കേരള ഹൈക്കോടതി
കൊച്ചി: ഒഴിവുകൾ നികത്താനുണ്ടെന്നതിന്റെ മറവിൽ വഖഫ് ബോർഡിന്റെ സമ്പൂർണ പുനഃസംഘടന നിയമവിരുദ്ധമെന്ന് ഹൈക്കോടതിയിൽ വാദം.
ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളുടെ ഒഴിവ് നികത്താത്തതും ഷിയ, ബോറ, അഗഖാനി തുടങ്ങിയ വിഭാഗം പ്രതിനിധികളെ ഉൾപ്പെടുത്താത്തതും ചോദ്യം ചെയ്യുന്ന ഒരുകൂട്ടം ഹർജികൾ പരിഗണിക്കവേയാണു നിലവിലെ ബോർഡംഗങ്ങൾ ഈ വാദം ഉന്നയിച്ചത്.
കോടതിയുടെ ഉത്തരവുണ്ടെന്ന പേരിൽ സർക്കാർ ബോർഡിന്റെ സമ്പൂർണ പുനഃസംഘടനയ്ക്ക് മുതിരുന്നതായി വഖഫ് ബോർഡും അംഗങ്ങളും ആരോപിച്ചു. നിലവിലുള്ള ബോർഡിൽ ഒഴിവുകളുണ്ടെങ്കിൽ അവ നികത്താനുള്ള നടപടികൾ മാത്രമേ കോടതിയുടെ മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കാനാകൂ. ഇതിനെ ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള അനുമതിയായി വ്യാഖ്യാനിക്കാനാകില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
അതേസമയം, സർക്കാരിന്റെയും മറ്റു കക്ഷികളുടെയും വാദങ്ങളും അവർ നൽകിയ ഉറപ്പുകളും രേഖപ്പെടുത്തുക മാത്രമാണു ചെയ്തതെന്നും ബോർഡ് പ്രവർത്തനക്ഷമമായിരിക്കണമെന്ന നിർദേശം മാത്രമാണു കോടതി നൽകിയിട്ടുള്ളതെന്നും ചീഫ് ജസ്റ്റീസ് സൗമെൻ സെൻ, ജസ്റ്റീസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിനാൽ ഹർജികളിൽ തീരുമാനമെടുത്തിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
ഇക്കാര്യത്തിൽ വിശദീകരണം നൽകി സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോടു നിർദേശിച്ച കോടതി ഹർജി 28ന് പരിഗണിക്കാനായി മാറ്റി.
Tags : WaqfBoard Members Reconstitution Illegal KeralaHighCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash