഗ്യാസും ഓക്സിജൻ സിലിണ്ടറുകളും വിതരണം ചെയ്യുന്ന സ്ഥാപനത്തിലുണ്ടായ സംഭവത്തിൽ പോളശ്ശേരി സ്വദേശിനി ലിപ (49) നാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടസമയത്ത് ലിപയെ കൂടാതെ സ്ഥാപന ഉടമയും മറ്റൊരു ജീവനക്കാരനായ സജിയും കടയിലുണ്ടായിരുന്നു. വലിയ സ്ഫോടനശബ്ദത്തോടെ സിലിണ്ടർ പൊട്ടിത്തെറിച്ചതോടെ കടയിലും പരിസരത്തും പുക നിറഞ്ഞു. സ്ഫോടനത്തെത്തുടർന്ന് കടയ്ക്കുള്ളിലുണ്ടായിരുന്ന കസേരകൾ പൊട്ടിച്ചിതറുകയും അലമാരയുടെ ചില്ലുകൾ തകരുകയും ചെയ്തു.
പൊട്ടിത്തെറിയിൽ സിലിണ്ടറുകൾ മറിഞ്ഞുവീണതോടെ അവയ്ക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു ലിപ. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ ബേക്കറിയുടെ ഭിത്തിയിൽ വിള്ളൽ വീഴുകയും ചുമരിലെ ടൈലുകൾ തകരുകയും ചെയ്തു. സംഭവത്തെത്തുടർന്ന് പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തി.
Tags : Soda Gas Cylinder Explosion Cylinder Blast Vaikom Accident