ന്യൂയോർക്ക്: ലിയോ പതിനാലാമൻ മാർപാപ്പയുടെ സഹോദരനും അർബുദ ചികിത്സയിലെന്ന് റിപ്പോർട്ട്. മാർപാപ്പയുടെ മൂത്തസഹോദരനായ ലൂയിസ് പ്രെവോസ്റ്റാണ് അർബുദരോഗത്തിന് ചികിത്സയിൽ തുടരുന്നത്. മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചെന്നും ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്തെന്നും വത്തിക്കാൻ അറിയിച്ചതിന് പിന്നാലെയാണ് ഈ വിവരവും പുറത്തുവരുന്നത്.
ലൂയിസ് പ്രെവോസ്റ്റിന്റെ ഭാര്യ ഡെബോറ പ്രെവോസ്റ്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2017ലാണ് ആദ്യം രോഗം കണ്ടെത്തിയത്. തുടർന്ന് ചികിത്സ തേടിയെങ്കിലും മൂന്നുമാസം മുൻപ് വീണ്ടും രോഗം ബാധിച്ചെന്നും ചികിത്സയിലാണെന്നും അവർ വ്യക്തമാക്കി. വളരെ പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് കുടുംബം കടന്നുപോകുന്നത്. രണ്ട് സഹോദരങ്ങൾക്കും വേണ്ടി ധൈര്യം കൈവിടാതെ മുന്നോട്ടുപോവുകയാണെന്നും ലൂയിസ് പ്രെവോസ്റ്റിന്റെ ഭാര്യ പറഞ്ഞു.
കഴിഞ്ഞദിവസമാണ് ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായി വത്തിക്കാൻ അറിയിച്ചത്. വലത് ശ്വാസകോശത്തിന്റെ താഴെയുണ്ടായിരുന്ന മുഴ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തതായും വത്തിക്കാൻ അറിയിച്ചിരുന്നു. സുഖംപ്രാപിച്ച് വരുന്ന മാർപാപ്പ ഒരാഴ്ച കൂടി ആശുപത്രിയിൽ തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്.
Tags : Pope's Brother Cancer Treatment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews