പ്രതീകാത്മക ചിത്രം
ചെന്നൈ: തമിഴ്നാട്ടില് ആര്എസ്എസിന്റെ റൂട്ട് മാര്ച്ചിന് തുടര്ച്ചയായി അനുമതി നിഷേധിക്കുന്നതില് സംസ്ഥാന സര്ക്കാരിനെതിരെ രൂക്ഷ വിമര്ശനവുമായി മദ്രാസ് ഹൈക്കോടതി. കോടതി വ്യക്തമായ നിര്ദേശങ്ങള് നല്കിയിട്ടും പൊലിസ് അനുമതി നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് വി ലക്ഷ്മിനാരായണന് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
ഭീകരവാദ ഭീഷണി നിലനില്ക്കുന്ന ജമ്മു കാഷ്മീരില് പോലും ആര്എസ്എസിന് മാര്ച്ച് നടത്താന് കഴിയുമെങ്കില്, തമിഴ്നാട്ടില് മാത്രം എന്തുകൊണ്ടാണ് ആവര്ത്തിച്ച് നിയന്ത്രണങ്ങള് ഏര്പ്പെടുത്തുന്നതെന്നും കോടതി ചോദിച്ചു.
ആര്എസ്എസിനെയും ദ്രാവിഡര് കഴകത്തെയും പരാമര്ശിച്ചുകൊണ്ട്, ഈ സര്ക്കാര് ഏത് ഘോഷയാത്രയ്ക്കും എതിരാണെന്നും പ്രതിഷേധങ്ങള്ക്ക് അനുമതി നിഷേധിക്കുന്നതിലൂടെ പൗരന്മാരെ ശത്രുക്കളെപ്പോലെയാണ് കാണുന്നതെന്നും കോടതി നിരീക്ഷിച്ചു. ആര്എസ്എസ് അംഗമായ വി ജി ജഗദീശന് സമര്പ്പിച്ച ഹര്ജി പരിഗണിക്കവെയായിരുന്നു പരാമര്ശങ്ങള്.
വലിയ സംഘടനകള്ക്ക് കോടതിയെ സമീപിച്ച് അനുമതി തേടാന് കഴിഞ്ഞേക്കുമെങ്കിലും, അതിനുള്ള സാമ്പത്തികമോ സംഘടനാ ശേഷിയോ ഇല്ലാത്ത ചെറുകിട സംഘടനകളുടെ അവസ്ഥ എന്താകുമെന്നും ഹര്ജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എന് എല് രാജ വാദിച്ചു.
ആർഎസ്എസ് പൊതുയോഗങ്ങൾ നടത്താൻ നിർദേശിച്ച സ്ഥലങ്ങൾ അത്തരം പരിപാടികൾക്കായി ഔദ്യോഗികമായി നിശ്ചയിച്ചിട്ടുള്ളവയല്ലാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്നാണ് സംസ്ഥാന സര്ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വിജയ നാരായൺ കോടതിയെ അറിയിച്ചത്. തുടര്ന്ന്, സമാധാനപരമായ റൂട്ട് മാര്ച്ചിന് അനുമതി നല്കുന്നതുമായി ബന്ധപ്പെട്ട് ചര്ച്ച നടത്തി റിപ്പോര്ട്ട് സമര്പ്പിക്കാന് കോടതി സംസ്ഥാന സര്ക്കാരിന് നിര്ദേശം നല്കി.
ഒക്ടോബർ 18, 25, നവംബർ 1 തീയതികളിലോ മറ്റ് അനുയോജ്യമായ ദിവസങ്ങളിലോ റൂട്ട് മാർച്ച് നടത്താൻ അനുമതി തേടിയാണ് ജഗദീശൻ കോടതിയെ സമീപിച്ചത്. ആർഎസ്എസിന് എല്ലാ വർഷവും മാർച്ചിന് അനുമതി നിഷേധിക്കപ്പെടുന്നുവെന്നും അനുമതിക്കായി വീണ്ടും വീണ്ടും കോടതിയെ സമീപിക്കേണ്ടിവരുന്നുവെന്നുമായിരുന്നു ജഗദീശനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എൻ എൽ രാജയുടെ വാദം.
വിജയദശമിയോടനുബന്ധിച്ച് സംഘടനയുടെ സ്ഥാപകദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് മാർച്ച് നടത്താൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ക്രമസമാധാന പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് അപേക്ഷകൾ നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി
Tags : MadrasHighCourt Vijay TVK Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash