പ്രതീകാത്മക ദൃശ്യം
ന്യൂഡല്ഹി: ഡല്ഹിയിലെ ജന്തര് മന്തര് ഔദ്യോഗിക സമരകേന്ദ്രമല്ലാതാക്കി മാറ്റിയ നടപടിക്കെതിരെയുള്ള ഹര്ജിയില് കേന്ദ്രസര്ക്കാരിനും ഡല്ഹി പൊലിസിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചിയും മുകുന്ദ ശർമയും അടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
പ്രതിഷേധക്കാര്ക്ക് ഭരണാധികാരികളുടെ അടുത്ത് ശബ്ദം എത്തിക്കാന് കഴിയുന്ന ഇടമായിരിക്കണം സമരകേന്ദ്രമെന്ന് മുൻ ജഡ്ജിയും സീനിയർ അഭിഭാഷകയുമായ മുക്ത ഗുപ്ത വാദിച്ചു. 'കേൾക്കുക' എന്ന വാക്ക് സാങ്കേതികവിദ്യയുടെ കാഴ്ചപ്പാടില്ക്കൂടി മനസിലാക്കേണ്ടതുണ്ടെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു.
ഇതിനുപുറമേ, രാഹുല് ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതാക്കള് സമര്പ്പിച്ച ഹര്ജിയിലും സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനും മറ്റുള്ളവര്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാര്, കമ്മീഷണര്മാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവര്ക്കാണ് കോടതി നോട്ടീസ് അയച്ചത്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലേക്ക് നടത്തിയ മാർച്ചും ഹർജിയിൽ പരാമർശിക്കപ്പെട്ടു.
കോടതിയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ചൂണ്ടിക്കാണിച്ച അഭിഭാഷകരുടെ വാദത്തോട് പ്രതികരിച്ച കോടതി, തങ്ങൾ 'ദന്ത ഗോപുരങ്ങളിലല്ല' ഇരിക്കുന്നതെന്നും നിരീക്ഷിച്ചു. ജന്തര് മന്തര് വിഷയം സംബന്ധിച്ചുള്ള ഹര്ജികളില് കേന്ദ്രത്തിന്റെയും പൊലീസിന്റെയും ഔദ്യോഗിക മറുപടിയും കോടതി തേടിയിട്ടുണ്ട്.
Tags : SupremeCourt JantarMantar LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash