പ്രതീകാത്മക ചിത്രം
മുംബൈ: രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മുംബൈ-ബംഗളൂരു റൂട്ടിൽ സർവീസ് ആരംഭിക്കാനൊരുങ്ങുന്നു. ദസറയ്ക്ക് ശേഷം സർവീസ് തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. പ്രാദേശിക ഭക്ഷണവിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ട്രെയിനിലെ മെനു അന്തിമമാക്കിവരികയാണ്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ പരീക്ഷണയോട്ടം പൂർത്തിയാക്കിയിരുന്നു.
വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കുന്നതോടെ മുംബൈ-ബംഗളൂരു യാത്രാസമയം നിലവിലുള്ളതിനെക്കാൾ ആറു മണിക്കൂർ 20 മിനിറ്റും കുറയുമെന്നാണ് റിപ്പോർട്ട്. ഏകദേശം 1,000 കിലോമീറ്റർ ദൂരമാണ് ട്രെയിൻ പിന്നിടുക.
റിപ്പോർട്ടുകൾ പ്രകാരം മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ നിന്ന് രാത്രി 8.10ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 11.55ന് ബംഗളൂരുവിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനലിലെത്തും. ബംഗളൂരുവിൽ നിന്ന് വൈകുന്നേരം 7.50നായിരിക്കും മടക്കയാത്ര. പിറ്റേന്ന് രാവിലെ 11.55ന് ട്രെയിൻ മുംബൈയിലെത്തും. എന്നാൽ സമയക്രമം റെയിൽവേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ജോലി, വ്യവസായം, വിനോദസഞ്ചാരം തുടങ്ങിയ ആവശ്യങ്ങൾക്കായി ഇരു നഗരങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്നവർക്ക് പുതിയ സർവീസ് ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. ആഴ്ചയിൽ ആറു ദിവസം സർവീസ് നടത്തുമെന്നാണ് റിപ്പോർട്ടുകൾ. കല്യാൺ, പൂനെ, സോലാപുർ, കൽബുർഗി, റായ്ച്ചൂർ, ഗുണ്ടക്കൽ, അനന്തപുർ എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകുമെന്നും സൂചനയുണ്ട്.
Tags : Vande Bharat Sleeper Train Mumbai Bengaluru Train Indian Railways Vande Bharat Express Mumbai to Bengaluru Bengaluru to Mumbai