കെഎസ്ആർടിസി
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കെഎസ്ആർടിസി പതിയെ കരകയറുന്നുണ്ടെന്നും നഷ് ടങ്ങളുടെ വളവ് തിരിഞ്ഞുവരികയാണെന്നും നിയമസഭയിൽ ഗതാഗത മന്ത്രി സി.പി. ജോൺ.
പൂർണമായി ലാഭത്തിലാണെന്നു പറയുന്നില്ലെങ്കിലും കുടിശികകളും കടങ്ങളും തീർക്കാൻ കഴിയുന്ന അവസ്ഥയിലേക്കു കോർപറേഷൻ വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
പുതിയ ബസുകൾ നിരത്തിലിറക്കാൻ എംഎൽഎമാർ ഉൾപ്പടെയുള്ളവർ സഹായിക്കണം. ഓരോ എംഎൽഎയും കുറഞ്ഞതു രണ്ട് ബസുകൾ വീതമെങ്കിലും നൽകാൻ തയാറാകണം. വ്യക്തികളും സ്ഥാപനങ്ങളും ഇപ്പോൾ കെഎസ്ആർടിസിക്ക് ബസുകൾ നൽകാൻ സ്വമേധയാ മുന്നോട്ടുവരുന്നുണ്ട്.
ഓരോ മന്ത്രിസഭാ യോഗം കഴിയുമ്പോഴും മുഖ്യമന്ത്രി കെഎസ്ആർടിസി ബസിനുള്ള ചെക്ക് ഏറ്റുവാങ്ങുന്ന ഒരു ചടങ്ങ് എന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയത് കേരള ചരിത്രത്തിൽ ആദ്യമാണെന്നും മന്ത്രി പറഞ്ഞു.
ബസ് വാങ്ങാനുള്ള സാമ്പത്തികബാധ്യത കുറച്ച് കൂടുതൽ വാഹനങ്ങൾ നിരത്തിലിറക്കുകയാണ് നിലവിലെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഓൺലൈൻ പോർട്ടൽ പണിമുടക്കിൽ ഇടപെടും
വാഹനസംബന്ധമായ സേവനങ്ങൾക്കായുള്ള കേന്ദ്രസർക്കാരിന്റെ ഓൺലൈൻ സംവിധാനം നിരന്തരം പണിമുടക്കുന്നത് ജനങ്ങൾക്കു വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഗതാഗതമന്ത്രി സി.പി. ജോൺ നിയമസഭയിൽ പറഞ്ഞു.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നയുടൻ ഇക്കാര്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അഞ്ച് മുതൽ 10 ദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് കേന്ദ്രം ഉറപ്പുനൽകിയെങ്കിലും ഇപ്പോഴും പകൽസമയങ്ങളിൽ സൈറ്റ് പണിമുടക്കുന്നത് തുടരുകയാണ്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ദില്ലിയിലെത്തിയപ്പോഴും ഈ വിഷയം ഉന്നയിച്ചിരുന്നു. ഞങ്ങളുടെ പരിധിയിലുള്ള കാര്യമല്ലെന്നു പറഞ്ഞ് കൈയൊഴിയാതെ പ്രശ്നപരിഹാരത്തിനായി നിരന്തര ഇടപെടൽ നടത്തുന്നുണ്ടെന്നും സി.പി. ജോൺ പറഞ്ഞു.
Tags : KSRTC Crisis Turning Corner CPJohn Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash